മ്മയുടെ വീട്ടില്‍ പോകാന്‍ വേനലവധി വരെ കാത്തു ഇരുന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.. പട്ടണത്തില്‍ നിന്നും ഗ്രാമത്തിന്റെ വിശുദ്ധിയിലേക്കു ഉള്ള ഒരു പലായനം ആയിരുന്നു അതെല്ലാം.. പാടവും, കാവും, കുളവും, വലിയ തൊടികളും ഒക്കെ ആയി 2 മാസം ആഘോഷമാക്കിയാണ് തിരിച്ചു വരുക.അമ്മയുടെ ഏട്ടന്റെ മകള്‍ ആണ്, സന്തത സഹചാരി.. അന്നും ഇന്നും.. 
വീടിന് മുറ്റത്തെ മുല്ല അങ്ങ് പൂത്തു ഉലഞ്ഞു, നില്‍ക്കുന്നു.. ഞാനും അവളും പൂ പൊട്ടിച്ചുകൊണ്ടരിക്കെയാണ് അവനെ കാണുന്നത്.. നല്ലപ്പോലെ മെലിഞ്ഞ്, ചുരുണ്ടു കേറിയമുടിയും, പിണങ്ങി അകന്നു നില്‍ക്കുന്ന പോലത്തെ പല്ലും ഒക്കെ ആയി ,അവന്‍ മണ്ണ് തേച്ച മതിലപ്പുറം നിന്ന്  ചിരിച്ചു..എന്റെ അനിയന്റെ പ്രായം ആണ് എന്ന് തോന്നി.. അവന്‍ അപ്പുറം വീണ പൂവൊക്കെ പെറുക്കി തന്നു.. പിന്നെ ഒരു കുട്ടികുരങ്ങനെ പോലെ മതിലും ചാടി ഞങ്ങളുടെ  അടുത്ത്.. കുട്ടികള്‍ക്ക് കൂട്ടുകൂടാന്‍ അധിക നേരം വേണ്ടല്ലോ.. ഞങ്ങള്‍ അങ്ങ് കൂട്ടായി, തട്ടകമായ ഭഗവതി ക്ഷേത്രത്തിനു അടുത്താണ് അവന്റെ വീട്. 

കാവില്‍ പോകുമ്പോഴും, തൊടിയില്‍ പോകുമ്പോഴും ഒക്കെ അവന്‍ വരും , മാവില്‍ ഒക്കെ ദാണ്ടേ എന്ന് പറഞ്ഞ നേരം കൊണ്ട് കേറും.. അമ്മ മാത്രമേ കൂടെ ഉള്ളൂ.  അപ്പ പൊള്ളാച്ചിയില്‍ പണിക്കു പോയിരിക്കുന്നു. ഒരു ദിവസം ഉച്ച കഴിഞ്ഞു ഊരുതെണ്ടലിനിടയില്‍ അവന്റെ വീട്ടിലും പോയി, ഒരു ചെറിയ ഷെഡ് മാതിരി ഒരു വീട്.. പക്ഷെ ചാണകമൊക്കെ തേച്ചു ഭംഗിയില്‍ ഇട്ടിരിക്കുന്നു.. അവന്റെ അമ്മ ഞങ്ങളെ സ്‌നേഹത്തോടെ ക്ഷണിച്ചു.. മോരില്‍ ഉപ്പും, കാന്താരിയും ഇഞ്ചിയും ചതച്ചു ഇട്ടു തന്നു.. വെയിലത്ത് കളിക്കുയായിരുന്ന ഞങ്ങള്‍ക്ക് അത് അമൃത് ആയിരുന്നു.. ചോറ് തരട്ടെ എന്നായി, അവര്‍. ഞാനും അവളും മുഖത്തേക്ക് നോക്കി.

