നിക്കു പത്തു വയസ്സുള്ളപ്പോഴാണ് കുടുംബത്തിലെ എല്ലാരും കൂടെ ഒരു ടൂര്‍ പോകുന്നത്.. മലമ്പുഴ ഡാമിലേക്ക്.അന്നത് വല്യ കാര്യമാണ്.  അച്ഛന്റെ ഏറ്റവും താഴെ ഉള്ള അനിയത്തിയുടെ കല്യാണം കഴിഞ്ഞ അതേ ആഴ്ച ആയിരുന്നു എന്നാണ് ഓര്‍മ്മ..ഇന്നത്തെ കല്യാണം പോലെ അല്ലല്ലോ അന്ന്. അതായത് ഈ ഫോണിലൂടെ ചരിത്രവും ഭൂതവും ഭാവിയും ഒക്കെ പറഞ്ഞു കല്യണം കഴിഞ്ഞു 'പിന്നെ എന്താ' എന്നു മാത്രം പറയുന്ന ആ പരിപാടി. അന്ന് ഫോണില്ല. അതുകൊണ്ടു ആ വര്‍ത്തമാനങ്ങളും ഇല്ല. അന്നത്തെ എല്ലാവരെയും പോലെ അമ്മായിയും മാമനും കല്യാണം കഴിഞ്ഞായിരിക്കും ഒന്നു മിണ്ടുന്നത്. അങ്ങനെയുള്ള ഒരു കല്യാണം ആയിട്ടുംകൂടിയാണ് ഞങ്ങളുടെ കുടുംബം കാടിളകിയതുപോലെ അവരുടെ കൂടെ ഹണിമൂണിന് പോയത്.. അവരുടെ ആ ഒരു അവസ്ഥ..ഒന്നു കൈപിടിച്ചു നടക്കാം എന്നു കരുതിയാല്‍ പോലും.. എന്നെപ്പോലെ ഉള്ള കുട്ടിചെകുത്താന്‍ന്മാര്‍ സമ്മതിക്കില്ല. പുതിയ മാമന്റെ കൈ പിടിച്ചു നടക്കുക എന്നത് ഒരു ഇതാണല്ലോ.. സത്യം പറഞ്ഞാല്‍ അവര്‍ക്ക് നഷ്ടവും ബാക്കി എല്ലാവര്‍ക്കും നല്ല ലാഭവും ആയിരുന്നു. കാരണം ചിലവ് മുഴവന്‍ എടുത്തത് പുതിയ മാമന്‍ ആയിരുന്നു.അദ്ദേഹത്തിന്റെ തന്നെ പ്ലാന്‍ ആയതുകൊണ്ട് ഒന്നും പറയാനും പറ്റില്ലല്ലോ.
  
ഞാന്‍ പിന്നെ എവിടെ പോയാലും അമ്മയുടെ കൈയില്‍ നിന്ന് രണ്ടടി കിട്ടി മോങ്ങിയിട്ടേ തിരിച്ചു വരൂ.. അതെന്താണ് എന്ന് അങ്ങനെ എന്നു ചോദിച്ചാല്‍ സ്വഭാവഗുണം എന്നേ പറയേണ്ടു. പതിവുപോലെ മലമ്പുഴയിലും ആ ചടങ്ങിനു മുടക്കമുണ്ടായില്ല.ചേട്ടന്‍മാരുടെ കൂടെ മരത്തില്‍ വലിഞ്ഞുകേറി ഒരുത്തന്റെ മുഖത്തു ചവിട്ടിയ നിസ്സാര കാര്യത്തിന് ആയിരുന്നു അന്നത്തെ ആചാരവെടി. അടി കിട്ടിയാല്‍ പിന്നെ കരച്ചിലും മുഖം കേറ്റിപ്പിടുത്തവും ആണല്ലോ നമ്മുടെ പരിപാടി.പിന്നെ ഒറ്റയ്ക്ക് നടക്കുന്നു.. കളിയ്ക്കാന്‍ വിളിക്കുമ്പോള്‍ കൊഞ്ഞനം കുത്തുന്നു, കണ്മഷി മായ്ക്കുന്നു.. അങ്ങനെ എന്തെല്ലാം..

