രാവിലെ എഴുന്നേറ്റ് ഉച്ചയ്ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത് എപ്പോഴും തിരക്കിട്ടൊരു പണിയാണ്. എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നതും രുചികരവുമായ ഭക്ഷണമാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ചില ലഞ്ച് ബോക്‌സ് പരീക്ഷണങ്ങള്‍ നോക്കാം

കാബേജ് കാരറ്റ് തോരന്‍

 1. കാബേജ് - കാല്‍ കിലോ
 2. കാരറ്റ് - 2 എണ്ണം
 3. പച്ചമുളക് - 3
 4. ചുവന്നുള്ളി - 5
 5. തേങ്ങ ചിരകിയത് - 1 കപ്പ്
 6. ജീരകം - 1 ടീസ്പൂണ്‍
 7. ഉഴുന്ന് - 1 ടേബിള്‍സ്പൂണ്‍
 8. കടുക് - 1 ടീസ്പൂണ്‍ 
 9. വറ്റല്‍മുളക് - 2 എണ്ണം
 10. മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
 11. കറിവേപ്പില - 1 തണ്ട്
 12. ഉപ്പ് - ആവശ്യത്തിന്
 13. വെളിച്ചെണ്ണ - 1 1/2 ടേബിള്‍സ്പൂണ്‍
 • ചെറുതായി അരിഞ്ഞ കാബേജ്, കാരറ്റ്, പച്ചമുളക്, ചുവന്നുള്ളി, തേങ്ങ ചിരകിയത്, ഉപ്പ്, മഞ്ഞള്‍പൊടി, ജീരകം എന്നിവ യോജിപ്പിച്ചു വെക്കുക.
 • എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്ക് ഉഴുന്ന്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.
 • അതിലേക്ക് കാരറ്റ് കാബേജ് കൂട്ട് ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ അടച്ചു വച്ചു വേവിക്കുക.

മോര് കാച്ചിയത്

 1. തൈര് - 1 1/2 കപ്പ്
 2. ജീരകം - 1/4 ടീസ്പൂണ്‍
 3. ഇഞ്ചി - 1 ചെറിയ കഷണം
 4. പച്ചമുളക് - 2 എണ്ണം
 5. ചുവന്നുള്ളി - 2 എണ്ണം
 6. മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
 7. വറ്റല്‍മുളക് - 2
 8. കറിവേപ്പില - 1 തണ്ട്
 9. കടുക് - 1 ടീസ്പൂണ്‍
 10. ഉപ്പ് - ആവശ്യത്തിന് 
 11. വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
 • തൈര്, ഇഞ്ചി, പച്ചമുളക്, ജീരകം, മഞ്ഞള്‍പൊടി എന്നിവ മിക്‌സിയില്‍ അടിച്ചു വെക്കുക.
 • എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റല്‍മുളക്, കറിവേപ്പില, ചെറുതായി അരിഞ്ഞ ചുവന്നുള്ളി എന്നിവ മൂപ്പിച്ചു അതിലേക്ക് അടിച്ച തൈരും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചൂടാക്കി എടുക്കുക.തിളക്കരുത്. 


പച്ചക്കായ വറുത്തത് 

 1. പച്ചക്കായ - 1
 2. മുളക്‌പൊടി - 1 ടേബിള്‍സ്പൂണ്‍
 3. മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
 4. കായപ്പൊടി - 1/4 ടീസ്പൂണ്‍
 5. ജീരകം പൊടിച്ചത് - 1/4 ടീസ്പൂണ്‍
 6. ഉപ്പ് - ആവശ്യത്തിന്
 7. എണ്ണ - 2 ടേബിള്‍സ്പൂണ്‍
 • വട്ടത്തിലോ നീളത്തിലോ മുറിച്ച പച്ചക്കായയില്‍ മറ്റു ചേരുവകള്‍ പുരട്ടി എണ്ണയില്‍ വറുത്ത് എടുക്കുക.