ടവക അമ്പുപെരുന്നാള്‍ വന്നാല്‍ കേമമാണ്. അയല്‍പക്കത്തെ വീട്ടില്‍ നിന്നെല്ലാം അച്ചപ്പം, കുഴലപ്പം, വട്ടയപ്പം ഒക്കെ പകര്‍ച്ച വരും. ഒരു ബാര്‍ട്ടര്‍ സംവിധാനം പോലെയായിരുന്നു. ഓണം വിഷു ആകുമ്പോള്‍  അമ്മ  അവര്‍ക്കു ഉണ്ണിയപ്പം, നെയ്യപ്പം, വിഷുക്കട്ട, പൂവട എന്നിവ ഉണ്ടാക്കി കൊടുക്കും. അതങ്ങനെ തുടന്നുകൊണ്ടേ ഇരുന്നു. ഏത് ആഘോഷം വന്നാലും പണികള്‍ എല്ലാം എല്ലാവരും ഒരുമിച്ചാണ് ചെയ്യുക എന്നതാണ്. വലിയ പെരുന്നാളിന് അയല്പക്കത്തെ ഉമ്മൂമ്മ വേലിയ്ക്കരികില്‍ നിന്നു അമ്മയെ നീട്ടിവിളിക്കുമായിരുന്നു. പത്തിരി പറത്താനും, കഷ്ണങ്ങള്‍ അരിയാനും ഒക്കെ ആയി. 

അമ്മ ഇന്ന് കിടിലന്‍ ആയി നെയ്‌ച്ചോറും പത്തിരിയും ഉണ്ടാക്കുന്നതില്‍ ആ ഉമ്മൂമ്മയ്ക്കു നല്ല പങ്കുണ്ട്. ആഘോഷങ്ങള്‍ അനുസരിച്ചു അടുക്കളകള്‍ മാത്രമേ മാറിയിരുന്നുള്ളൂ, പണിക്കാരും പണിയും ഒക്കെ ഒന്നു തന്നെ. അവരുടെ വര്‍ത്തമാനങ്ങളും. ഇറച്ചിയും മീനും പല തരത്തില്‍ വെച്ചു, വിരുന്നുക്കാരെ ഊട്ടി, ആണുങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വിളമ്പി, വൈകുന്നേരത്തേക്ക് അരി ഇടുന്ന സമയത്തായിരിക്കും സ്ത്രീജനങ്ങള്‍ കഴിക്കാന്‍ ഇരിക്കുക. എന്റെ അമ്മ അടക്കം എല്ലാവരും കറിചട്ടികള്‍ ഒക്കെ താഴെ ഇറക്കി വെച്ചു, കാലൊക്കെ നീട്ടി ഇരുന്ന്, അപ്പോഴും ഉപ്പു കുറവായിരുന്നോ, പുളി കൂടിപ്പോയോ എന്നുള്ള ആധി പങ്കുവെച്ച് കൊണ്ടിരിക്കും. 

ഇലയില്‍ നിന്നും ഒരു ഉരുള എടുത്തു മീഞ്ചട്ടിയുടെ അരികിലൂടെ ഒന്നു ഉരുട്ടിയെടുത്തു ആ ചേടത്തിയാര് കഴിക്കുന്നതു കാണാന്‍ തന്നെ ഒരു ചന്തമായിരുന്നു. കറികളുടെ, രുചിയും ആത്മാവും ഒക്കെ  ആ കറി വെച്ച ചട്ടിയുടെ അരികുഭാഗത്താണ് ഇരിക്കുന്നത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയ്ക്ക് രുചിയാണ് ചട്ടിയില്‍ മഴക്കിയ ചോറിന്. ഉണ്ടെതെല്ലാം ദഹിച്ചു, അടുക്കളയില്‍ എത്തിനോക്കുമ്പോഴായിരിക്കും ഈ സുന്ദരമായ കാഴ്ച്ച. അങ്ങനെ അമ്മയുടെ അടുത്തു ചാഞ്ഞു ഇരുന്നു ആ രണ്ടുരുള കൂടെ അകത്താക്കിയാലെ, എനിക്ക് തൃപ്തി വരാറുള്ളൂ. 

ഇറച്ചിയും മീനും വെയ്ക്കാന്‍ എന്റെ അമ്മ ബിരുദത്തിനു പഠിക്കുമ്പോള്‍, അതില്‍ ഡോക്ടറേറ്റ് എടുത്തവരായിരുന്നു അയല്‍പ്പക്കത്തെ ചേടത്തിമ്മാരും, ഉമ്മച്ചിമ്മാരും. വെയ്ക്കാന്‍ മാത്രമല്ല ഒരു അമ്മയുടെ അധികാരത്തോടെ വറ്റുപുറത്തുകളയാതെ  അടുത്തിരുന്നു കഴിപ്പിക്കാനും അവരാണ് പഠിപ്പിച്ചത്. അങ്ങനെ അവര്‍ വഴി പകര്‍ന്നു കിട്ടിയ രുചി ഇവിടെയും പങ്കുവെയ്ക്കട്ടെ, നല്ല തേങ്ങാപാലില്‍ കുറുക്കിയെടുത്ത കോഴിക്കറിയും, സ്വയമ്പന്‍ ബീഫ് റോസ്റ്റും.