അങ്ങനെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടല്‍ ആക്രമിച്ചു. ഞങ്ങളെ കണ്ടപാടെ ഉടമയുടെ മുഖത്തു നൂറു വാട്ട് ബള്‍ബ് തെളിഞ്ഞു കത്തി. ചിലര്‍ ചോറ്, ചിലര്‍ മസാല ദോശ. അച്ഛന്‍ എന്തു വേണമെന്ന് ചോദിച്ചു. അപ്പോള്‍ ഉത്തരം കൊടുക്കുന്നത് എന്റെ പ്രോട്ടോക്കോളിന് എതിരല്ലേ.. അച്ഛന്‍ ഞങ്ങള്‍ക്ക് ഇടിയപ്പവും മുട്ട റോസ്റ്റും പറഞ്ഞു. ഞാന്‍ പിണങ്ങിയതില്‍ ഏറ്റവും സന്തോഷിച്ചിരിക്കുന്നത് എന്റെ അനിയനാണ്.എന്റേം കൂടെ അങ്ങു അകത്താക്കമല്ലോ.അതുകൊണ്ടു തന്നെ ഹോട്ടലില്‍ കേറിയപ്പോള്‍ മുതല്‍ തുടങ്ങിയ ചിരി അവന്റെ മുഖത്ത് അപ്പോഴും ഉണ്ട്. സംഭവം വന്നു. ആദ്യമായി ആണ് മുട്ട റോസ്റ്റ് കഴിക്കുന്നതു. സവാള ഒക്കെ അങ്ങു അലിഞ്ഞു ചുക ചുകന്ന മൃദുവായ കറിയും അതില്‍ തിളങ്ങി നില്‍ക്കുന്ന മുട്ടയും. പിന്നീട് എന്താ ഉണ്ടായത് എന്ന് പറയണ്ടല്ലോ.. കഴിച്ചു കൈ കഴുകുമ്പോള്‍ എന്റെ അനിയന്‍..' ചേച്ചി പിണങ്ങുമ്പോ ഒന്നും തിന്നാറില്ലല്ലോ.. അയ്യേ ഇത് എന്തൂട്ട് പിണക്കാ'

അപ്പോള്‍ ഇന്നത്തെ സ്പെഷ്യല്‍ നല്ല മുട്ട റോസ്റ്റും, പെട്ടന്ന് ഉണ്ടാക്കാന്‍ പറ്റുന്ന പപ്പട കറിയും ആവട്ടെ 

