ല്യാണം ഉറപ്പിച്ചു ചെക്കന്റെ വീട് കാണല്‍ ചടങ്ങ് കഴിഞ്ഞു വന്ന അമ്മായി, എന്നെ ഒന്ന് നുള്ളിയിട്ട് പറഞ്ഞു 'പെണ്ണെ അവിടെ ഒരു ഉഗ്രന്‍ കടപ്ലാവ് ഉണ്ട് , ഇനി നിനക്ക് ഇഷ്ടം പോലെ തിന്നാം'  എന്ന്. പിന്നെ അവിടെ അതുണ്ട്, ഇതുണ്ടു.. എന്നൊക്കെ ബാക്കി ഉള്ളവര്‍ പറയുന്നുണ്ടായിരുന്നെങ്കിലും, ആ കടപ്ലാവ് എന്റെ ഉള്ളില്‍ അങ്ങ് പൂത്തുലഞ്ഞു നിന്നു. അതിനിടയില്‍ ഭാവി അമ്മായിയമ്മ രണ്ടുമൂന്ന് ചക്കയൊക്കെ ഇടയ്ക്ക്  കൊടുത്തയച്ചു എന്നെ കൊതിപ്പിച്ചുകൊണ്ടേ ഇരുന്നു..അങ്ങനെ കല്യാണംകഴിഞ്ഞു, പിറ്റേന്നു മണവാട്ടിയെ കാണാന്‍ വന്നവരൊക്കെ തിരക്കി വന്നപ്പോള്‍ ഞാനതാ വായയും പൊളിച്ചു കടപ്ലാവിന്റെ ചുവട്ടില്‍.. നല്ല ഉയരത്തില്‍, പടര്‍ന്നു പന്തലിച്ചാണ് നില്‍പ്പ്.. തുടു തുടുത്ത ചക്കക്കുട്ടന്മാര്‍ അങ്ങനെ നില്‍ക്കുന്നു. എന്റെ നില്‍പ്പ് കണ്ടിട്ടാവണം എന്റെ കണവനും അമ്മയുമൊക്കെ നിന്ന് ചിരിക്കുന്നു. പെട്ടന്നാണ്, ഭര്‍ത്താവിന്റെ വീടാണ്, അടക്കം വേണം.. ഒതുക്കം വേണം.. ചൊല്ലുവിളി.. വേണം.. കാലിന്മേൽ കാല് കേറ്റി വെച്ച് ഇരിക്കരുത് എന്നൊക്കെയുള്ള അമ്മയുടെ ട്യൂഷന്‍പാഠങ്ങള്‍ ഓര്‍മ്മ വന്നത്.. പിന്നെ ഇല്ലാത്ത നാണം വരുത്തി അകത്തേക്ക് കേറിയപ്പോള്‍, എല്ലാ തരുണിമണികളും കൂട്ടച്ചിരി, അങ്ങനെ മണവാട്ടിയുടെ ചക്കപ്രേമംഅങ്ങനെ  പാട്ടായി കിട്ടി. പിന്നീട്, വീട്ടില്‍ വരുന്നവരൊക്കെ പ്ലാവില്‍ ചക്കയുണ്ടോ എന്ന് ചോദിക്കുന്നത് എന്റെ മുഖത്തു നോക്കിയായി.. അതൊന്നും നമ്മളെ ക്ഷീണിപ്പിച്ചില്ല, ഓരോ തവണ ചക്ക അറുത്തു ഇടുമ്പോഴും വറുത്തും, മെഴുക്കുവരട്ടി ഉണ്ടാക്കിയും, കറി വെച്ചും ഞാന്‍ എന്റെ ചക്കപ്രണയം നിലനിര്‍ത്തി കൊണ്ടേ ഇരുന്നു.. ആ പ്രണയം കൊണ്ട് വെച്ച വറുത്തരച്ച കടച്ചക്കക്കറി ആണ് ഇന്നത്തെ സ്‌പെഷ്യല്‍, കൂടെ കടപ്ലാവിനെ തന്നെ പുണര്‍ന്നു വളരുന്ന മത്തന്‍ ഇല കൊണ്ടൊരു തോരനും.

