ല്ല പച്ചക്കറി ഊണു കഴിക്കണമെങ്കില്‍ പാലക്കാട് നിന്ന് കഴിക്കണം എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.. മാംസാഹാരം ആണേല്‍ മലപ്പുറം അല്ലെങ്കില്‍ കോഴിക്കോട്.. അതാണേല്‍ അനുഭവം ഉള്ളതാണ്. പാലക്കാടിന്റെ കാര്യം അത്ര ഉറപ്പില്ലായിരുന്നു. ബന്ധുവീടുകള്‍ കുറവ്.. നമ്മള്‍ നടുവില്‍ അങ്ങനെ കിടക്കുന്നതോണ്ട്.. 'എന്തൂട്ട് കിട്ടിയാലും സന്തോഷം'.. വടക്കുന്നാഥന്റെ മണ്ണ് വൈവിധ്യങ്ങളെ എന്നും സ്വാഗതം ചെയ്തിട്ടെ ഉള്ളു. ഷൊര്‍ണൂര്‍ പാലക്കാടിന്റെ ഭാഗം ആയി വരുമെങ്കിലും, തൃശ്ശൂന്റെ ചങ്കാണ്.. എന്റെ അമ്മ വീട്.. പൊതുവേ അവിടെ ആരുടെ വീട്ടില്‍ നിന്നും ഊണു കഴിച്ചാലും സ്വാദാണ്. കറികളില്‍  വേറെ എന്തോ കൂട്ട് ഉണ്ട് എന്നൊക്കെ തോന്നിപ്പോകും. എം ടി വാസുദേവന്‍ നായരുടെ നോവലുകളിലെ വള്ളുവനാടന്‍ ഭാഷ, അവിടെ ആണെന്ന് എന്ന് തോന്നിയിട്ടുണ്ട്.. അതിലെ സേതുവിനെയും, സാവിത്രിയെയും ഞാന്‍ അവിടെ പലരിലും കണ്ടിട്ടുണ്ട്. സംസാരത്തില്‍ വാത്സല്യം ചൊരിയുന്നവര്‍.. നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്നവര്‍.

പാചകത്തില്‍ ഇഷ്ടം തോന്നി തുടങ്ങുന്നത്, രുചിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ആണല്ലോ? അമ്മ നന്നായി പാചകം ചെയ്യും, എന്നാല്‍ അമ്മയുടെ ഏട്ടന്റെ ഭാര്യ, സുന്ദരി അമ്മായി എന്ന് ഞാന്‍ വിളിക്കുന്ന, ഇന്നും എനിക്ക് അമ്മയ്ക്ക് സമമായ സുന്ദരിയുടെ പലഹാരങ്ങളും, കറികളും ഇന്നും എന്റെ പ്രിയപ്പെട്ടതാണ്. ദോശയും ചമ്മന്തിയും ഇന്നും എന്റെ പ്രിയപ്പെട്ട ഭക്ഷണമാക്കാന്‍ തന്നെ കാരണം അമ്മായി ആണ്. മാമന്റെ മക്കള്‍ക്ക് എന്റെ അമ്മ ഉണ്ടാക്കുന്നതും, എനിക്ക് സുന്ദരി അമ്മായി ഉണ്ടാക്കുന്നതും ആണ് പ്രിയം. പാചകത്തില്‍ എപ്പോഴും അവരെ അനുകരിക്കാനും, അവരെ പോലെ ഒരു അമ്മയാകാനും ആണ് ഇന്നും ശ്രമം. കായതോരന്‍ കഴിക്കില്ല എന്ന് പറഞ്ഞു വാശിപിടിച്ചു കരഞ്ഞ പത്തു വയസുകാരിയെ, പിന്നെ അതുണ്ടാക്കി തരൂ എന്ന് പറഞ്ഞു കരയിപ്പിച്ച, എന്റെ സുന്ദരിയമ്മായിയുടെ സ്‌പെഷ്യല്‍ കായതോരനും, അമ്മയുടെ സ്‌പെഷ്യല്‍ വഴുതനങ്ങ ഫ്രൈയും, ആണ് ഇന്നത്തെ ലഞ്ച് ബോക്‌സ് താരങ്ങള്‍.. കൂടെ പെട്ടന്നു തയ്യറാക്കാന്‍ പറ്റുന്ന ഒരു തക്കാളി സാമ്പാറും.

