ഞാന്‍ പഠിച്ചിരുന്നത് അടുത്തുള്ള കോണ്‍വെന്റ് സ്‌കൂളില്‍ ആയിരുന്നു. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം..ചോറിന്റെ കൂടെ മുട്ട പൊരിച്ചത് അല്ലേല്‍ പുഴുങ്ങിയത് എന്നും അമ്മ വെച്ചിട്ടുണ്ടാകും. അന്ന് എല്‍ പി കാര്‍ക്ക് ബഞ്ച് മാത്രേ ഉള്ളു..അതാണേല്‍ ഓരോ ദിവസവും മാറണം.. പുറകില്‍ ഒരു ബെഞ്ച് ഉണ്ട്. അവിടെ ആണ് ഞങ്ങള്‍ ചോറും പാത്രം വെച്ചിരുന്നത്.. പല പല പാത്രങ്ങള്‍.. പല പല രുചികള്‍.. ചില ചോറുപാത്രങ്ങള്‍ ഗോപുരം പോലെ തോന്നിക്കും.. ആദ്യം ചോറ് നിറച്ച പാത്രം, അതിനു മുകളില്‍ കറി പത്രം, അതിനു മുകളില്‍ അച്ചാറോ, ഉപ്പിലിട്ടതോ ഉള്ള പാത്രം.. എന്നിട്ട് ഇതൊക്കെ കൂടെ ഒരു ടവ്വല്‍ കൊണ്ട് മുറുക്കെ കെട്ടിയിരിക്കും. നമ്മക്ക് ലോ ഫ്‌ലോര്‍ പാത്രമേ ഉള്ളൂ..പക്ഷെ ഉള്ളില്‍ കറി വേറെ വെയ്ക്കാന്‍ കംപാര്‍ട്‌മെന്റ് ഒക്കെ ഉണ്ട്. ചെറിയച്ചന്‍ ദുബായില്‍ നിന്ന് കൊണ്ടുവന്നു തന്നതാ.... ടോമും, ജെറിയുമൊക്കെ പല്ലിളിച്ചു നില്‍ക്കുന്ന നീല പാത്രം..ആദ്യമൊക്കെ അതിന്റെ അഹങ്കാരം നല്ലപോലെ ഞാന്‍ കാണിച്ചിരുന്നു.

അങ്ങനെ ഉച്ച ഇന്റര്‍വെല്ലിനു തൊട്ടുള്ള പീരീഡ് ആണ്.. ബോറടിച്ചു തല തിരിച്ച എന്റെ കണ്ണില്‍ ഒരു കുഞ്ഞു കുപ്പി പെട്ടു.. രണ്ടു മുഴുത്ത നെല്ലിക്ക. വായയില്‍ വെള്ളച്ചാട്ടം ആയി.. അന്യന്റെ നെല്ലിക്ക മോഷ്ടിക്കരുത് എന്ന് കര്‍ത്താവ് പറഞ്ഞിട്ടുള്ളത് എപ്പോഴും ഓര്‍ക്കണമെന്ന് വെള്ളയും വെള്ളയും ഇട്ടു വരുന്ന സിസ്റ്റര്‍ എപ്പോഴും പറയുന്നതുകൊണ്ട്.. ആ വെള്ളം അങ്ങ് ഇറക്കി . അപ്പോ ദോ അടുത്തിരിക്കുന്നവള്‍ എന്നോട് നിനക്ക് വേണോ.. എന്നായി.. ഞാന്‍ ആ എന്നും..അവളുടെയാണ് എന്നൊക്കെ പറഞ്ഞു നീട്ടിയപ്പോള്‍ കൊതി മൂത്ത ഞാന്‍ അങ്ങ് അത് അകത്താക്കി.. കുരു അതെ കുപ്പിയില്‍ തന്നെ ഇട്ടു.. ഉച്ചബെല്‍ അടിച്ചു ഊണിനു കൈ കഴുകി വന്നപ്പോള്‍ ക്ലാസില്‍ അകെ ബഹളം.. ദേവു എന്ന കുട്ടിടെ നെല്ലിക്ക ആരോ കഴിച്ചിരിക്കുന്നു.. ഞാന്‍ ആ നില്‍പ്പില്‍ തണുത്തു ഉറഞ്ഞു.. അപ്പോള്‍ പുറകില്‍ നിന്ന് എന്റെ കൂട്ടുപ്രതിയുടെ തോണ്ടല്‍.. 'ഞാന്‍ പറഞ്ഞു കൊടുക്കും നീയാ അത് തിന്നത് എന്ന്.. '..ആ ഭൂമി പിളര്‍ന്നു താഴേക്ക് പോയാ മതി എന്ന് ഇന്നാണേല്‍ ഞാന്‍ വിചാരിച്ചേനെ.. അന്ന് മുതല്‍ ആ കളവ്(കട്ടതു ഞാന്‍ അല്ലേലും, കട്ടമുതല്‍ ഉപയോഗിച്ചല്ലോ...)മറയ്ക്കനായി എന്റെ മുട്ട അവള്‍ക്കു ബലിയര്‍പ്പിച്ചു തുടങ്ങി.. കുറെ ദിവസം കഴിഞ്ഞപ്പോള്‍ സങ്കടം സഹിക്കാതെ വന്നപ്പോള്‍ അമ്മയോട് കാര്യം പറഞ്ഞു.. അമ്മ തന്നെ സ്‌കൂളില്‍ വന്നു, സിസ്റ്ററെ കണ്ടു, 4 നെല്ലിക്ക കൊണ്ട് സിംപിളായി കാര്യം സെറ്റില്‍ ചെയ്തു. അന്ന് അമ്മ എന്റെ സങ്കടം മാറ്റാനായി മുട്ട കൊണ്ട് ഒരു പുതിയ കറി വെച്ച് തന്നു. അതാവട്ടെ ഇന്നത്തെ സ്‌പെഷ്യല്‍. കൂടെ ഒരു  കാരറ്റ് ക്യാപ്സികം മസാലയും

