ണ്ടൊക്കെ പറമ്പില്‍ നിറയെ തകരച്ചെടി തഴച്ചങ്ങനെ വളരുമായിരുന്നു. മുട്ടിനു താഴെ എത്തുന്ന തകരച്ചെടി കൂട്ടങ്ങളും അതിന്റെ മഞ്ഞപ്പൂക്കളും ചവര്‍പ്പ് രുചിയുള്ള കായ്കളും കഞ്ഞീം കറീം വെച്ചുകളിക്കുമ്പോഴുള്ള കൂട്ടാന്‍കറികളായിരുന്നു ഞങ്ങള്‍ കുട്ട്യോള്‍ക്ക്. പിന്നെയെപ്പോഴോ അമ്മമ്മ ഉണ്ടാക്കിത്തന്ന തോരനിലൂടെയാണ് തകര കളിക്കാന്‍ മാത്രമുള്ളതല്ല കറിവെക്കാന്‍ കൂടിയുള്ളതാണെന്ന് മനസ്സിലായത്. പിന്നെ അങ്ങോട്ട് കാലകാലങ്ങളായി തകരത്തോരന്‍ ഉച്ചയൂണിനൊപ്പം പ്ലേറ്റിലും പതിവ് കാഴ്ചയായി. ഇന്നിപ്പോള്‍ പറമ്പിന്റെ ഏതെങ്കിലും കോണില്‍ പേരിന് ഒന്നോ രണ്ടോ ചെടി കണ്ടാലായി. അങ്ങനെ ഒരു ചെടി കണ്ടപ്പോള്‍ പറിച്ചെടുത്ത തകരകൊണ്ടുള്ള തോരനും കപ്പക്ക എന്ന് ഞങ്ങള്‍ പറയുന്ന പപ്പായ കൊണ്ടുള്ള പച്ചടിയും മീന്‍ പൊരിച്ചതും ഭംഗിക്കൊരു ഉപ്പുമാങ്ങയുമാണ് ഇന്നത്തെ ലഞ്ച് ബോക്‌സില്‍..

തകരത്തോരന്‍

 • അധികം മൂക്കാത്ത തകരയില- ആവശ്യത്തിന്
 • എണ്ണ,വറ്റല്‍ മുളക്, വെളുത്തുള്ളി, അല്‍പം അരിമണി- താളിക്കാന്‍ ആവശ്യമുള്ളത്
 • ഉപ്പ് ആവശ്യത്തിന്
 • അല്‍പം തേങ്ങ ചിരകിയത്

നന്നായി കഴുകി വൃത്തിയാക്കിയ തകരയില തോരന്റെ പാകത്തിന് ചെറുതായി അരിഞ്ഞെടുക്കുക. 
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് വറ്റല്‍ മുളക്, വെളുത്തുള്ളി, കുറച്ച് അരിമണി എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കാം. ഇതിലേക്ക് അരിഞ്ഞുവെച്ച തകര ചേര്‍ത്ത് നന്നായി ഇളക്കികൊടുക്കാം. ആവശ്യമെങ്കില്‍ തകര വേവിക്കാന്‍ അല്‍പം വളരെ കുറച്ച് വെള്ളം ചേര്‍ക്കാം. പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിച്ചെടുത്താല്‍ മതിയാവും. പാകമാവുമ്പോള്‍ ചിരകിയ തേങ്ങ ചേര്‍ത്തിളക്കി തീയില്‍ നിന്നിറക്കി വെയ്ക്കാം. 

കപ്പക്ക( പപ്പായ) പച്ചടി

 • കപ്പക്ക- ഒന്ന്
 • പച്ചമുളക്- രണ്ട്- മൂന്ന് എണ്ണം
 • തൈര്- ഒരു കപ്പ്
 • തേങ്ങ ചിരവിയത്- ഒരു മുറി 
 • കടുക്
 • ഉപ്പ്- ആവശ്യത്തിന്
 • കറിവേപ്പില- രണ്ട് എണ്ണം
 • വറ്റല്‍മുളക്- ഒന്ന്
 • എണ്ണ

** തേങ്ങയും പച്ചമുളകും കറിവേപ്പിലയും മിക്‌സിയിലിട്ട് ഒന്ന് ഒതുക്കിയെടുക്കുക
** കടുകും ഇതുപോലെ മിക്‌സിയിലോ അരകല്ലിലോ ഇട്ട് ചെറുതായൊന്ന് പൊടിച്ചെടുക്കണം. 

പപ്പായ ചെറിയ കഷ്ണങ്ങളായി മുറിച്ച് അല്‍പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. പാകമാവുമ്പോള്‍ ഇതിലേക്ക് ഒതുക്കിയെടുത്ത തേങ്ങയും പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കണം. ഒരു തിള വന്ന കഴിയുമ്പോള്‍ ഇതിലേക്ക് തൈര് ചേര്‍ത്ത് കൊടുക്കാം. അടുത്ത തിള വരുന്നതിനു മുന്‍പ് കടുക് ഒതുക്കിയതും ചേര്‍ത്തിളക്കാം. ഉപ്പ് നോക്കാം, ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ക്കാം. തീയില്‍ നിന്നും ഇറക്കി വെയ്ക്കുക. ഇതിലേക്ക് കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കാം. 

Content Highlights: oval leaf fetid cassia, Simple Lunch Box Recipie