കടച്ചക്ക വറുത്തരച്ച കറി

 1. മൂത്ത കടച്ചക്ക   ഒന്ന് (1 കിലോ)
 2. നാളികേരം  അരമുറി 
 3. സവാള.       1
 4. തക്കാളി.     1
 5. ഇഞ്ചി          ചെറിയ കഷ്ണം
 6. വെളുത്തുള്ളി 6 അല്ലി
 7. ചെറിയ        ഉള്ളി നാല് 
 8. പച്ചമുളക്.   ഒന്ന്
 9. വേപ്പില.       ഒരു തണ്ട്
 10. മുളകുപൊടി ഒരു സ്പൂണ്‍
 11. മല്ലിപ്പൊടി.     അര സ്പൂണ്‍ 
 12. മഞ്ഞള്‍പ്പൊടി കാല്‍ സ്പൂണ്‍
 13. മസാലപൊടി ഒരു സ്പൂണ്‍
 14. പെരുംജീരകം അര സ്പൂണ്‍
 15. പട്ട ഒരു കഷണം
 16. ഏലക്ക 2
 17. ഗ്രാമ്പൂ-2
 18. ഉപ്പ്, വെളിച്ചെണ്ണ  ആവശ്യത്തിന് 
 • കടച്ചക്ക തൊലി ചെത്തി ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കുക.
 • ഒരു പാത്രത്തില്‍ സവാള അരിഞ്ഞതും അതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും, പച്ചമുളക് കീറിയതും, അരിഞ്ഞ കടച്ചക്ക കഷ്ണങ്ങളും, തക്കാളിയും  ഉപ്പും ചേര്‍ത്ത് വേവിക്കാന്‍ വെക്കുക.
 • ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് പട്ട ഗ്രാമ്പൂ ഏലക്കായ പെരുംജീരകം എന്ന എന്നിവ ചൂടാക്കി നാളികേരം ചിരകിയതും ചേര്‍ത്തു ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.
 • ഇറക്കാന്‍ നേരം മുളകുപൊടി മല്ലിപ്പൊടി മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടെ മൂപ്പിച്ചു തീ ഓഫ് ചെയ്യുക.
 • നാളികേരം തണുത്തതിനുശേഷം നല്ല പോലെ അരച്ചെടുക്കുക.
 • ഈ കൂട്ട് മുക്കാല്‍ വെന്ത കടച്ചക്കയിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേര്‍ത്ത് തിളക്കാന്‍ അനുവദിക്കുക . കടച്ചക്ക അധികം ഉടഞ്ഞു പോകാതെ നോക്കണം.
 • ശേഷം ഇതിലേക്ക് മസാലപ്പൊടി  ചേര്‍ത്ത് ഇളക്കുക.
 • കറി തിളച്ചു, കുറുകി വന്നാല്‍ ഇറക്കി ചെറിയുള്ളി മൂപ്പിച്ചു ചേര്‍ക്കാം .

മത്തന്‍ ഇല തോരന്‍

 1. അധികം മൂക്കാത്ത മത്തന്റെ ഇലകള്‍  2 പിടി
 2. നാളികേരം ചിരവിയത് ഒരുപിടി
 3. ചെറിയ ഉള്ളി   5
 4. വെളുത്തുള്ളി  3
 5. പച്ചമുളക്         2
 6. കടുക്               ഒരു നുള്ള്
 7. മഞ്ഞള്‍പൊടി ഒരു നുള്ള്
 8. വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്
 • മത്തന്‍ ഇല വൃത്തിയായി കഴുകി , വെള്ളം കളഞ്ഞു, തണ്ട്  കൂട്ടി ചെറുതാക്കി അരിയുക
 • ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ,ഉള്ളി, വെളുത്തുള്ളി,പച്ചമുളക് കീറിയത് എന്നിവ ചേര്‍ത്ത് മൂപ്പിച്ചു, മഞ്ഞള്‍പൊടി കൂടെ ചേര്‍ക്കുക.
 • ഇതിലേക്ക് നാളികേരം ചിരവിയതും, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരിഞ്ഞു വെച്ച ഇല ചേര്‍ത്ത്  ഇളക്കി, 2 മിനിറ്റു അടച്ചു വെച്ച് വേവിക്കുക. ശേഷം തുറന്നു വെച്ച് ഉലര്‍ത്തി എടുക്കാം.. (കൂടുതല്‍ വേവിക്കാത്തത് ആണ് ഉത്തമം)

Content Highlights: lunch box recipes