മുട്ട ഓംലേറ്റ് കറി.
* * * * * * * * * * *
മുട്ട 4
കൊച്ചുള്ളി 6
ഇഞ്ചി ഒരു കഷ്ണം
പച്ചമുളക് 4
മാങ്ങാ ഒന്ന്/ ഇരുമ്പാമ്പുളി ഒരു പിടി
തക്കാളി  ഒന്ന്
വേപ്പില
നാളികേരപാല്‍ ഒന്നാരക്കപ്പ്
മഞ്ഞള്‍പൊടി കാല്‍ സ്പൂണ്‍
മുളകുപൊടി 1 സ്പൂണ്‍
മല്ലിപ്പൊടി അരസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന് 

 • മുട്ട അല്‍പം ഉപ്പും ഒരു സവാള അരിഞ്ഞതും കുരുമുളകുപൊടിയും ചേര്‍ത്ത് ചേര്‍ത്ത് പൊരിച്ചെടുത്തു ചതുരക്കഷണങ്ങളായി മുറിച്ചു വെക്കുക
 • ഒരു ചട്ടിയില്‍ ഉള്ളി ,പച്ചമുളക് ,ഇഞ്ചി അരിഞ്ഞത്, വേപ്പില , മഞ്ഞള്‍പൊടി ,ഉപ്പ് മുളകുപൊടി, മല്ലിപ്പൊടി , മാങ്ങാ/പുളി കഷ്ണങ്ങള്‍ എന്നിവ ചേര്‍ത്ത് നല്ലപോലെ തിരുമ്മിപ്പിടിപ്പിക്കുക.
 • ഇതിലേക്ക് നാളികേരപ്പാലും തക്കാളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു അടുപ്പത്ത് വയ്ക്കുക
 • നല്ലപോലെ തിളച്ച് കഴിഞ്ഞാല്‍ ഇറക്കി മുട്ട കഷ്ണങ്ങള്‍ ചേര്‍ക്കാം
 • ഇനി ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞ് വെളിച്ചെണ്ണയില്‍ മൂപ്പിച്ച ശേഷം ചേര്‍ക്കുക. 

ക്യാരറ്റ് ക്യാപ്‌സികം മസാല
* * * * * * * * * * * *-* * * * *
ക്യാരറ്റ് മൂന്ന്
ക്യാപ്‌സിക്കം രണ്ട്
സവാള-1
വെളുത്തുള്ളി 3 അല്ലി
ഇഞ്ചി കുഞ്ഞു കഷണം
പച്ചമുളക് ഒന്ന്
തക്കാളി-1
ജീരകം കാല്‍ സ്പൂണ്‍
ഗരം മസാല അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ സ്പൂണ്‍ ഫോണ്‍
മല്ലിപ്പൊടി-അര സ്പൂണ്‍
മുളകുപൊടി ഒരു സ്പൂണ്‍ സ്‌കൂള്‍
വേപ്പില ഒരു തണ്ട്
ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്

 • ക്യാരറ്റും കാപ്‌സിക്കം കഴുകി അരിഞ്ഞു വയ്ക്കുക
 • ചട്ടിയില്‍ എണ്ണ ഒഴിച്ച് ശേഷം ജീരകം പൊട്ടിച്ച് ഉള്ളി ,വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ വഴറ്റുക.
 • നന്നായി വഴന്ന ശേഷം ഇതിലേക്ക് പൊടികള്‍ ആയ മഞ്ഞള്‍പ്പൊടി മല്ലിപ്പൊടി മുളകുപൊടി ഗരംമസാല എന്നിവ ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക.
 • ഇതിലേക്ക് അരിഞ്ഞ തക്കാളി ചേര്‍ത്ത് അല്‍പനേരം അടച്ചുവയ്ക്കുക. തക്കാളി നല്ലപോലെ മൃദു ആകണം .
 • ഇനി ഇതിലേക്ക് അരിഞ്ഞുവെച്ച ക്യാപ്‌സിക്കവും ക്യാരറ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലപോലെ വഴറ്റി 10 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.
 • വെള്ളമൊക്കെ വറ്റി മസാല പരുവം ആയാല്‍ അല്പംകൂടി ഗരംമസാല തൂവി ഇറക്കാം.

Content Highlights: Lunch Box Recipe