ത്താംക്ലാസ് വരെയുള്ള എന്റെ പഠനം അടുത്തുള്ള പള്ളി സ്‌കൂളില്‍ ആയിരുന്നു. പള്ളിയുടെ തൊട്ടടുത്തുതന്നെയാണ് സ്‌കൂളും, സെമിനാരിയും പള്ളിയുടെ തന്നെ അനാഥലയവും. പള്ളിയുടെ പുറകുവശത്തുകൂടെയുള്ള  ഇടവഴിയില്‍ കൂടെ ഒരു പത്തുമിനിറ്റ് നടന്നാല്‍ എത്തുന്ന ദൂരത്ത് ഇടവക സെമിത്തേരിയും. ഈ വഴിയ്ക്ക് സമാന്തരമായിട്ടാണ് ഞങ്ങളുടെ ഹൈസ്‌കൂള്‍ കെട്ടിടം നിന്നിരുന്നത്. 

നവംബര്‍ മാസം ആത്മാക്കളുടെ മാസം ആയിരുന്നത് കൊണ്ട് സെമിത്തേരിയുടെ  കപ്പേളയില്‍ പോയി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒക്കെ ഉണ്ടാകും. അങ്ങനെ ഒരു നവംബര്‍ മാസം ഇതിനായി ഞങ്ങള്‍ വരി വരിയായി നടന്നു സെമിത്തേരിയില്‍ എത്തി. എനിക്ക് അത്യാവശ്യം നല്ല പേടി ഉണ്ട്. പോരാത്തതിന് കൂടെ ഉള്ള യക്ഷികള്‍ ഓരോന്നും പറഞ്ഞ് പേടിപ്പിച്ചു കൊണ്ടേ ഇരിക്കും. പേടിയുള്ള കുട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആത്മാവ് കുടിയേറുക എന്നൊക്കെ തട്ടിവിടും. സിനിമകളില്‍ ഈ ആണി കൊണ്ട് പ്രേതത്തെ തളയ്ക്കുന്നത് കണ്ട് സെമിത്തേരിയില്‍ പോകുന്ന ദിവസം അച്ഛന്റെ ടൂള്‍ ബോക്‌സില്‍ നിന്നും അടിച്ചു മാറ്റിയ ആണി കൈലേസുകൊണ്ടു ചുറ്റിയാണ് ഞാന്‍ പോയിരുന്നത് എന്ന് പറഞ്ഞാല്‍ എന്റെ ധൈര്യത്തെ പറ്റി ഏതാണ്ടൊരു ധാരണ കിട്ടും.

അങ്ങനെ പ്രാര്‍ത്ഥിച്ചു കൊണ്ടേ ഇരിക്കുമ്പോള്‍ ഒരുത്തി തോണ്ടി, കണ്ണുകൊണ്ട് ഒരു വശത്തേക്ക് മാര്‍ഗ്ഗം കാണിച്ചു തന്നു. ഒരു കല്ലറയുടെ മുകളിലെ വള്ളിച്ചെടിയില്‍ പാവല്‍ പടര്‍ന്നുപ്പന്തലിച്ചു കൊച്ചു കൊച്ചു പാവയ്ക്ക ഉണ്ടായി നില്‍കുന്നു. പോകുമ്പോള്‍ അത് പൊട്ടിക്കാം എന്ന് ഞങ്ങള്‍ പ്ലാനും ഇട്ടു.പ്രാര്‍ത്ഥന കഴിഞ്ഞു ക്ലാസ്സില്‍ തിരിച്ചെത്തിയപ്പോള്‍ ഒരുത്തി ഈ പാവയ്ക്ക എങ്ങനെ ഉണ്ടായി എന്നറിയോ എന്നായി. കണ്ണും മിഴിച്ചു നിന്ന ഞങ്ങളോട്  മേരി ടീച്ചര്‍ ക്ലാസ് തുടങ്ങുന്ന പോലെ ആമുഖം ഒക്കെ ഇട്ടു അവള്‍ തുടങ്ങി, 'അതേയ് ഈ മരിച്ചു പോയവര്‍ ആണ് പാവയ്ക്ക ആകുന്നത്' 

'എന്തൂട്ട്' ബാക്കി നാലെണ്ണം ഒരേസ്വരത്തില്‍ ചോദിച്ചു. 'ഈ പാവയ്ക്കയുടെ പുറം ഭാഗം കണ്ടില്ലേ അതു അവരുടെ നിറവേറാത്ത ആഗ്രഹങ്ങള്‍ ആണ്.. അതാ അങ്ങനെ മുഴച്ചു മുഴച്ചു നില്‍ക്കണേ.. പിന്നെ അതിന്റെ ആ കയ്പ്പ് അതു അവര് ജീവിതകാലത്ത് ചെയ്ത പാപങ്ങള്‍ ആണ്. അപ്പോള്‍ അത് കഴിക്കുന്ന നമ്മള്‍ അവരുടെ പാപങ്ങള്‍ കൂടെ കഴിക്കുന്നു.' 