മുട്ട റോസ്റ്റ്
° ° ° ° ° °

 1. മുട്ട                         4
 2. സവാള.                   5
 3. വെളുത്തുള്ളി.         10 അല്ലി
 4. വേപ്പില.                   ഒരു പിടി
 5. പച്ചമുളക്.               2 കീറിയത്.
 6. ഇഞ്ചി.                     ഒരു ഇഞ്ച് കഷ്ണം
 7. പെരുംജീരകം.         1 സ്പൂണ്‍
 8. കുരുമുളകുപൊടി    അര സ്പൂണ്‍
 9. തക്കാളി ( വലുത്)     1
 10. മഞ്ഞപൊടി.            കാല്‍ സ്പൂണ്‍
 11. മുളകുപൊടി.            1 സ്പൂണ്‍
 12. കാശ്മീരി 
 13. മുളകുപൊടി.            1 സ്പൂണ്‍
 14. മല്ലിപ്പൊടി.                 അര സ്പൂണ്‍
 15. ഗരംമസാല.               അര സ്പൂണ്‍
 16. വെളിച്ചെണ്ണ, ഉപ്പ്       ആവശ്യത്തിന്
 • മുട്ട പുഴുങ്ങി തോട് കളഞ്ഞു വെയ്ക്കുക.
 • ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചതച്ചു ചേര്‍ത്ത്, പച്ചമണം പോകുന്ന വരെ വാട്ടുക.
 • ഇതിലേക്ക് വേപ്പില,പച്ചമുളക് കീറിയതും ചേര്‍ക്കുക
 • സവാള അരിഞ്ഞത്,ചേര്‍ത്ത്, നല്ല ബ്രൗണ്‍ നിറമാകുന്ന വരെ വഴറ്റുക.
 • ഇതിലേക്ക് പെരുജീരകം പൊടിച്ചു ചേര്‍ത്ത് വഴറ്റുക
 • പൊടികള്‍ എല്ലാം ചേര്‍ത്ത് നന്നായി മൂപ്പിക്കുക
 • തക്കാളി അരിഞ്ഞത് ചേര്‍ത്ത് കുറച്ചു നേരം അടച്ചു വെച്ച് വേവിക്കുക. എണ്ണ അരികില്‍ തെളിഞ്ഞു വരുന്നത് കാണാം.
 • ഉപ്പു കുറവെങ്കില്‍ അതു ചേര്‍ത്ത്, മുട്ട വരഞ്ഞതും, കുരുമുളകുപൊടിയും ചേര്‍ക്കുക.മുട്ടയില്‍ മസാല നന്നായി പിടിക്കാനായി അല്പം വെള്ളം ചേര്‍ത്ത് അടച്ചു വെയ്ക്കാം.
 • ഗ്രേവി കുറുകി, നല്ല കട്ടിയായി വരുമ്പോ ഇറക്കാം.

 

പപ്പടക്കറി

°°°°°°°°°

 1. പപ്പടം 10
 2. ചെറിയ ഉള്ളി ഒരു പിടി
 3. പച്ചമുളക് 3
 4. ഇഞ്ചി ഒരു കഷ്ണം
 5. തക്കാളി ഒന്നു
 6. മാങ്ങാ പകുതി(പുളി പോലെ)
 7. വേപ്പില ഒരു തണ്ട്
 8. നാളികേര പാല്‍ ഒരു കപ്പ്
 9. മഞ്ഞപൊടി കാല്‍ സ്പൂണ്‍
 10. മുളകുപൊടി 1 സ്പൂണ്‍
 11. മല്ലിപ്പൊടി അര സ്പൂണ്‍
 12. പെരുംജീരകപ്പൊടി  നുള്ള്
 13. ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന് 
 • പപ്പടം ചെറുതായി മുറിച്ചു വറുത്തു കോരി വെയ്ക്കുക.
 • ചട്ടിയില്‍, ഉള്ളി, ഇഞ്ചി, പച്ചമുളക്, വേപ്പില, തക്കാളി, മാങ്ങാ അരിഞ്ഞത് , മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പെരുംജീരകപൊടി, ഉപ്പു എന്നിവ നല്ലപോലെ തിരുമ്മിപ്പിടിപ്പിക്കുക.
 • ഇനി ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ചു അടുപ്പത്ത് വെയ്ക്കുക. ഒന്നു തിളച്ചാല്‍ തീ ചെറുതാക്കി വെയ്ക്കുക.
 • 10 മിനിറ്റിനു ശേഷം ഇറക്കാം. ഇനി ഇതില്‍ കൊച്ചുള്ളി അരിഞ്ഞു മൂപ്പിച്ചു ചേര്‍ക്കുക.
 • ഇനി ഇതിലേക്ക് വറുത്ത പപ്പടം ചേര്‍ത്തു ഇളക്കി അടച്ചു വെയ്ക്കുക.
 • പച്ചക്കറി ഇല്ലേല്‍ പെട്ടന്ന് ഉണ്ടാക്കാം. നല്ല സ്വാദ് ആണ്.. മാങ്ങായ്ക്കു പകരം ഇരുമ്പന്‍ പുളിയും സൂപ്പര്‍ ആണ്

Content Highlights: Lunch Box Recipe