വേണ്ട എന്ന് പറയുന്ന മുന്നേ അവര്‍ കവടി കിണ്ണത്തില്‍ ചോറ് കൊണ്ട് വെച്ചു. കറി വിളമ്പി, പുളിശ്ശേരി.. എന്റെ ഇഷ്ടപെട്ട കറി. കൂടെ ചമ്മന്തിയും, എന്തോ.. നല്ല രുചിയാര്‍ന്നു. ഞങ്ങള്‍ മൂന്നെണ്ണവും വടിച്ചു തുടച്ചു ഉണ്ടു. ഞാന്‍ വീണ്ടും ചോദിച്ചു വാങ്ങി എന്നാണ് ഓര്‍മ്മ. പക്ഷെ പുളിശ്ശേരി വേറേതോ രുചി. അവനോടു ചോദിച്ചു.. പഴം കൊണ്ടാണത്രേ. അമ്പോ.. അന്ന് വീട്ടില്‍ എത്തി.. അമ്മൂമ്മയോട്  അതിനെ പറ്റി  വര്‍ണ്ണിക്കുമ്പോള്‍, അമ്മൂമ്മ ചോദിച്ചു.. 'ഉച്ച നേരത്തൊന്നും ഒരു വീട്ടിലും പോവരുത്, അവര്‍ക്ക് കലാക്കിയിതല്ലേ, അവിടെ ഉണ്ടാവൂ, അവര് ഉണ്ടോ എന്ന് അന്വേഷിച്ചോ? പകലന്തി പണി എടുത്തു, തുള്ളി വെള്ളം കുടിക്കുക ഉച്ചക്കാണ്, അവരുടെ ആധി കാണാണ്ടല്ലോലെ.  കുട്ട്യോളെ.. 'എന്ന്. ഞങ്ങള്‍ രണ്ടിന്റെയും മുഖം വാടി.. ഉറങ്ങാന്‍ കിടന്നിട്ടും ആ വിഷമം മാറിയില്ല.. പിറ്റെ ദിവസം കാവില്‍ പോയി വന്നപ്പോള്‍ അമ്മൂമ്മ ഒരു കിഴി തന്നു, കുത്തരി ആണ്.. കൂടെ അഞ്ചാറു മാങ്ങയും, 2 നാളികേരവും.' അവര്‍ക്കു കൊണ്ട് കൊടുക്ക് എന്ന്' .. പൂത്തിരി കത്തിച്ച പോലെ ഞങ്ങളുടെ മുഖം വിടര്‍ന്നു.. ഒറ്റ ഓട്ടത്തിന് ഞങ്ങള്‍ അവിടെ എത്തി.. കിതച്ചോണ്ടു ശ്രീജ പറഞ്ഞു' അച്ഛമ്മ തന്നതാ കുട്ടന്റെ അമ്മേ, എടുത്ത് വെച്ചോളൂ' അവര് ആകെ വിഷമിച്ചു. 'ഒരുപിടി ചോറ് ഉണ്ടേനാണോ മോളെ'.. അപ്പോള്‍ എന്റെ ക്ലാസ് മറുപടി 'അല്ല ഇനിയും ഉണ്ണാന്‍ ആണ്, കുട്ടന്റെ അമ്മേടെ കൂട്ടാന്‍ എന്ത് രസാ' അവര്‍ ചിരിച്ചു എങ്കിലും കണ്ണില്‍ വെള്ളം നിറഞ്ഞു.. ' വാങ്ങൂ വാങ്ങൂ' എന്ന് നിര്‍ബന്ധിച്ചപ്പോള്‍ വാങ്ങി..മൂന്നാല് കൊല്ലം, അവന്‍ അവിടെ ഉണ്ടായിരുന്നു.. പിന്നെ എവിടേക്കോ പോയി, പക്ഷെ ആ രുചി പോയില്ല..അതാവട്ടെ ഇന്നത്തെ സ്‌പെഷ്യല്‍, കൂടെ കാരറ്റ് പയര്‍ തോരനും, പുളി ചമ്മന്തിയും

