ഉച്ചയ്ക്ക് എന്ത് തയ്യാറാക്കിയാലാണ് എല്ലാവര്‍ക്കും തൃപ്തിയാവുക എന്നത് എല്ലാ വീട്ടമ്മമാരുടെയും ആശങ്കയാണ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മൈസൂര്‍ രസവും ഒപ്പം നില്‍ക്കാനായി ബീഫ് തോരനുമുണ്ടെങ്കില്‍ ഇന്നത്തെ ലഞ്ച് ബോക്‌സ് അടിപൊളി

മൈസൂര്‍ രസം

 1. തുവരപ്പരിപ്പ് - 1/2 കപ്പ്
 2. തക്കാളി - 2 എണ്ണം
 3. വാളന്‍ പുളി - നെല്ലിക്കാ വലുപ്പത്തില്‍
 4. മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
 5. കായപ്പൊടി - 1/4 ടീസ്പൂണ്‍
 6. ശര്‍ക്കര - 1/2 ടീസ്പൂണ്‍
 7. കടുക് - 1/2 ടീസ്പൂണ്‍
 8. വറ്റല്‍ മുളക് - 1 
 9. മല്ലിയില അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
 10. നെയ്യ് - 1 ടേബിള്‍സ്പൂണ്‍
 11. കറിവേപ്പില - 1 തണ്ട്

രസം പൊടിക്ക് ആവശ്യമായവ:

 1. കടലപ്പരിപ്പ് - 1 1/2 ടീസ്പൂണ്‍
 2. മല്ലി - 2 ടീസ്പൂണ്‍
 3. കുരുമുളക് - 10-12 എണ്ണം
 4. വറ്റല്‍മുളക് - 2 എണ്ണം
 5. ജീരകം - 1/2 ടീസ്പൂണ്‍
 6. ചിരകിയ തേങ്ങ - 1 ടേബിള്‍സ്പൂണ്‍

രസം പൊടിക്ക് ആവശ്യമായ ചേരുവകള്‍ തേങ്ങ ഒഴികെ എല്ലാം തന്നെ ചെറുതീയില്‍ വറുക്കുക. മൂത്ത് വരുമ്പോള്‍ തേങ്ങ കൂടി ചേര്‍ത്ത് ചുവന്നു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി തണുത്ത ശേഷം  പൊടിച്ചു വെക്കുക.

തുവരപ്പരിപ്പ് വേവിച്ചുടച്ചു വെക്കുക.തക്കാളി, പുളി പിഴിഞ്ഞ വെള്ളം, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കാന്‍ വെക്കുക.തക്കാളി വെന്ത് ഉടഞ്ഞു വരുമ്പോള്‍ അതിലേക്ക് രസം പൊടിയും കായപൊടിയും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് ശര്‍ക്കര ചേര്‍ത്ത് കൊടുക്കുക. 
നെയ്യ് ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പില, വറ്റല്‍മുളക് ചേര്‍ത്ത് മൂപ്പിച്ചു രസത്തില്‍ ചേര്‍ക്കുക.
അരിഞ്ഞ മല്ലിയില കൂടി വിതറി ഉപയോഗിക്കാം.

ബീഫ് തോരന്‍

 1. ബീഫ് - 200 ഗ്രാം
 2. ചിരകിയ തേങ്ങ - 1 കപ്പ്
 3. പച്ചമുളക് - 3 
 4. ഇഞ്ചി - 1 ചെറിയ കഷണം
 5. വെളുത്തുള്ളി - 5-6 അല്ലി
 6. ചെറിയ ഉള്ളി - 10-12 എണ്ണം
 7. കറിവേപ്പില - 2 തണ്ട്
 8. മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
 9. മുളക്‌പൊടി - 1/2 ടീസ്പൂണ്‍
 10. കുരുമുളക് പൊടി - 1 ടീസ്പൂണ്‍
 11. പെരുംജീരകം - 1 ടീസ്പൂണ്‍
 12. കടുക് - 1 ടീസ്പൂണ്‍
 13. ഉപ്പ് - ആവശ്യത്തിന്
 14. വെളിച്ചെണ്ണ - ആവശ്യത്തിന്

ബീഫ് അല്‍പം ഉപ്പ്, കുരുമുളക് പൊടി, പേരുംജീരകം എന്നിവ ചേര്‍ത്ത് വേവിച്ച് പൊടിച്ചു വെക്കുക.
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് കറിവേപ്പില, വറ്റല്‍മുളക്, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക് എന്നിവ ചതച്ച് അല്ലെങ്കില്‍ ചെറുതായി അരിഞ്ഞു വഴറ്റുക.
ചുവന്നു വരുമ്പോള്‍  അതിലേക്ക് മഞ്ഞള്‍ പൊടി, മുളക്‌പൊടി ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ചു പൊടിച്ചു വച്ച ബീഫ്, ചിരകിയ തേങ്ങ കൂടി ചേര്‍ത്ത് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറച്ച് നേരം അടച്ചു വച്ചു വേവിക്കുക. 
അടിയില്‍ കരിഞ്ഞു പിടിക്കാതെ ഇരിക്കാന്‍ ഇടക്കിടെ ഇളക്കി കൊടുക്കുക.