നിക്ക് ഏഴു വയസ്സുള്ളപ്പോഴാണ് വീട്ടില്‍ ടിവി വാങ്ങുന്നത്. അച്ഛനും അപ്പുറത്തെ വീട്ടിലെ ചേട്ടനും കൂടെയാണ് ആ വലിയ പെട്ടി അകത്തേയ്ക്കു കൊണ്ടുവന്നു വെച്ചത്. സുന്ദരനായ ഒരു ചെകുത്താന്‍ ചിരിച്ചു നില്‍ക്കുന്ന പെട്ടി. മൊട്ടത്തലയില്‍ രണ്ടു കൊമ്പൊക്കെ ഉണ്ട്. ടിവിയുടെ കൂടെ കിട്ടിയ കുഞ്ഞുപുസ്തകത്തിലെ ആ ചെകുത്താനെ ഞാന്‍ വെട്ടിയെടുത്തു കുറെക്കാലം സൂക്ഷിച്ചിരുന്നു. കാലത്തു മുഴുവന്‍ ഹിന്ദിയും ആറുമണിക്ക് ശേഷം മലയാളവും മാത്രം പറയുന്ന ചെകുത്താനോട് ആദ്യമൊക്കെ ദേഷ്യം ആയിരുന്നു. പിന്നെ ചിത്രഗീതം, തിരനോട്ടം, പഴയ ഗീതങ്ങള്‍, സിനിമ, ലളിതഗാനങ്ങള്‍ ഒക്കെ ആയി, ഞങ്ങള്‍ അങ്ങ് കൂട്ടായി.

അന്നുമുതല്‍ ഇന്നുവരെ കണ്ടതില്‍ ഏറ്റവും ഇഷ്ടം തോന്നിയ ഒരു പാട്ടുണ്ട്. ശ്രീവിദ്യ ചേച്ചി, ചന്തമുള്ള കണ്ണുകളോടെ പാടുന്ന ഒരു പാട്ട്. അവരുടെ ആ ഭാവവും, ആ പാട്ടിന്റെ വരികളും ഇന്നും ശ്രവണ സുഖത്തേക്കാള്‍, എനിക്ക് തന്നിരുന്നത് ഒരു കുന്നു കൊതിയാണ്. എന്തോരം കറികള്‍ ആണ് അവര്‍ പാടികൊതിപ്പിക്കുന്നത്. അന്ന് മനസ്സില്‍ കൂടിയേറിയതാണ് കരിമീന്‍ വറുത്തതും, കുടംപുളി ഇട്ടു വെച്ച ചെമ്മീന്‍ കറിയും. ഉപ്പിലിട്ട മാങ്ങയുണ്ട് എന്നൊക്കെ പറയുമ്പോ എന്റെ വായില്‍ വെള്ളച്ചാട്ടം ആയിരുന്നു. അവിയല്‍ മുരിങ്ങയ്ക്കയില്ലാതെ പൂര്‍ണ്ണമായി ഇന്നും തോന്നാറില്ല. ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴപുളിശ്ശേരി, എത്ര സത്യസന്ധമായ വരികള്‍. ആ പാട്ടില്‍ മധു ചേട്ടന്‍ ഉണ്ണാന്‍ ഇരിക്കുന്ന സീന്‍ മാത്രം ഇല്ലാത്തത് എന്നെ മാത്രമാണോ ഇത്രയും വിഷമിപ്പിച്ചിട്ടുള്ളത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞിട്ടും, വിളിച്ചിട്ടും ഉണ്ണാന്‍ പോകാത്ത മധു ചേട്ടനെ എനിക്ക് അന്ന്  ഇഷ്ടമേ അല്ലായിരുന്നു.

ഭക്ഷണം പോലെ പാട്ടും ഒരുപാട് ഇഷ്ടമുള്ളതുകൊണ്ട്്, ചെറിയച്ഛന്‍ കൊണ്ടുവന്നുതന്ന ടേപ്പ്‌റെക്കോര്‍ഡറില്‍ അച്ഛനെ കൊണ്ടു ഇഷ്ടമുള്ള പാട്ട് റെക്കോര്‍ഡ് ചെയ്യുമായിരുന്നു. ഇന്ന് കാലവും സൗകര്യവും ഒരുപാട് മാറിയെങ്കിലും ആ പാട്ടിന്റെ രുചി പോലെ ഓര്‍മ്മകളും മനസ്സില്‍ ഒരുപാട് രുചി പടര്‍ത്തുന്നു.  ആ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് ഇന്നു കുടംപുളി ഇട്ടുവെച്ച ചെമ്മീന്‍ കറിയും, വറുത്ത കോഴിയും, എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന സവാള തോരനും.

