ഒരു വളവും ഇട്ടു കൊടുത്തില്ലെങ്കിലും വെള്ളമൊഴിച്ചുകൊടുത്തില്ലെങ്കിലും ഒരു നാണവും ഇല്ലാതെ വളരുന്ന ചെടി ആണ് വഴുതനങ്ങാ എന്നു എത്ര പേര്‍ക്കറിയാം? നല്ല അനുഭവം ഉള്ളത് കൊണ്ട് കുട്ടിക്കാലം മുതല്‍ അത്ര വെറുപ്പായിരുന്നു വഴുതനങ്ങാ എന്ന പച്ചക്കറിയെ. തോരന്‍ വെച്ചാലും മെഴുക്കുപുരട്ടി ഉണ്ടാക്കിയാലും ആരും മൈന്‍ഡ് ചെയ്യാത്തതുക്കൊണ്ട് സ്വയം കഴിച്ചാണ് അമ്മ ആശ്വാസം കണ്ടെത്തിയിരുന്നത്. അയല്‍പക്ക പെണ്ണുങ്ങള്‍ നല്ല ഒത്തൊരുമ ആയതുകൊണ്ടും ചുറ്റുപക്ക വീടുകളിലും വഴുതനങ്ങ നിറഞ്ഞുനിന്നു. ചിലപ്പോള്‍ ഒക്കെ വിത്തു നല്‍കി സഹായിച്ചതിന് ഉപകാരസ്മരണ എന്നപ്പോലെ മൂന്നാല് വഴുതനങ്ങാ സമ്മാനം ആയും വരും. അവരുടെ വീട്ടിലും ചിലപ്പോള്‍ ഇതുതന്നെ ആകും അവസ്ഥ.

കോളേജ് പഠനക്കാലത്താണ് വഴുതനങ്ങയോടുള്ള വെറുപ്പ് അങ്ങു മാറ്റി തന്ന വഴുതനങ്ങാ മസാലകൂട്ടി പൊരിച്ചത് കഴിക്കുന്നത്, അതും ഒരു കൊച്ചുകടയിലെ ചേട്ടനും ചേച്ചിയും വെച്ചു വിളമ്പിതന്ന ഒരു കുഞ്ഞുഊണിന്റെ കൂടെ.നല്ല പച്ചമീന്‍ വറുത്തപ്പോലെയുള്ള സ്വാദോടെ അന്നത് നല്ലപോലെ ആസ്വദിച്ചു കഴിക്കുകയും ചെയ്തു. ഇന്ന് മീന്‍ പൊരിച്ചതിനെക്കാള്‍ ഇഷ്ടമാണ് വഴുതനങ്ങാ വറുത്തത്. ഇവിടെ ലഞ്ച്‌ബോക്‌സില്‍ ആ റെസിപ്പി ഞാന്‍ പങ്കുവെച്ചിട്ടുമുണ്ട്.

പിന്നെ കാലങ്ങള്‍ക്ക് ശേഷം പലതരം പാചകപുസ്തകങ്ങളുടെ വരവോടെയും, പാചകപരിപാടികളുടെ സ്വാധീനം കൊണ്ടും അമ്മ, അമ്മയുടെ പ്രിയപ്പെട്ട പച്ചക്കറികളെ ചില പരീക്ഷണങ്ങള്‍ കൊണ്ട് നവീകരിച്ചു. അതില്‍ ഒന്നാണ് വഴുതനങ്ങാ തീയല്‍. ആ പരീക്ഷണം ഞങ്ങള്‍ക്ക് പിടിക്കുകയും ചെയ്തു.അപ്പോള്‍ ഇതാകട്ടെ ഇന്നത്തെ ലഞ്ച്‌ബോക്‌സ് സ്‌പെഷ്യല്‍ കൂടെ നവഗുണങ്ങള്‍ നിറഞ്ഞ എന്റെ പ്രിയപ്പെട്ട ഉലുവയില ഉരുളക്കിഴങ്ങു മെഴുക്കുവരട്ടിയും

