ണ്ണിമത്തന്‍ ധാരാളമായി ലഭിക്കുന്ന കാലമാണിത്. തണ്ണിമത്തന്റെ തോട് കറി വെയ്ക്കാനും തോരന്‍ വെയ്ക്കാനും നല്ലതാണ്. തണ്ണിമത്തന്റെ തോട് കൊണ്ടൊരു തോരനും ഒപ്പം ചേന മുളകിട്ടതും തയ്യാറാക്കിയാല്‍ ഉച്ചയ്ക്ക് ഊണ് അടിപൊളി

തണ്ണിമത്തന്‍ തൊണ്ട് തോരന്‍

 1. തണ്ണിമത്തന്‍ തൊണ്ട് -  ഒന്നിന്റെ പകുതി.
 2. തേങ്ങ ചിരകിയത്  - 1 കപ്പ്
 3. ചുവന്നുള്ളി  - 10 എണ്ണം
 4. പച്ചമുളക് - 1 എണ്ണം
 5. മുളക്‌പൊടി  - 1/2 ടീസ്പൂണ്‍
 6. മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
 7. കടുക് - 1 ടീസ്പൂണ്‍
 8. ജീരകം - 1/2 ടീസ്പൂണ്‍
 9. കറിവേപ്പില - 1 തണ്ട്
 10. വറ്റല്‍മുളക് - 2 എണ്ണം
 11. ഉപ്പ്  - പാകത്തിന്
 12. വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍

തണ്ണിമത്തന്‍ തൊണ്ട് തൊലി ചെത്തി അകത്തെ ചുവന്ന ഭാഗം മൊത്തമായി ചുരണ്ടി മാറ്റി ചെറുതായി അരിഞ്ഞു വെക്കുക. എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിയ ശേഷം ജീരകം, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിക്കുക.അതിലേക്ക് അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക്, തണ്ണിമത്തന്‍ തൊണ്ട് എന്നിവ ചേര്‍ത്ത് വഴറ്റി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക.ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ത്ത് കൊടുക്കാം.

മുക്കാല്‍ വേവായല്‍ അതിലേക്ക് മഞ്ഞള്‍പൊടി, മുളക്‌പൊടി, ചിരകിയ തേങ്ങ ചേര്‍ത്ത് യോജിപ്പിച്ചു അല്‍പസമയം കൂടി അടച്ചു വെച്ചു വേവിച്ചെടുക്കുക.

ചേന മുളകിട്ടത്

 1. ചേന ചതുരകഷണങ്ങള്‍ ആക്കിയത്  1 1/2 കപ്പ്
 2. ചുവന്നുള്ളി  6 എണ്ണം
 3. ഇഞ്ചി അരിഞ്ഞത്  2 ടീസ്പൂണ്‍
 4. വെളുത്തുള്ളി  4 എണ്ണം
 5. വാളന്‍പുലി  ഒരു ചെറുനാരങ്ങ വലുപ്പത്തില്‍
 6. കറിവേപ്പില  1 തണ്ട്
 7. പച്ചമുളക്  2 എണ്ണം
 8. മഞ്ഞള്‍പൊടി  1/2 ടീസ്പൂണ്‍
 9. മല്ലിപ്പൊടി  2 ടീസ്പൂണ്‍
 10. മുളക്‌പൊടി  2 ടീസ്പൂണ്‍
 11. ഉപ്പ്  പാകത്തിന്
 12. വെളിച്ചെണ്ണ  2 ടേബിള്‍സ്പൂണ്‍

പുളി അല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.ചേന ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക.ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി രണ്ടായി കീറിയ പച്ചമുളക്, കറിവേപ്പില ചേര്‍ത്ത് വഴറ്റി ചുവന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളക്‌പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചു പുളി പിഴിഞ്ഞ വെള്ളം കൂടെ ചേര്‍ത്ത് കൊടുക്കുക.
ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളക്കുമ്പോ വേവിച്ചു വച്ച ചേനയും പാകത്തിന് ഉപ്പും ചേര്‍ത്ത് അല്‍പസമയം കൂടി തിളപ്പിച്ചു അടുപ്പില്‍ നിന്നും മാറ്റാം.

Content Highlights: Lunch box recipes nadan recipe