ത്തിയ്ക്കു വില കുറവുള്ളതുകൊണ്ടായിരിക്കാം, അമ്മ മിക്കപ്പോഴും മത്തിയേ വാങ്ങൂ. വലിയ വെട്ടുമീനൊന്നും വാങ്ങിയാല്‍ ആരും കഴിക്കില്ലെന്നു മീന്‍കാരനോട് പരിഭവം പറയുന്നതു കേള്‍ക്കാം. പക്ഷെ, അന്നൊന്നും വലിയൊരു കൂട്ടുകുടുംബത്തിലേക്ക് ആഴ്ചതോറും വലിയമീന്‍ വാങ്ങി കറി വെയ്ക്കാന്‍ പറ്റുമായിരുന്നില്ല. ഇതൊക്കെ ഒരു പ്രായം കഴിഞ്ഞാണ് എനിക്ക് മനസിലാകുന്നത് തന്നെ. പിന്നെ വിശേഷ അവസരങ്ങളില്‍ ഒക്കെ വീട്ടില്‍ നല്ല ദശയുള്ള മീന്‍ വാങ്ങും. കുട്ടികള്‍ക്ക് പൊതുവെ കുട്ടിക്കാലത്തു മീന്‍കറിയെക്കാള്‍ മീന്‍ പൊരിച്ചതിനോടായിരിക്കും പ്രിയം. ഞാനും ആ ഗണത്തില്‍ തന്നെയായിരുന്നു.

മീന്‍കറി വയ്ക്കുന്ന രീതിയ്ക്ക് അനുസരിച്ചു അതിന്റെ രുചിയും മാറും. കൊച്ചു കേരളത്തിന്റെ മീന്‍ വൈവിധ്യം പോലെ തന്നെയാണ്, അത് കറി വെക്കുന്നതിലെ വൈവിധ്യവും. തൃശ്ശൂരുകാര്‍ പൊതുവെ തേങ്ങാപ്പാലിലോ അല്ലെങ്കില്‍ തേങ്ങ അരച്ചോ ആണ് കറി വെയ്ക്കാറ്. ചില സ്ഥലത്തു മീന്‍ പുളി വെയ്ക്കുക എന്നാണ് പറയുക, മത്തി , നത്തോലി പോലുള്ള മീനാണേല്‍ പുളി വെച്ചാല്‍ ബഹുരസമാണ്. നല്ല ബ്രൗണ്‍ നിറത്തില്‍, പുളിയൊക്കെയായി. പിറ്റേ ദിവസത്തേക്കാണ് എങ്കില്‍ രുചി പിന്നെയും കൂടും. പിന്നെ കോട്ടയത്തെ കറി, അതൊരു രുചി തന്നെ, കുറച്ചു കപ്പ കൂടെ ഉണ്ടെങ്കില്‍ സംഭവം അങ്ങ് കിടുക്കും.തക്കാളി മാത്രം അരച്ചു മീന്‍കറി വെയ്ക്കുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ട്. നാളികേരം വറുത്തു കൂട്ടി കറി വെയ്ക്കുന്നവര്‍... അങ്ങനെ എത്രയോ തരം. 

തനി തൃശ്ശൂര്‍കാരി ആയതിനാല്‍, തേങ്ങാപ്പാലില്‍ വെച്ച മീന്‍കറിയാണ് എനിക്ക് പ്രിയം. കുട്ടിക്കാലത്തു മീന്‍ വാങ്ങി അത് വൃത്തിയാക്കി അടുപ്പത്തു കയറ്റുന്നതു വരെ കള്ളിപൂച്ചയായി ഞാനിങ്ങനെ അമ്മയുടെ പിന്നാലെ ഉണ്ടാകും. ഇടയ്ക്ക് രുചി നോക്കുന്നനൊരു പരിപാടിയുണ്ട്, തവിയില്‍ കുറച്ച് മീന്‍ ചാറ് എടുത്ത് ഒന്ന് ഊതി അമ്മ കുഞ്ഞികയ്യില്‍ തൊട്ടുതരും, അത് രുചിച്ചുനോക്കി പുരികം പൊക്കി  മുഖം വിടര്‍ത്തി ഞാന്‍ ചിരിക്കും.

അതിലും ഇഷ്ടം ഉള്ള കാര്യം എന്തെന്നാല്‍ ചെറിയ ഉള്ളി അരിഞ്ഞ് മൂപ്പിക്കും, എന്നിട്ട് അത് ഇറക്കി വെച്ച മീന്‍ കറിയിലേക്ക് അങ്ങ് ഒഴിക്കും. അപ്പോള്‍ അതില്‍ നിന്നൊരു മണം വരും. എന്റെ ഭാഷയില്‍ സുഗന്ധം തന്നെ. എന്റെ സാറെ പിന്നെ എനിക്ക് നില്‍ക്കപൊറുതി ഉണ്ടാവില്ല. മീന്‍ക്കറിയിലെ തേങ്ങാപ്പാലും, ആ മൊരിഞ്ഞ ഉള്ളിയുടെയും സ്‌നേഹസംഗമം.  അന്നൊക്കെ അമ്മയോട് പ്രത്യേകം പറയുമായിരുന്നു, ആ മൊരിഞ്ഞ ഉള്ളിയോടെ മീന്‍ കറി തരാന്‍. ഇന്നും ആ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല. അപ്പോള്‍ ഇന്നത്തെ മീന്‍ കറി മഹാത്മ്യത്തിന്റെ കൂടെ ഒരു നല്ല കിളിമീന്‍ കറിയും, ഒരു കിടു ബീന്‍സ് പനീര്‍ തോരനുമായി നമ്മുടെ ലഞ്ച് ബോക്‌സ്.