വഴുതനങ്ങാ തീയ്യല്‍
°°°°°°°°°°°°°°°°°
വഴുതനങ്ങാ 200 ഴാ
ഉള്ളി ഒരു പിടി
പച്ചമുളക് 3
ഇഞ്ചി ഒരു സ്പൂണ്‍
നാളികേരം 6 സ്പൂണ്‍
ജീരകം നുള്ള്
പുളിവെള്ളം കാല്‍ കപ്പ്
മുളകുപൊടി ഒരു സ്പൂണ്‍
മല്ലിപൊടി അരസ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ സ്പൂണ്‍
കായം പൊടി നുള്ള്
ശര്‍ക്കര ഒരു കുഞ്ഞു കഷ്ണം
വറ്റല്‍ മുളക് 2
കടുക് അരസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന് 
വേപ്പില - ആവശ്യത്തിന് 
വെളിച്ചെണ്ണ - ആവശ്യത്തിന് 

ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, പച്ചമുളക് , വേപ്പില, ഇഞ്ചി എന്നിവ വാട്ടി , അരിഞ്ഞ വഴുതനങ്ങാ ചേര്‍ത്തു അടച്ചു വെച്ചു വേവിക്കുക. ശേഷം തീ ഓഫ് ചെയ്യുക. ഉപ്പു കൂടെ ചേര്‍ക്കാം
ഇനി ചട്ടിയില്‍ നാളികേരം ബ്രൗണ് നിറമാകുന്നതു  വരെ വറക്കുക.ഇറക്കാന്‍ നേരം മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളകുപൊടി, കായം പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചു തീ ഓഫ് ചെയുക.
ഇതു തണുത്ത ശേഷം നല്ലപോലെ അരയ്ക്കുക
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു, കടുക്  വറ്റല്‍ മുളക്, ജീരകം ,വേപ്പില പൊട്ടിച്ചു, ഈ അരപ്പും പുളി വെള്ളവും , ഉപ്പും ചേര്‍ത്തു നല്ലപോലെ തിളപ്പിക്കുക. 
എണ്ണ തെളിഞ്ഞാല്‍ മാറ്റിവെച്ച വഴുതനങ്ങാ ചേര്‍ത്തു ഇളക്കി ശര്‍ക്കര കൂടെ ചേര്‍ക്കുക.( രുചി ഒന്നു ബാലന്‍സ് ആകുന്നതിനു വേണ്ടി ആണിത്). ഗ്രേവി ഇഷ്ടമുള്ള പോലെ കുറിക്കി എടുക്കുക

ഉലുവയില ഉരുളന്‍കിഴങ്ങ് മെഴുക്കുവരട്ടി
° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° ° °
ഉലുവ ഇല 3 കപ്പ്
ഉരുളന്‍കിഴങ്  4
ജീരകം കാല്‍ സ്പൂണ്‍
പച്ചമുളക് 4
ഇഞ്ചി ഒരു സ്പൂണ്‍
വെളുത്തുള്ളി ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി നുള്ള്
ഉപ്പ് 
എണ്ണ
 
ഇല വൃത്തയാക്കി കഴുകിവെള്ളം കളഞ്ഞു, അരിഞ്ഞു, വെയ്ക്കുക.
ഉരുളന്‍കിഴങ്ങു കഷ്ണങ്ങള്‍ ആക്കി ഉപ്പു ചേര്‍ത്തു വേവിച്ചു വെയ്ക്കാം
ഇനി ചട്ടിയില്‍ എണ്ണ ഒഴിച്ചു, ജീരകം പൊട്ടിച്ചു, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് നല്ലപോലെ വാട്ടി ഉപ്പു ചേര്‍ത്തു ഇല ചേര്‍ത്തു വാട്ടുക.
ശേഷം ഉരുളന്‍കിഴങ്ങു ചേര്‍ത്തു ഉലര്‍ത്തി എടുക്കുക.
വെള്ളം ഇല്ലാതെ എടുത്താല്‍ നല്ലത്

ഇലയുടെ കയ്പ്പ് കളയാനായി അരിഞ്ഞ ശേഷം ഉപ്പു ചേര്‍ത്തു കുറച്ചു കഴിഞ്ഞു പിഴിഞ്ഞു എടുത്താല്‍ മതി, പക്ഷെ അങ്ങനെ ചെയ്യാതിരിക്കുന്നത് ആണ് ഗുണത്തിന് നല്ലത്.

Content Highlights: Lunch box Recipe Kerala Food Brinjal Theeyal