മീന്‍ വിഭവങ്ങള്‍ പലതും നിങ്ങള്‍  കഴിച്ചുകാണും എന്നാല്‍ മീനില്‍ ഇങ്ങനൊരു വെറൈറ്റി ആരും സ്വപ്‌നത്തില്‍ പോലും കണ്ട് കാണില്ല. കിളിമീന്‍ അല്ലെങ്കില്‍ കണമ്പ് മീന്‍ കഴുകി വൃത്തിയാക്കി വരഞ്ഞതിനു ശേഷം ഒരു ടിഷ്യു വച്ചു  ജലാംശം ഒപ്പിയെടുക്കുക.

മീനില്‍ പുരട്ടാനുള്ള മസാല 

 1. പച്ചമഞ്ഞള്‍ അരച്ചത് - 10 gm (ലഭ്യമല്ലങ്കില്‍ മഞ്ഞള്‍പൊടി )
 2. കുരുമുളക് ചതച്ചത് - 10 gm
 3. പെരുംജീരകം ചതച്ചത് - 3 gm  
 4. വെളുത്തുള്ളി ചതച്ചത് -5 gm 
 5. ഇഞ്ചി ചതച്ചത് -   5 gm 
 6. കറിവേപ്പില പൊടിയായി അരിഞ്ഞത്- ആവശ്യത്തിന് 
 7. നാരങ്ങനീര് - അരമുറി 
 8. കല്ലുപ്പ് - ആവശ്യത്തിന് 
 9. എണ്ണ - 10 ml 

ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും യോജിപ്പിച്ച് മീനില്‍ പുരട്ടി കുറഞ്ഞത് രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.

തക്കാളി സാമ്പല്‍

 1. അധികം പഴുക്കാത്ത പല  നിറത്തിലുള്ള തക്കാളി ക്യൂബ്‌സ് ആയി മുറിച്ചത്- 200 gm 
 2. കുക്കുംബര്‍ ചെറിയ ക്യൂബ്‌സ് ആയി മുറിച്ചത് - 50 gm 
 3. ചെമന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് - 3 എണ്ണം 
 4. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്- 2 എണ്ണം 
 5. തേങ്ങ പീര - 20 gm 
 6. നാരങ്ങാനീര് - അരമുറി 
 7. കുരുമുളക് പൊടി - 2 gm 
 8. കല്ലുപ്പ്- ആവശ്യത്തിന് 
 9. ഉണക്കമീന്‍ പൊടി - 2gm (ഓപ്ഷണല്‍ ) 

ഒരു പാത്രത്തില്‍ ചേരുവകളെല്ലാം നന്നായി മിക്‌സ് ചെയ്യുക 

മീന്‍ ഗ്രില്‍ ചെയ്യാന്‍ 

ചൂടാക്കിയ നോണ്‍സ്റ്റിക് പാനില്‍ അല്‍പ്പം എണ്ണ  ഒഴിച്ചു  മീന്‍ രണ്ടു മിനിറ്റ് വീതം ഓരോ വശവും ഗ്രില്‍ ചെയ്യുക. പിന്നീട്  നേരത്തെ ചൂടാക്കിയ ഓവനില്‍ 180 ഡിഗ്രി ചൂടില്‍ ഏഴു മിനിട്ടു ഗ്രില്‍ ചെയ്തു ചൂടോടെ സാമ്പലുമായി കഴിക്കാം! ഓവനില്ലെങ്കില്‍ പാനില്‍ തന്നെ മീന്‍ ഗ്രില്‍ ചെയ്‌തെടുക്കാം. അലങ്കരിക്കാനായി അരമുറി നാരങ്ങാ നന്നായി ചൂടായ പാനില്‍ ഒരു മിനിട്ടു ചുട്ടെടുത്തു ഉപ്പ് ചേര്‍ത്ത് മീനിനോടൊപ്പം വയ്ക്കുക  

ശ്രദ്ധിയ്ക്കുക 

മീനിന്റെ  തൊലി പോകാതിരിക്കാന്‍ ഓരോ വശവും ഗ്രില്‍ ചെയ്യുമ്പോള്‍ പാന്‍ അടുപ്പില്‍ നിന്നും മാറ്റി ഒരല്പം തണുത്തതിന് ശേഷം തിരിച്ചിടുക.

Content Highlight: BBC masterchef fame Suresh Pillai grilled fish with turmeric  fish with pacha manjal