യൂണിവേഴ്‌സിറ്റി പരീക്ഷ നടക്കുന്നതു കൊണ്ട്,  വീട്ടില്‍ തന്നെ കുത്തിയിരുന്നു അതിതീവ്രമായി പഠിക്കുന്ന സമയം.. പരീക്ഷ സമയത്തു മാത്രം തലച്ചോര്‍ ഇത്തിരി പണി എടുക്കുന്നത് കൊണ്ട് കാര്യമായ ക്ഷീണം വയറിനായിരുന്നു.. അതുകൊണ്ടു മണിക്കൂര്‍ വെച്ച് അടുക്കളയില്‍ പോവുക, തപ്പി പരതുക കഴിക്കാന്‍ എന്തെങ്കിലും  എടുത്തുകൊണ്ടു വരുക, കൊറിച്ചോണ്ടു ഇരിക്കുക എന്നതാര്‍ന്നു എന്റെ പണി... അന്നൊക്കെ  പഞ്ചായത്തു വഴി തൈകള്‍ കൊടുത്തിരുന്നത് കൊണ്ട്.. അമ്മ , അമ്മയുടെ അടുക്കള തോട്ടം അങ്ങ് വികസിപ്പിക്കേണ്ട തിരക്കില്‍ ആയിരുന്നു.. ഞങ്ങളെക്കാള്‍ ശ്രദ്ധ അമ്മയ്ക്കു പുതിയ കുഞ്ഞുങ്ങളിലും.. 

നട്ടുനനച്ചതില്‍ ആകെ പിടിച്ചു വെണ്ടയും, വഴുതങ്ങയും.. പിന്നെ കാട് ഇളകി വന്നപ്പോലെ.. ദാണ്ടേ തക്കാളിയും.. പക്ഷെ പണി കിട്ടിയതു അന്ന് മുതലാണ്.. വെയ്ക്കുന്ന കറികളില്‍ നിറയെ തക്കാളി സാന്നിധ്യം..തക്കാളി കറി, തക്കാളി സാമ്പാര്‍, തക്കാളി മീന്‍ കറി, തക്കാളി ചമ്മന്തി, ശ്ശെടാ.. തോരനില്‍ വരെ തക്കാളിയായി.. എന്നും പഴുത്ത തക്കാളി ഉണ്ടായി നില്‍പ്പുണ്ടാകും, അത് അങ്ങ് കറി ആകും.. ഇനി പഴുത്തിലെങ്കിലോ, പച്ച തക്കാളി കൊണ്ടാകും അന്നത്തെ പ്രയോഗം..  കൂടെ ' വീട്ടില്‍ ഉണ്ടായതല്ലേ... വിഷം അടിക്കാത്തതാ.. നട്ട് നനച്ചത് അങ്ങനെ കളയാന്‍ പറ്റോ' എന്നൊക്കെ ഉള്ള അമ്മയുടെ വാദങ്ങളും.. ഒരു ദിവസം ഉച്ചയ്ക്കു ചോറ് ചോദിച്ചു വന്ന എന്റെ മുന്നിലേക്ക് തക്കാളി ചോറും, തൈരും കൂടി വെച്ച് നീക്കിവെച്ചു തന്നതോട് കൂടി, വേദനയോടെ ഞാന്‍ ആ സത്യം മനസ്സിലാക്കി.... 'ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല.. ഹോസ്റ്റലില്‍ പോവുന്നതാണ് നല്ലതു എന്ന്'. 

