ത്തിരിക്ക പുളിങ്കറിയും നാടന്‍ ചക്കകുരു മാങ്ങയും അടിപൊളി കോംമ്പിനേഷനാണ്. ഊണ് തയ്യാറാക്കുമ്പോള്‍ ഇവ രണ്ടും പരീക്ഷിക്കാം

കത്തിരിക്ക പുളിങ്കറി

ചേരുവകള്‍

 1. കത്തിരിക്ക - 200 ഗ്രാം
 2. സവാള - 3
 3. ഇഞ്ചി വെളുത്തുള്ളി ചതച്ചത്  - 1 1/2 ടേബിള്‍ സ്പൂണ്‍
 4. പച്ചമുളക് - 2
 5. മുകക് പൊടി - 1 ടേബിള്‍ സ്പൂണ്‍
 6. മല്ലിപ്പൊടി - 1/2 ടേബിള്‍ സ്പൂണ്‍
 7. മഞ്ഞള്‍ പൊടി - 1/2 ടീ സ്പൂണ്‍
 8. ഗരം മസാല പൊടിച്ചത് - 1 ടീ സ്പൂണ്‍
 9. ജീരകം പൊടിച്ചത് - ഒരു നുള്ള്
 10. ഉലുവ പൊടിച്ചത് - 1 നുള്ള്
 11. കടുക്
 12. വാളന്‍ പുളി - 1 നാരങ്ങാ വലുപ്പത്തില്‍
 13. പഞ്ചസാര/ശര്‍ക്കര - 1 ടീ സ്പൂണ്‍
 14. ഉപ്പ് - ആവശ്യത്തിന് 
 15. എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
 
കത്തിരിക്ക കനം കുറച്ചു നീളത്തില്‍ അരിഞ്ഞു ചൂടായ എണ്ണയില്‍ വറുത്ത് മാറ്റി വെക്കുക( അധികം മൂത്ത് പോകരുത്)ചൂടായ പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതിലേക്ക് നീളത്തില്‍ അരിഞ്ഞു വച്ച സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, എന്നിവ ഇട്ട് നന്നായി വഴറ്റുക. സവാള നന്നായി മൂക്കുന്ന വരെ വഴറ്റണം.
ശേഷം അതിലേക്ക് മുളക് പൊടി മഞ്ഞള്‍ പൊടി, മല്ലി പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് ഇളക്കി, ഉപ്പും പുളി പിഴിഞ്ഞ വെള്ളം കൂടി ചേര്‍ത്ത് തിളപ്പിക്കണം.  അതിലേക്ക് വറുത്ത് വച്ചിരിക്കുന്ന വഴുതനങ്ങ കൂടി ചേര്‍ക്കുക. ആവശ്യമെങ്കില്‍ കുറച്ചു കൂടി വെള്ളം ചേര്‍ത്ത് കൊടുക്കാം.വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുന്ന സമയത്തു, വറുത്ത് പൊടിച്ച ഉലുവയും ജീരകവും ചേര്‍ത്ത് നന്നായി യോജിപ്പിച്ചു കൊടുക്കണം.  തീ അണച്ച ശേഷം പഞ്ചസാര/ശര്‍ക്കര ചേര്‍ത്ത് ഇളക്കി വെക്കുക.. ഉണ്ടാക്കി പിറ്റേദിവസം എടുക്കുന്നതാണ് ഉത്തമം.. 

ചക്കക്കുരു മാങ്ങ കറി

ചേരുവകള്‍

ചക്കക്കുരു - 20
പച്ചമാങ്ങ - 1 ഇടത്തരം
തേങ്ങ ചിരകിയത് - 1 കപ്പ്
പച്ചമുളക് - 1-2
ചുവന്നുള്ളി - 4
വെളുത്തുള്ളി - 2 അല്ലി
ജീരകം - 1 ടീസ്പൂണ്‍
മുളക്‌പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
വറ്റല്‍മുളക് - 2
കറിവേപ്പില - 1 തണ്ട്
കടുക് - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന

തയ്യാറാക്കുന്ന വിധം

ചക്കക്കുരു തൊലി കളഞ്ഞു നീളത്തില്‍ നാലായി മുറിച്ചത്, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പൊടി എന്നിവ 2 കപ്പ് വെള്ളത്തില്‍ വേവിക്കാന്‍ വെക്കുക.വെന്ത് വരുമ്പോള്‍ നുറുക്കിയ മാങ്ങ കഷ്ണങ്ങള്‍, മുളകുപൊടി കൂടി ചേര്‍ത്ത് വേവിക്കുക.അതിലേക്ക് തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ നന്നായി അരച്ചത് ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ക്കുക.തിളച്ചു വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ചുവന്നുള്ളി, കറിവേപ്പില, വറ്റല്‍മുളക് എന്നിവ കറിയില്‍ താളിച്ചു ചേര്‍ക്കുക.

Content Highlights: Lunch box recipes