ബിരുദാനന്തര ബിരുദത്തിന് കോഴിക്കോട് പഠിക്കുമ്പോഴാണ് ഹോസ്റ്റല്‍ ജീവിതം അറിയുന്നതും, അമ്മയോട് കൂടുതല്‍ ഇഷ്ടവും ബഹുമാനവും തോന്നുന്നതും. അവധിക്കു വീട്ടില്‍ വന്നാല്‍ തിരിച്ചു പോവുക മിക്കവാറും തിങ്കളാഴ്ച കാലത്തായിരിക്കും. ആദ്യ പീരിഡ് കേറില്ല എന്നത് എനിക്കൊരു കീഴ്‌വഴക്കം ആയിരുന്നു. പക്ഷെ  ഒരുദിവസം, സെമിനാര്‍ കാരണം ഞായറാഴ്ച്ച വൈകുന്നേരം മനസ്സില്ലാ മനസ്സോടെ പുറപ്പെടേണ്ടി വന്നു. ബാഗില്‍ പുസ്തകങ്ങളെക്കാളും, ഉടുപ്പിനേക്കാളും ഭക്ഷണം ആണ് ഉണ്ടാവുക എന്നു പറയേണ്ട കാര്യം ഇല്ലല്ലോ. ഒരാഴ്ച്ച പിടിച്ചു നില്കാനുള്ളതൊക്കെ അമ്മ പൊതിഞ്ഞു കെട്ടി തരും, മീന്‍ വറുത്തത്, പപ്പടം, അച്ചാര്‍, ഉണ്ണിയപ്പം, ചമ്മന്തിപ്പൊടി, ബട്ടര്‍, പഞ്ചസാര, പേരയ്ക്ക, ഉണക്കമുന്തിരി, നട്ട്‌സ് പിന്നെ ഒരു കുന്ന് ബേക്കറി പലഹാരങ്ങളും. മുറിയില്‍ ഞങ്ങള്‍ 8 പേരാണ്. വന്നപാടെ  കൊണ്ടുവന്നത് മുഴുവന്‍ കാലിയാക്കാന്‍ പ്രത്യേക പരിശീലനം കിട്ടിയവരായിരുന്നു അതില്‍ പലരും. അന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് ഒരാളും ഉണ്ടായിരിക്കില്ല, എല്ലാം എനിക്കു തന്നെ കഴിക്കാലോ എന്ന സന്തോഷം മാത്രമേയുള്ളു. 

മെസ്സ് കടന്നു വേണം റൂമില്‍ പോകാന്‍. മേട്രന്‍ റൂമില്‍ ഉണ്ട്. മെസ്സിലെ ചേച്ചിയോട് ഇന്ന് അത്താഴം വേണ്ട, കൊണ്ടുവന്നിട്ടുണ്ട്  എന്നു കൂവി വിളിച്ചു  റൂമിന്റെ താക്കോല്‍ എടുക്കാന്‍ ചെന്നപ്പോള്‍ താക്കോല്‍ ഇല്ല. ചിലപ്പോള്‍ അടിച്ചു വാരുന്ന ചേച്ചി എടുത്തു കാണും എന്നു കരുതി ലല്ലലം പാടി കോണി കേറി വന്നപ്പോള്‍ റൂം അടച്ചിട്ടിരിക്കുന്നു. സംശയത്തോടെ വാതിലില്‍ മുട്ടി. വീണ്ടും മുട്ടി. വാതില്‍ തുറന്നു, അപ്പോള്‍ ദേ നില്‍ക്കുന്നു റൂമിലെ അച്ഛായത്തി. ഓള് ഞങ്ങളുടെ റൂമിലേക്ക് മാറിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു. ഞങ്ങള്‍ക്കൊക്കെ ഏതോ മാറാരോഗം ഉള്ള പോലെ ആണ് ഓളുടെ മട്ടും ഭാവവും. ഞങ്ങളോട് മിണ്ടില്ല. അവളുടെ ഒന്നിലും തൊടാന്‍ പാടില്ല, മാത്രമല്ല മെസ്സിലെ ഭക്ഷണം കഴിക്കില്ല. ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ എന്തേലും വാങ്ങി കൊണ്ടുവരും. ഞങ്ങള്‍ ഏഴെണ്ണത്തിന്റെ വായയിലെ വെള്ളത്തില്‍ തോണിയും തുഴഞ്ഞു കൊണ്ടു ഒരു വിഷമവും ഇല്ലാതെ മൂപ്പത്തി അതെല്ലാം അകത്താക്കും. ഇന്ന് അതിനുള്ള പ്രതികാരം ഒക്കെ വീട്ടണം എന്നൊക്കെ വിചാരിച്ചു ഒരു ഉള്‍ച്ചിരിയോടെ ഞാന്‍ കട്ടിലില്‍ വന്നു കിടന്നു.    
       