ഇന്ന് അതും പറഞ്ഞു അമ്മയെ കളിയാക്കും എങ്കിലും അന്ന് അമ്മ ഉണ്ടാക്കിയ തക്കാളി പുളിശ്ശേരി നമ്മുക്ക് അങ്ങട് പിടിച്ചു.. ഇന്ന് അതാവട്ടെ നമ്മുടെ ലഞ്ച് ബോക്‌സില്‍, കൂടെ മുളകു ചുട്ടരച്ച ചമ്മന്തിയും, വെണ്ടക്ക മസാല ഫ്രൈയും

തക്കാളി പുളിശ്ശേരി

തക്കാളി -  5
നാളികേരം ചിരവിയത് - കാല്‍ മുറി
തൈര് - കാല്‍ കപ്പ്
പച്ചമുളക് - 3
ഇഞ്ചി - ഒരു കഷ്ണം അരിഞ്ഞത്
വേപ്പില - ഒരു തണ്ട്
ജീരകം - അര സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍
മുളകുപൊടി - 1 സ്പൂണ്‍
ഉപ്പു, വെളിച്ചെണ്ണ - ആവശ്യത്തിന്
കടുക് ,വറ്റല്‍ മുളക് - മൂപ്പിക്കാന്‍

  • ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം, പച്ചമുളകും, ഇഞ്ചിയും അരിഞ്ഞത് ചേര്‍ത്ത് ഒന്ന് വാട്ടിയ ശേഷം, മഞ്ഞള്‍ പൊടിയും, മുളകുപൊടിയും മൂപ്പിച്ചു തക്കാളി അരിഞ്ഞത് ചേര്‍ത്ത് മിനിറ്റു അടച്ചു വെച്ച് വേവിക്കുക
  • ഇതിലേക്ക് നാളികേരവും ജീരകവും ചേര്‍ത്ത് അരച്ച അരപ്പ് ചേര്‍ത്ത് ഇളക്കി, അര കപ്പ് ചൂട് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഉപ്പ് ചേര്‍ക്കുക
  • ഇനി ഇതിലേക്ക് കട്ട മാറ്റിയ തൈര് ചേര്‍ക്കാം. തിളപ്പിക്കണ്ട
  • കടുക് , വറ്റല്‍മുളക് പൊട്ടിച്ചു ചേര്‍ക്കാം

മുളക് ചുട്ടരച്ച ചമ്മന്തി

നാളികേരംചിരവിയത് - കാല്‍ മുറി
ചെറിയ ഉള്ളി. -       4
വെളുത്തുള്ളി.   -    2
ഇഞ്ചി             -        ഒരു കുഞ്ഞു കഷ്ണം
പച്ചമുളക്          -    ഒന്ന്
വറ്റല്‍ മുളക്.     -   4 അല്ലെങ്കില്‍ 5
പുളി                 -       അരിനെല്ലിക വലുപ്പം
ഉപ്പ്      -         ആവശ്യത്തിന്
വെളിച്ചെണ്ണ -  ആവശ്യത്തിന്
മഞ്ഞള്‍പൊടി   -  നുള്ള്
വേപ്പില     -         ഒരു തണ്ട് 

  •  വറ്റല്‍ മുളക്, കനലിലോ, ഗ്യാസ് അടുപ്പിന്റെ തീയിലോ ഒന്ന് ചുട്ടെടുക്കുക
  •  ഇത് തണുത്തതിനു ശേഷം നാളികേരം, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്,  വേപ്പില ചേര്‍ത്ത്, വറ്റല്‍ മുളക്, ഉപ്പ്, പുളി കൂടി ചേര്‍ത്ത് മിക്‌സിയിലോ, അമ്മിയിലോ അരയ്ക്കാം. അധികം വെള്ളം ചേര്‍ക്കണ്ട.

വെണ്ടക്കായ മസാല ഫ്രൈ

?ഒരു പാത്രത്തില്‍ ഓരോ സ്പൂണ്‍ മുളകുപിടി, മല്ലിപ്പൊടി, മഞ്ഞപൊടി, ഒരു സ്പൂണ്‍ അരിപ്പൊടി, നുള്ളു ജീരകപൊടി, നുള്ളു നാരങ്ങാ നീര്, ഉപ്പ്, മസാല പൊടി എന്നിവ അല്പം വെള്ളത്തില്‍ മിക്‌സ് ചെയ്യുക. ഇത് കഴുകി, തുടച്ച്, നടു കീറിയ വെണ്ടക്കയില്‍( 10 എണ്ണം) തേച്ചുപിടിപ്പിച്ച് വറുക്കുക.

Content Highlights: Lunch Box Recipe