പാവയ്ക്ക കൊണ്ടാട്ടം ഇഷ്ടമുള്ള ഞാന്‍ ചോദിച്ചു' ഉപ്പ് ഇട്ട് കൊണ്ടാട്ടം ആക്കിയ പാവയ്ക്ക കഴിച്ചാലോ ' എന്ന്. അപ്പോള്‍ ലവള്‍ 'ആ ഇത്തിരി പാപം ഒക്കെ ഉണ്ടാവും. മുഴുവന്‍ ഒന്നും പോവില്ല'. എന്തിന് പറയുന്നു അന്ന് മുതല്‍ പാപത്തിന്റെ കനിയായ പാവയ്ക്ക ഞാന്‍ കഴിക്കാതെയായി. അന്നത്തെ എട്ടാംക്ലാസ്സുക്കാരിയുടെ ആ ലോകവിവരവും പേടിയും ഓര്‍ത്തു ഇന്നു ചിരിക്കാമെങ്കിലും പാവയ്ക്ക പിന്നെയും കുറെക്കാലം ഇഷ്ടപ്പെടാത്ത പച്ചക്കറികളില്‍ ഒന്നായി തന്നെ ഇരുന്നു. ആ ഇഷ്ടക്കേട് മാറ്റിതന്നതും വേറൊരു കൂട്ടുകാരിയുടെ അമ്മയാണ്. അപ്പോള്‍ പാപമില്ലാത്ത പാവം പാവയ്ക്കാ കറി ആണ് ഇന്നത്തെ സ്പെഷ്യല്‍. കൂടെ നെല്ലിക്ക കൊണ്ടൊരു കിടു ചമ്മന്തിയും അമരക്കായ ഉപ്പേരിയും.

പാവയ്ക്കാ കറി

ഇടത്തരം പാവയ്ക്ക - 2 ( വലുതാണെകില്‍ 1)
ചെറിയ ഉള്ളി - ഒരു പിടി
പച്ചമുളക് - 3
ഇഞ്ചി - ഒരു കഷ്ണം
വേപ്പില - ഒരു തണ്ട്
തക്കാളി - ഒന്ന്
പുളി വെള്ളം - കാല്‍ കപ്പ്
പുളി വെള്ളം - അരക്കപ്പ് ( പാവയ്ക്ക ഇട്ട് വെയ്ക്കാന്‍)
കട്ടി നാളികേരപ്പാല്‍ - ഒരു കപ്പ്
ഉലുവ - ഒരു നുള്ള്
കടുക് - ഒരു നുള്ള്
മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍
മുളകുപൊടി - ഒരു സ്പൂണ്‍
മല്ലിപ്പൊടി - അരസ്പൂണ്‍
ശര്‍ക്കര - അല്പം
ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

 • പാവയ്ക്കാ കഴുകി നുറുക്കി പുളിവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് ഇളക്കി അതില്‍ 15 മിനിറ്റ് ഇട്ട് വെയ്ക്കാം. ശേഷം പിഴിഞ്ഞു വെള്ളം വാറ്റി വെയ്ക്കാം.
 • ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ഉലുവ, കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉള്ളി, പച്ചമുളക്, വേപ്പില, ഇഞ്ചി എന്നിവ ചേര്‍ത്ത് നല്ലതുപോലെ വാട്ടുക.
 • ശേഷം ഇതിലേക്ക് പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിച്ചു പാവയ്ക്കാ അരിഞ്ഞതും, തക്കാളിയും കൂടെ ചേര്‍ക്കുക.
 • പുളിവെള്ളം ചേര്‍ത്ത്, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വെച്ചു വേവിക്കുക.
 • വെന്തു കഴിഞ്ഞാല്‍ ശര്‍ക്കര ചേര്‍ക്കുക. ഇനി ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കുക. വല്ലാതെ തിളയ്ക്കണ്ട. തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് ഉള്ളിയും വേപ്പിലയും മൂപ്പിച്ചു ചേര്‍ക്കുക.

നെല്ലിക്ക ചമ്മന്തി
പച്ച നെല്ലിക്ക - 4
നാളികേരം ചിരവിയത് - കാല്‍ കപ്പ്
ചെറിയ ഉള്ളി - 4
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വറ്റല്‍ മുളക് - 5 ( എരിവ് പോലെ കൂട്ടാം)
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - കാല്‍ സ്പൂണ്‍

 • നെല്ലിക്ക അരിഞ്ഞത്, ഉള്ളി, ഇഞ്ചി, വറ്റല്‍മുളക് എന്നിവ മിക്‌സിയില്‍ ചേര്‍ത്തു ഒന്നു അരച്ചെടുക്കുക.
 • ഇനി ഇതിലേക്ക് നാളികേരവും ഉപ്പും ചേര്‍ത്തു അരയ്ക്കുക.. വെള്ളം ആവശ്യമെങ്കില്‍ ചേര്‍ക്കാം.
 • ഇനി വെളിച്ചെണ്ണ തൂവി ഉപയോഗിക്കാം

അമരക്കായ ഉപ്പേരി

അമരക്കായ - അരക്കിലോ
കൊച്ചുള്ളി - 6 എണ്ണം
വെളുത്തുള്ളി - 10 എണ്ണം
വേപ്പില - ഒരു തണ്ട്
വറ്റല്‍ മുളക് - 4 എണ്ണം
മഞ്ഞള്‍പൊടി - കാല്‍സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

 • അമരക്കായ കഴുകി അരിഞ്ഞു വെയ്ക്കുക
 • ഉള്ളി, വെളുത്തുള്ളി, വറ്റല്‍മുളക് എന്നിവ അമ്മിയില്‍ ചതച്ചു എടുക്കുകയോ, മിക്‌സിയില്‍ ഒന്നു കറക്കി എടുക്കുകയോ ചെയ്യുക.
 • ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഈ ചതച്ച കൂട്ട് ചേര്‍ത്തു മൂപ്പിക്കുക.ഉപ്പ് ചേര്‍ക്കുക
 • ഇതിലേക് വേപ്പില,മഞ്ഞള്‍പൊടി കൂടി  ചേര്‍ത്ത് അമരക്കായ ചേര്‍ത്തു അടച്ചു വെച്ചു മീഡിയം തീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കണ്ട ആവശ്യമില്ല. ഇടയ്ക്കു ഇളക്കി കൊടുക്കുക.

Content Highlights: Lunch Box Recipe