അത്താഴത്തിന്റെ സമയമായപ്പോള്‍ ഞാന്‍ പൊതിച്ചോറ് അഴിച്ചു, ചൂട് ചോറും വാട്ടിയ വാഴയിലയും ചേരുന്ന ആ ഗന്ധം. കോഴി വരട്ടിയതും, മാങ്ങാ ചമ്മന്തിയും, ഉണക്ക പയര്‍ തോരനും, അച്ചാറും അമ്മ പൊതിഞ്ഞു തന്നിട്ടുണ്ട്. പോരാതെ ഒരു കുഞ്ഞു പാത്രത്തില്‍ എന്റെ പ്രിയപ്പെട്ട മുരിങ്ങയില പരിപ്പിട്ട് വെച്ച കറിയും. ഇത്തിരി കറി ഒഴിച്ചു ഉരുട്ടി ഉണ്ണാന്‍ തുടങ്ങുമ്പോള്‍ ദേ മിണ്ടാത്ത കുട്ടി മുന്നില്‍. പടച്ചോനെ പണി പാളിയോ.. 'മുരിങ്ങയിലയാണോ കറി'. ഓ ഭാഗ്യം കോഴിക്കറിയില്‍ അല്ല അവളുടെ കണ്ണ്. 'അതെ 'എന്നു പറഞ്ഞപ്പോള്‍ എനിക്കിത്തിരി തരാമോ എന്നായി. ഞാന്‍ എന്റെ നാക്ക് ഒന്നു കടിച്ചു നോക്കി, സ്വപ്‌നം അല്ലല്ലോ എന്നറിയാന്‍. വേണ്ട വേണ്ട എന്നു എന്നിലെ പ്രതികാരദാഹി പറയുന്നുണ്ടെങ്കിലും, എന്റെ ഹൃദയം അതു കേട്ടില്ല. എടുത്തോളൂ എന്നു പറഞ്ഞപ്പോള്‍ അവള്‍ ചോറുംകിണ്ണവുമായി എന്റെ അടുത്തു വന്നിരുന്നു. തനിക്ക് അമ്മ ഇല്ല, ആത്മഹത്യ ചെയ്തുവെന്നും പപ്പ മാത്രേ ഉള്ളു, ആരുമായും അടുക്കാന്‍ പറ്റുന്നില്ല ,അവളോട് ഞങ്ങള്‍ക്ക് ദേഷ്യം ആണെന്നറിയാം എന്നൊക്കെ അവള്‍ പറഞ്ഞു. എനിക്കു പിന്നെ ഒരു വറ്റ് ഇറങ്ങിയില്ല. പക്ഷെ ഞാന്‍ അന്ന് രാത്രി സന്തോഷത്തോടെയാണ് ഉറങ്ങിയത് എന്ന്  നല്ല ഓര്‍മ്മയുണ്ട്, ഒരു മുരിങ്ങയില കറി ഒരു പുതു സൗഹൃദത്തിന് രുചി പകര്‍ന്നിരിക്കുന്നു. അങ്ങനെ ഇന്നത്തെ ലഞ്ച് ബോക്‌സില്‍ മുരിങ്ങയില കറിയും വെണ്ടയ്ക്കാ തോരനും, മീന്‍ വറുത്തതും.

