ഉച്ചയ്ക്ക് ഊണിന് എന്ത് തയ്യാറാക്കുമെന്ന സംശയം മിക്ക വീട്ടമ്മമാർക്കും സാധാരണമാണ്. എളുപ്പത്തിൽ രുചികരമായ വിഭവം തയ്യാറാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വെണ്ടയ്ക്ക തീയലും പടവലം ഉണക്കച്ചെമ്മീൻ തോരനും അടിപൊളി കോംമ്പിനേഷനാണ്. പടവലങ്ങ ഇഷ്ടമില്ലാത്തവര്‍ക്കും ഈ വിഭവം ഇഷ്ടപ്പെടും. പ്രിയപ്പെട്ടതാവുമെന്ന് ഉറപ്പാണ്

വെണ്ടക്ക തീയൽ

 • വെണ്ടക്ക - 10-12 എണ്ണം
 • ചുവന്നുള്ളി - 10 എണ്ണം
 • തേങ്ങ ചിരകിയത് - 1 കപ്പ്
 • പച്ചമുളക് - 2 എണ്ണം
 • വാളൻപുളി - 1 ചെറുനാരങ്ങാ വലുപ്പത്തിൽ
 • മുളക്പൊടി - 3/4 ടേബിൾസ്പൂൺ
 • മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
 • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
 • ശർക്കര - 1 ടീസ്പൂൺ
 • കറിവേപ്പില - 1 തണ്ട്
 • വറ്റൽമുളക് - 3 എണ്ണം
 • കടുക് - 1 ടീസ്പൂൺ
 • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
 • ഉപ്പ് - പാകത്തിന്

പുളി അല്പം വെള്ളത്തിൽ ഇട്ടു വെക്കുക.
ചിരകിയ തേങ്ങ അല്പം എണ്ണ ചേർത്ത് ചുവക്കെ വറുക്കുക.
നന്നായി മൂത്തുവരുമ്പോൾ അതിലേക്ക് മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി മൂപ്പിക്കുക.
ശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു, വറ്റൽമുളക്, കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ചുവന്നുള്ളി രണ്ടായി മുറിച്ചത്, രണ്ടായി പിളർന്ന പച്ചമുളക് ചേർത്ത് വഴറ്റുക, ഒപ്പം തന്നെ വെണ്ടക്ക കഷ്ണങ്ങൾ കൂടെ ചേർത്ത് വഴറ്റുക.
3 മിനുട്ട് വഴറ്റിയ ശേഷം അരച്ചു വച്ച അരപ്പും പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
വെന്ത് ചാറ് കുറുകി വരുമ്പോൾ ശർക്കര കൂടി ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും മാറ്റാം

പടവലം ഉണക്കച്ചെമ്മീൻ തോരൻ

 • പടവലങ്ങ കനം കുറച്ചു അരിഞ്ഞത് - 1 1/2 കപ്പ്
 • വൃത്തിയാക്കിയ ഉണക്കച്ചെമ്മീൻ - 3/4 കപ്പ്
 • തേങ്ങ ചിരകിയത് - 1/2 കപ്പ്
 • പച്ചമുളക് - 2 എണ്ണം
 • സവാള - 1
 • വെളുത്തുള്ളി - 1 അല്ലി
 • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
 • ജീരകം - 1/2 ടീസ്പൂൺ
 • കടുക് - 1/2 ടീസ്പൂൺ
 • വറ്റൽമുളക് - 2 എണ്ണം
 • കറിവേപ്പില - 1 തണ്ട്
 • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
 • ഉപ്പ് - പാകത്തിന്

അരിഞ്ഞ പടവലം, സവാള, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ജീരകം, ഉപ്പ് എന്നിവ കൈ കൊണ്ട് തിരുമ്മി യോജിപ്പിച്ചു വെക്കുക.
കഴുകി വൃത്തിയാക്കിയ ഉണക്കച്ചെമ്മീൻ അല്പം എണ്ണയിൽ വറുത്തു മാറ്റി വെക്കുക.
ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു, വറ്റൽമുളക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക.
അതിലേക്ക് പടവലം കൂട്ട് ചേർത്ത് ഇളക്കി അടച്ചു വെച്ചു ചെറുതീയിൽ വേവിക്കുക.
ഇടക്കിടെ ഇളക്കി കൊടുക്കുക.
മുക്കാൽ വേവായാൽ വറുത്തു വച്ച ഉണക്കച്ചെമ്മീൻ കൂടി ചേർത്ത് യോജിപ്പിച്ചു അടച്ചു വച്ചു അൽപസമയം കൂടി ചെറുതീയിൽ വേവാൻ വെക്കുക.

Content Highlights: Lunch box recipes