മീന്‍ കറി

മീന്‍             -                    അരക്കിലോ
നാളികേരപാല്‍.      -      ഒന്നര കപ്പ്
നാളികേരം ചിരവിയത് - 3 സ്പൂണ്‍
കുടംപുളി/ മാങ്ങാ    -     പുളി പോലെ എടുക്കുക
ചെറിയ ഉള്ളി   -    6
പച്ചമുളക്      -       3
ഇഞ്ചി            -        ഒരു കഷ്ണം
വേപ്പില           -       ഒരു തണ്ട്
ഏലക്ക              -    ഒന്ന്
പെരുംജീരകം.   -   അരസ്പൂണ്‍
പട്ട                   -        ഒരു കുഞ്ഞു കഷ്ണം
കടുക്.               -     ഒരു നുള്ളു
മഞ്ഞള്‍പൊടി    -  കാല്‍ സ്പൂണ്‍
മുളകുപൊടി.      -   ഒന്നര സ്പൂണ്‍
മല്ലിപ്പൊടി          -     അര സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, ചെറിയ ഉള്ളി ( മൂപ്പിച്ചു ചേര്‍ക്കാന്‍) - ആവശ്യത്തിന് 

 • കുടംപുളി വെള്ളത്തില്‍ ഇട്ടു വെയ്ക്കുക. മാങ്ങാ ആണേല്‍ തൊലി കളഞ്ഞു ഇടത്തരം കഷ്ണമാക്കി വെയ്ക്കാം.
 • നാളികേരം ചിരവിയതും, കടുക്, പട്ട, ഏലക്ക, പെരുംജീരകം എന്നിവ നല്ലപോലെ അരച്ചെടുക്കുക.
 • ഇനി ചട്ടിയിലേക്ക്, ഇഞ്ചി, ഉള്ളി, പച്ചമുളക് അരിഞ്ഞതും, വേപ്പില, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി , ഉപ്പു , വേപ്പില എന്നിവ ചേര്‍ത്ത് നല്ലപോലെ തിരുമ്മി പിടിപ്പിക്കുക.
 • ഇനി ഇതിലേക്ക്, നാളികേരം അരച്ചതും, നാളികേരപാലും ചേര്‍ക്കുക.
 • വൃത്തിയാക്കിയ മീന്‍ കഷ്ണങ്ങളും, കുടംപുളിയും/ മാങ്ങയും കൂടെ ചേര്‍ത്ത് അടുപ്പത്ത് വെയ്ക്കുക.
 • തിള വന്നാല്‍, തീ കുറച്ചു വെയ്ക്കുക.
 • മീന്‍ വെന്തതിന് ശേഷം, ഇറക്കി, ചെറിയ ഉള്ളി അരിഞ്ഞു വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ചേര്‍ക്കുക.

ബീന്‍സ് പനീര്‍ തോരന്‍

ബീന്‍സ് അരിഞ്ഞത് - ഒരു കപ്പ്
പനീര്‍ പൊടിച്ചത്    -      ഒരു കപ്പ്
സവാള                      -      ഒന്ന്
വെളുത്തുള്ളി.     -          ഒരു അല്ലി
ഇഞ്ചി.                      -       അര സ്പൂണ്‍
ജീരകം                    -        കാല്‍ സ്പൂണ്‍
മഞ്ഞള്‍പൊടി.     -         നുള്ളു
മുളകുപൊടി           -       ഒരു സ്പൂണ്‍
മല്ലിപ്പൊടി                 -      അര സ്പൂണ്‍
മസാല പൊടി.       -         അര സ്പൂണ്‍
വെണ്ണ                      -        2 സ്പൂണ്‍
ഉപ്പ്  - ആവശ്യത്തിന്

 • ഒരു ചട്ടിയില്‍ വെണ്ണ ചേര്‍ത്ത്, ജീരകം പൊട്ടിച്ചു  വെളുത്തുള്ളി, ഇഞ്ചി മൂപ്പിക്കുക
 • അരിഞ്ഞ സവാള കൂടെ ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ചു പൊടികള്‍ എല്ലാം ചേര്‍ക്കുക.
 • ഇനി ഇതിലേക്ക് അരിഞ്ഞ ബീന്‍സും, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക.
 • ഇത് വെന്തുകഴിഞ്ഞാല്‍, പൊടിച്ച പനീര്‍ ഇട്ടു ഇളക്കി അല്പനേരം കൂടെ അടച്ചു വെച്ചശേഷം തീ അണയ്ക്കുക.

Content : Lunch box Recipe, Kerala Food