തക്കാളി സാമ്പാര്‍
* * * * * * * * * * *
ഉരുളന്‍കിഴങ്ങ്- 2
തക്കാളി -3
സവാള -ഒന്ന്
വെളുത്തുള്ളി - 2 അല്ലി
പച്ചമുളക് -2
പരിപ്പു കാല്‍ -കപ്പ്
മഞ്ഞള്‍പൊടി -നുള്ളു
മുളകുപൊടി- 1 സ്പൂണ്‍
മല്ലിപ്പൊടി -1 സ്പൂണ്‍
കായം പൊടി - നുള്ള് 
ഉലുവ കാല്‍ - സ്പൂണ്‍
ഉഴുന്ന് - അര സ്പൂണ്‍
പുളിവെള്ളം - കാല്‍ കപ്പ്

 • പരിപ്പില്‍ 2 പച്ചമുളക്, കായം പൊടി ചേര്‍ത്ത്  കുക്കറില്‍ വേവിക്കുക
 • ഇതിലേക്ക് പച്ചക്കറി ചേര്‍ത്ത്, ഉപ്പും മഞ്ഞള്‍പൊടി കൂടെ ചേര്‍ത്ത് വേവിക്കുക.
 • ഉലുവ, ഉഴുന്ന് ഒന്ന് വറുത്തു പൊടിക്കുക.
 • ചൂടായ ചട്ടിയില്‍ വെളിച്ചെണ്ണ അല്പം സവാള വെളുത്തുള്ളി അരിഞ്ഞത് വാട്ടുക.
 • ഇതിലേക്ക്, മല്ലിപ്പൊടി, മുളകുപൊടി, ഉലുവ ഉഴുന്ന് പൊടി, നുള്ളു കായം പൊടി ചേര്‍ത്ത് റോസ്റ്റ് ചെയുക
 • ഇത് വേവിച്ച പരിപ്പു പച്ചക്കറി കൂട്ടിലേക്ക് ചേര്‍ത്ത്, പുളിവെള്ളവും കൂടെ  ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
 • വറ്റല്‍മുളക് , കടുക് പൊട്ടിച്ചു താളിക്കുക.

പച്ചക്കായ തോരന്‍( വാഴക്ക തോരന്‍)
* * * * * * * * * * * * * * * * * * * * * * * 
പച്ച കായഅരിഞ്ഞത് - ഒന്നര കപ്പ്
ചുവന്ന ഉള്ളി - 6
വെളുത്തുള്ളി -3
നാളികേരം - കാല്‍മുറി
മഞ്ഞള്‍പൊടി - നുള്ള്
മുളകുപൊടി - 1 സ്പൂണ്‍
കടുക് - അരസ്പൂണ്‍
വറ്റല്‍മുളക് - 2
വേപ്പില - ഒരുതണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന് 

 • വാഴക്ക അരിഞ്ഞു ഉപ്പും മഞ്ഞപൊടിയും ചേര്‍ത്ത് വേവിക്കുക.
 • ഇനി നാളികേരം, കൊച്ചുള്ളി, വെളുത്തുള്ളി, മുളകുപൊടി കൂടി മിക്‌സിയില്‍ ചേര്‍ത്ത് ഒന്ന് കറക്കി എടുക്കുക.
 • ഇനി ചട്ടി വെച്ച് എണ്ണ ചൂടാക്കി, കടുക്, വറ്റല്‍മുളക്, വേപ്പില പൊട്ടിച്ചു വാഴക്ക(വെള്ളം കളഞ്ഞതിനു ശേഷം) ചേര്‍ക്കുക. കൂടെ ഈ അരപ്പും, ഡ്രൈ ആക്കി തോരന്‍ ആക്കി എടുക്കുക.

വഴുതനങ്ങ ഫ്രൈ
* * * * * * * * * * * *
വഴുതനങ്ങ - 2( വലുത്)
മുളകുപൊടി - 1 സ്പൂണ്‍
മഞ്ഞള്‍പൊടി -  നുള്ള് 
മല്ലിപ്പൊടി - അര സ്പൂണ്‍
മസാല പൊടി - അര സ്പൂണ്‍
കുരുമുളക് പൊടി - കാല്‍ സ്പൂണ്‍
എണ്ണ - അര സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന് 
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

 • വഴുതനങ്ങ കഴുകി, തുടച്ചു അര സെന്റീമീറ്റര്‍ കനത്തിലെങ്കിലും  വട്ടത്തില്‍ അറിയുക.
 • ചേരുവ എല്ലാം ഒരു പാത്രത്തില്‍ അല്പം വെള്ളം ചേര്‍ത്ത് മിക്‌സ് ചെയുക.
 • ഇനി അത് ഓരോ വഴുതനങ്ങ കഷ്ണത്തില്‍ തേച്ചു പിടിപ്പിച്ച്, 15 മിനിറ്റിന് ശേഷം മീന്‍ പൊരിക്കുന്ന പോലെ, മീഡിയം തീയില്‍ വറുത്തെടുക്കുക. 

Content Highlights: Lunch box Recipe, Kerala Food Recipe