പഴം പുളിശ്ശേരി
* * * * * * * * * * *
നേന്ത്രപ്പഴം - 2
തൈര് - ഒരു കപ്പ്
തേങ്ങചിരവിയത് - അര കപ്പ്
മുളകുപൊടി - അര സ്പൂണ്‍
മഞ്ഞപൊടി - കാല്‍ സ്പൂണ്‍
പച്ചമുളക്-  3
ജീരകം - അര സ്പൂണ്‍
കുരുമുളക് - കാല്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന് 
കടുക്, ഉലുവ വറ്റല്‍മുളക്, വേപ്പില 

 • പഴം തൊലികളഞ്ഞു നടുവിലെ കറുത്ത ഭാഗം കളഞ്ഞു നുറുക്കി എടുക്കുക
 • ഇതും മഞ്ഞപൊടി, മുളകുപൊടി, ഉപ്പ് അല്‍പം വെള്ളം ചേര്‍ത്ത് ചട്ടിയില്‍ വേവിക്കുക
 • നാളികേരം, ജീരകം, പച്ചമുളക്, കുരുമുളക് എന്നിവ വെണ്ണപോലെ അരച്ചെടുക്കുക
 • വെന്ത പഴത്തിലേക്കു അരപ്പ് ചേര്‍ത്ത് ഇളക്കി എടുക്കുക
 • നന്നായി  തിളച്ചാല്‍ തൈരും ചേര്‍ക്കാം, തിളയ്ക്കണം എന്നില്ല.
 • നല്ല വെളിച്ചെണ്ണയില്‍ കടുക്, ഉലുവ, വറ്റല്‍മുളക്, വേപ്പില പൊട്ടിച്ചു കറിയില്‍ ചേര്‍ക്കുക
 • പഴം വല്ലാതെ പഴുത്തതാണ് എങ്കില്‍ പെട്ടന്ന് ഉടഞ്ഞു പോകും , അത് ശ്രദ്ധിക്കണം.

കാരറ്റ് പയര്‍ തോരന്‍
* * * * * * * * * * * * * *
കാരറ്റ്,പയര്‍ അരിഞ്ഞത് - ഒന്നര കപ്പ്
കൊച്ചുള്ളി    -    5
വെളുത്തുള്ളി -  5
മുളകുപൊടി -   1 സ്പൂണ്‍
മഞ്ഞള്‍പൊടി - നുള്ള് 
വേപ്പില      -        ഒരു തണ്ട്
ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

 • ചട്ടിയില്‍ എണ്ണ ഒഴിച്ച്  ഉള്ളി, കൊച്ചുള്ളി, വേപ്പില മൂപ്പിച്ചു, മുളകുപൊടി മഞ്ഞപൊടി ചേര്‍ത്ത് മൂപ്പിക്കുക.
 • ഇതിലേക്ക് അരിഞ്ഞ കാരറ്റ്, പയര്‍ ചേര്‍ത്തു അടച്ചു വെച്ച് ഉപ്പ് കൂടെ ഇട്ടു വേവിക്കുക.
 • വേവായാല്‍  ഇളക്കി, ഉലര്‍ത്തി എടുക്കാം.

 പുളി ചമ്മന്തി
* * * * * * * * *
കൊച്ചുള്ളി -7
വെളുത്തുള്ളി - 5 അല്ലി
ഇഞ്ചി - ചെറു കഷ്ണം
മുളകുപൊടി - ഒന്നര സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള് 
ഉപ്പ് - ആവശ്യത്തിന് 
പഴംപുളി - ഒരു അരിനെല്ലിക വലുപ്പം

 • ചട്ടിയില്‍ എണ്ണ ഒഴിച്ച് ഉള്ളി, വെളുത്തുള്ളി , ഇഞ്ചി നല്ലപോലെ മൂപ്പിക്കുക.
 • ഇതിലേക്ക്, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് നല്ലപോലെ മൊരിയിക്കുക.
 • ഇറക്കി, ചൂടാറിയാല്‍ പുളി, ഉപ്പ്, അല്പം വെള്ളം ചേര്‍ത്ത് കൈകൊണ്ട് തിരുമ്മി പിടിപ്പിക്കുക.

content highlights: lunch box recipe