കുടംപുളി ഇട്ടു വെച്ച ചെമ്മീന്‍ കറി
° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° 

 • ചെമ്മീന്‍ - കാല്‍ കിലോ
 • ചെറിയ ഉള്ളി - ഒരു പിടി
 • പച്ചമുളക് - 3
 • ഇഞ്ചി - ഒരു കഷ്ണം
 • കുടംപുളി- 3 കഷ്ണം (ചെറുത്)
 • വേപ്പില- രണ്ടു തണ്ട്
 • മഞ്ഞപൊടി - കാല്‍ സ്പൂണ്‍
 • മുളകുപൊടി- ഒന്നര സ്പൂണ്‍
 • മല്ലിപ്പൊടി - അര സ്പൂണ്‍
 • നാളികേരം- കാല്‍ മുറി ചിരകിയത്
 • പെരുംജീരകം - കാല്‍ സ്പൂണ്‍
 • ഏലക്ക - ഒന്ന്
 • ഉലുവ - നുള്ള്
 • ഉപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്
 • ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ചു, കൊച്ചുള്ളി, ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ഒന്നു മൂപ്പിക്കുക
 • ഇതിലേക്ക് മുളകുപൊടി, ഉപ്പു, മഞ്ഞപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത്  ഒന്നു വാട്ടി(മൊരിയിക്കേണ്ട)  ചെമ്മീനും, കുടംപുളിയും അല്പം വെള്ളവും  ചേര്‍ത്തു 5 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക
 • കാല്‍ മുറി തേങ്ങ ചിരവിയതും, പെരുജീരകവും ഏലക്കയും ചേര്‍ത്ത് നന്നായി അരയ്ക്കുക
 • ഈ അരപ്പ് ചട്ടിയിലേക്ക് ചേര്‍ത്തു ഇളക്കി തിളപ്പിക്കുക. 5 മിനിറ്റ് കൂടെ വേവിച്ചു ചാറ് താല്‍പര്യം പോലെ കൂട്ടുകയോ, കുറുക്കി എടുക്കുകയോ ചെയ്യാം.
 • ഇനി കൊച്ചുള്ളി, വേപ്പില, മൂപ്പിച്ചു കറിയില്‍ ചേര്‍ക്കുക.

സവാള തോരന്‍
° ° ° ° ° ° ° ° °

സവാള - 4
നാളികേരം- ചിരവിയത് കാല്‍ മുറി
കടുക് - അര സ്പൂണ്‍
പച്ചമുളക് - ഒന്ന്
ഉഴുന്ന് - നുള്ള്
വേപ്പില - ഒരു തണ്ട്
കൊച്ചുള്ളി - 5 എണ്ണം
ഉപ്പ് - ആവശ്യത്തിന് 
മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍
മുളകുപൊടി- അര സ്പൂണ്‍
മസാല പൊടി - നുള്ള്

 • സവാള വളരെ ചെറുതായി അരിഞ്ഞു, ഒരു പിടി നാളികേരം ചിരവിയതും,ഉപ്പും,പച്ചമുളകും മഞ്ഞപൊടിയും കൂടി തിരുമ്മി വെയ്ക്കുക
 • ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും, ഉഴുന്നും,വേപ്പിലയും പൊട്ടിച്ചു കൊച്ചുള്ളി അരിഞ്ഞതും വാട്ടുക.
 • ഇതിലേക്ക്  മുളകുപൊടി ചേര്‍ത്ത് സവാള കൂട്ട് ചേര്‍ത്ത്, അടച്ചു വെച്ച് വേവിക്കുക. ശേഷം തുറന്നു വെച്ച് വെള്ളം വറ്റിച്ചു തോരനാക്കുക. ഇറക്കാന്‍ നേരം മസാല പൊടി തൂവാം.

സ്പെഷ്യല്‍ കോഴി വറുത്തത്
° ° ° ° ° ° ° ° ° ° ° ° ° ° ° ° 

കോഴി അരക്കിലോ
ഏലയ്ക്കാ 3
ഗ്രാമ്പു 3
പട്ട ഒരു കഷ്ണം
മല്ലി 1 സ്പൂണ്‍
കുരുമുളക് 1 സ്പൂണ്‍
പെരുംജീരകം അര സ്പൂണ്‍
മുളകുപൊടി 1 സ്പൂണ്‍
കാശ്മീരി മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്‍പൊടി അര സ്പൂണ്‍
വെളുത്തുള്ളി 5
ഇഞ്ചി ഒരു കഷ്ണം
നാരങ്ങാ നീര് 1 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന് 

 • ഏലയ്ക്കാ, ഗ്രാമ്പു ,കുരുമുളക്, മല്ലി, പെരുംജീരകം, പട്ട എന്നിവ ചെറു ചൂടില്‍ ചട്ടിയില്‍ ചൂടാക്കുക. ഇതിലേക്ക് പൊടികള്‍ ചേര്‍ത്ത് തീ ഓഫ് ചെയ്തു ഇളക്കുക
 • വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാനീര് , ഉപ്പ് എല്ലാം കൂടെ ഒരു മിക്‌സിയില്‍ ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക.
 • ഇത് കോഴികഷ്ണങ്ങളില്‍  പുരട്ടി, കുറഞ്ഞത് 20 മിനിറ്റ് എങ്കിലും റസ്റ്റ് ചെയ്യാന്‍ വെയ്ക്കാം
 • ഇനി നല്ല വെളിച്ചെണ്ണയില്‍ വറുത്തു കോരാം..മീഡിയം തീയില്‍ വേവട്ടെ.

Content Highlights: Lunch box Recipe