കോഴിക്കറി
° ° ° ° ° ° °

 • കോഴി കഷ്ണങ്ങള്‍ - 1 kg
 • സവാള - 2
 • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 സ്പൂണ്‍
 • തക്കാളി- ഒന്ന്
 • പച്ചമുളക് - 3
 • മുളകുപൊടി - 2 സ്പൂണ്‍
 • മല്ലിപ്പൊടി - ഒന്നര സ്പൂണ്‍
 • മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍
 • ഏലയ്ക്കാ- 2
 • പട്ട - ഒരു കഷ്ണം
 • പെരുംജീരകം - മുക്കാല്‍ സ്പൂണ്‍
 • വേപ്പില - 2 തണ്ട്
 • തേങ്ങാപ്പാല്‍- അര കപ്പ്
 • മസാല പൊടി -  അരസ്പൂണ്‍
 • ഉപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്

ഒരു ചട്ടി ചൂടാക്കി മുളകുപൊടിയും, മല്ലിപൊടിയും ഒന്നു ചൂടാക്കി എടുക്കുക.
കഴുകി വൃത്തിയാക്കിയ കോഴി കഷ്ണങ്ങളില്‍ ഇതും ഉപ്പും, മഞ്ഞള്‍പൊടിയും കൂടി നല്ലപോലെ തിരുമ്മിപ്പിടിപ്പിക്കുക. 
അരമണിക്കൂറിന് ശേഷം ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഏലക്ക, പട്ട, ഒരു സ്പൂണ്‍ പെരുംജീരകം എന്നിവ ചതച്ചത് മൂപ്പിക്കുക.
ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്‍ത്തു മൂപ്പിക്കുക
സവാള അരിഞ്ഞതും, പച്ചമുളകും, വേപ്പില കൂടി ചേര്‍ത്തു വഴറ്റി എടുക്കുക.
ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് അല്പനേരം അടച്ചുവെച്ച് വേവിക്കുക
ഇനി ഇതിലേക്ക് മാറ്റിവെച്ച കോഴികഷ്ണങ്ങള്‍ ഇടുക.
നല്ലപോലെ ഇളക്കി, അല്പം വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.
ഇറച്ചി വെന്തു വെള്ളം വറ്റിയാല്‍ കട്ടി തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ വെയ്ക്കുക, കുറുകിയാല്‍ അല്പം മസാലപൊടി തൂവി ഇറക്കാം.

ബീഫ് റോസ്റ്റ്
° ° ° ° ° ° °

 • ബീഫ്- അര കിലോ
 • സവാള - 2
 • നാളികേര കൊത്ത് - 3 സ്പൂണ്‍
 • കൊച്ചുള്ളി - ഒരുപിടി
 • പച്ചമുളക് - 3
 • വെളുത്തുള്ളി - 20
 • ഇഞ്ചി - ഒരു കഷ്ണം
 • മുളകുപൊടി - ഒന്നരസ്പൂണ്‍
 • മഞ്ഞപൊടി - അര സ്പൂണ്‍
 • മല്ലിപ്പൊടി - 1 സ്പൂണ്‍
 • കുരുമുളക് - അര സ്പൂണ്‍
 • പെരുംജീരകം - അര സ്പൂണ്‍
 • ഓരോ കഷ്ണം പട്ട, ഗ്രാമ്പു, ഏലക്ക, 
 • ഗരം മസാല - 1 സ്പൂണ്‍

ഒരു ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കുരുമുളക്, പട്ട, ഗ്രാമ്പു, ഏലക്ക മൂപ്പിച്ചു, പകുതി സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്  എന്നിവ നല്ലപോലെ വഴറ്റുക.
ഇതിലേക്ക് പൊടികള്‍ എല്ലാം ചേര്‍ത്തു മൂപ്പിച്ചു എടുക്കുക.
ഇത് തണുത്ത ശേഷം നല്ലപോലെ അരയ്ക്കുക.
ഇതും വൃത്തിയാക്കിയ ബീഫും ചേര്‍ത്ത് നന്നായി തിരുമ്മി, ഉപ്പു ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.
ഇനി എണ്ണ ചൂടാക്കി നാളികേര കൊത്ത് മൂപ്പിച്ചു , ബാക്കി പകുതി സവാള, കൊച്ചുള്ളി, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, വേപ്പില എന്നിവ വഴറ്റി എടുക്കുക.
ഇനി വേവിച്ച ബീഫ് ചേര്‍ത്ത്, നല്ലപോലെ വെള്ളം വറ്റിച്ചു ഡ്രൈ റോസ്റ്റ് ആക്കി എടുക്കുക.

Content highlights: Lunch Box Recipe by Injipenn