മുരിങ്ങയില പരിപ്പ് കറി
°°°°°°°°°°°°°°°°°°°°
മുരിങ്ങയില ഒന്നരകപ്പ്
പരിപ്പ് കാല്‍ കപ്പ്
നാളികേരം ചിരവിയത് അര കപ്പ്
മുളകുപൊടി ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ സ്പൂണ്‍
കൊച്ചുള്ളി ഒരു പിടി
ഉപ്പ്
വെളിച്ചെണ്ണ ആവശ്യത്തിന്
പരിപ്പ് കുക്കറില്‍ വേവിച്ചു എടുക്കുക.
ഈ പരിപ്പില്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തു തിളപ്പിക്കുക.
ഇതിലേക്ക് നല്ലപോലെ അരച്ച നാളികേരം, അര കപ്പ് വെള്ളം കൂടെ ചേര്‍ത്തു തിളപ്പിക്കുക.
ഇതിലേക്ക് ഇല ചേര്‍ത്തു ഇളക്കി 5 മിനിറ്റു കൂടെ തിളച്ചാല്‍ ഇറക്കാം.
ഉള്ളി മൂപ്പിച്ചു ചേര്‍ക്കുക.

വെണ്ടയ്ക്കാ തോരന്‍
°°°°°°°°°°°°°°°°
വെണ്ടയ്ക്കാ 250 ഗ്രാം
കൊച്ചുള്ളി ഒരു പിടി
വെളുത്തുള്ളി 4 അല്ലി
വേപ്പില
മുളക് കുത്തിപ്പൊടിച്ചത് അര സ്പൂണ്‍
മഞ്ഞള്‍പൊടി നുള്ള്
ഉപ്പു 
എണ്ണ. 
 വെണ്ടയ്ക്കാ കഴുകി, നല്ലപോലെ തുടച്ച ശേഷം അരിയുക.
ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, വേപ്പില നല്ലപോലെ മൂപ്പിക്കുക.മൊരിഞ്ഞു വരണം
മഞ്ഞള്‍പൊടി കൂടി ചേര്‍ത്തു ഇളക്കുക.
ഇനി ഇതിലേക്ക് അരിഞ്ഞ വെണ്ടയ്ക്കാ ചേര്‍ത്തു, ഉപ്പും കൂടി ഇട്ട് ഇളക്കി 5 മിനിറ്റു അടച്ചു വെച്ചു വേവിക്കുക.
ഇനി തുറന്നു വെച്ചു മുളകുപൊടി തൂവി, തീ കൂട്ടി വെച്ചു ഇളക്കുക. വെള്ളമൊക്കെ വറ്റി ഡ്രൈ ആക്കി എടുക്കുക

മീന്‍ വറുത്തത്
°°°°°°°°°°°°°°°°
മീന്‍ 5 കഷ്ണം
വെളുത്തുള്ളി 5 അല്ലി
കുരുമുളക് കാല്‍ സ്പൂണ്‍
കൊച്ചുള്ളി 3 അല്ലി
വേപ്പില ഒരു തണ്ട്
പെരുംജീരകം കാല്‍ സ്പൂണ്‍
മുളകുപൊടി ഒന്നര സ്പൂണ്‍
മഞ്ഞള്‍പൊടി നുള്ള്
മല്ലിപ്പൊടി അര സ്പൂണ്‍
ഉപ്പു
വെളുത്തുള്ളി മുതലുള്ള എല്ലാ ചേരുവയും നല്ലപോലെ അരയ്ക്കുക.
ഇതു മീനില്‍ തേച്ചു പിടിപ്പിച്ച ശേഷം 20 മിനിറ്റ് എങ്കിലും റെസ്റ്റ് ചെയ്യാന്‍ വെയ്ക്കുക
ഇനി നല്ല വെളിച്ചെണ്ണ ചൂടാക്കി ഒരു വേപ്പില തണ്ട് പൊട്ടിച്ച ശേഷം മീന്‍ വറുക്കുക.
( മീന്‍ അടിയില്‍ പിടിക്കുകയില്ല)

Content Highlights: Lunch Box Recipe