ചിക്കൻ എന്നത്തേയുംപോലെ വരട്ടിയും റോസ്റ്റ് ആക്കിയും ഫ്രൈ ചെയ്തുമൊക്കെ കഴിച്ച് മടുത്തെങ്കിൽ ഇന്നൊരു പരീക്ഷണം നടത്താം. ചിക്കനും  അച്ചിങ്ങയും ചേർത്തൊരു കിടിലൻ തോരൻ തയ്യാറാക്കാം. ഒപ്പം ​ഗ്രേവിക്കായി തക്കാളിയും പരിപ്പും ചേർത്ത് ഒരു പച്ചടിയും തയ്യാറാക്കാം. 

ചിക്കൻ അച്ചിങ്ങാ തോരൻ

ചേരുവകൾ

 • ചിക്കൻ എല്ലില്ലാതെ ചെറുതായി നുറുക്കിയത് - 1 1/2 കപ്പ്
 • അച്ചിങ്ങാ നീളത്തിൽ അരിഞ്ഞത് - 1 1/2 കപ്പ്
 • തേങ്ങ ചിരകിയത് - 1 കപ്പ്
 • സവാള - 2 എണ്ണം
 • ഇഞ്ചി - 1 ചെറിയ കഷ്ണം 
 • വെളുത്തുള്ളി - 6-7 അല്ലി
 • പച്ചമുളക് - 2
 • മുളക്പൊടി - 1/2 ടേബിൾസ്പൂൺ
 • മഞ്ഞൾപൊടി - 1/2 ടീസ്പൂൺ+ 1/2 ടീസ്പൂൺ
 • ഇടിച്ചമുളക് - 1 ടീസ്പൂൺ
 • പെരുംജീരകം - 1 ടീസ്പൂൺ
 • കടുക് - 1 ടീസ്പൂൺ
 • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
 • കറിവേപ്പില - 2 തണ്ട്
 • ഉപ്പ് - പാകത്തിന് 
 • lunch box

തയ്യാറാക്കുന്ന വിധം

ചിക്കൻ മുളകുപൊടി, 1/2 ടീസ്പൂൺ മഞ്ഞൾപൊടി അല്പം ഉപ്പ് എന്നിവ ചേർത്ത് പുരട്ടി വെക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പില ചേർത്ത ശേഷം മസാല പുരട്ടി വച്ച ചിക്കൻ ഇട്ടു വഴറ്റി അടച്ചു വച്ച് വേവിക്കുക. ചിക്കൻ പകുതി വെന്തു വരുമ്പോൾ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക. മൂത്തു വരുമ്പോൾ അരിഞ്ഞ അച്ചിങ്ങ ചേർത്ത് വീണ്ടും അടച്ചു വച്ചു വേവിക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. വെന്ത് വരുമ്പോൾ തേങ്ങ മഞ്ഞൾപൊടി, ഇടിച്ചമുളക് എന്നിവ യോജിപ്പിച്ചത് ചേർത്ത് ഇളക്കി അടച്ചു വച്ചു പച്ചമണം പോകുന്ന വരെ ചെറുതീയിൽ വേവിക്കുക.

തക്കാളി പരിപ്പ് പച്ചടി 

ചേരുവകൾ

 • തക്കാളി - 2 എണ്ണം വലുത്
 • തുവരപ്പരിപ്പ് - 2 ടേബിൾസ്പൂൺ
 • തേങ്ങ ചിരകിയത് - മുക്കാൽ കപ്പ്
 • തൈര് - 2 ടേബിൾസ്പൂൺ
 • മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
 • പച്ചമുളക് - 2 എണ്ണം
 • വറ്റൽമുളക് - 2 എണ്ണം
 • കടുക് - 1/2 ടീസ്പൂൺ
 • കറിവേപ്പില - 1 തണ്ട്
 • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
 • ഉപ്പ് - പാകത്തിന്

lunch box

തയ്യാറാക്കുന്ന വിധം

പരിപ്പ് കഴുകി 15 മിനിറ്റ് കുതിർത്തു വച്ച ശേഷം അരിഞ്ഞ തക്കാളി, പച്ചമുളക്,  ആവശ്യത്തിന് ഉപ്പ് അരക്കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിക്കുക. വെന്ത ശേഷം അതിലേക്ക് തേങ്ങ, മഞ്ഞൾപൊടി, 1 വറ്റൽമുളക് അരച്ചത് എന്നിവ ചേർത്ത് യോജിപ്പിച്ചു ചെറുതീയിൽ ഇളക്കുക. പച്ചമണം മാറിവരുമ്പോൾ ഉടച്ച തൈര് ചേർത്ത് ചൂടാക്കി അടുപ്പിൽ നിന്നും മാറ്റുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽമുളക് കറിവേപ്പില ചേർത്ത് മൂപ്പിച്ചു കറിയിൽ താളിച്ചു ചേർക്കുക

Content Highlights: lunch box recipes chicken recipes