ച്ഛാച്ഛന്റെ ശ്രാദ്ധത്തിന് (ചാത്തതിനു) അമ്മയും അച്ഛനും വ്രതം നോറ്റു ഇരിക്കുന്ന ഒരു ദിവസം, സൂര്യന്‍ തലയ്ക്കു മുകളില്‍ വന്നു ഉദിച്ചാലും, അറിയാത്ത മട്ടില്‍ ആണ് എന്റേം അനിയന്റേം ഉറക്കം. അങ്ങനെ എണീറ്റ് വന്നപ്പോള്‍ വീട്ടില്‍ ആരും ഇല്ല.. അമ്മ കാലത്തേക്ക് വേണ്ട ഇഡ്ഡലിയും ചമ്മന്തിയും, ഉച്ചയ്ക്കു വേണ്ട അവിയലും, തോരനും ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഈ അമ്മ എവിടെ പോയി ..? എന്ന് അന്വേഷിച്ചു കൂവി വന്നപ്പോള്‍ ആണ് അപ്പുറത്തെ വീട്ടിലെ ചേച്ചി, ഒരു വട്ടയിലയില്‍ 5 കോഴിമുട്ട കൊണ്ടുതന്നത്.. അവരുടെ ആരോ മരിച്ചു വീട് അടച്ചു പോവാണ് എന്നൊക്കെ പറഞ്ഞു. നിദ്രാ ദേവിയുടെ ആലിംഗനം പിടി വിടാത്തതോണ്ടു പകുതി ഒന്നും കേട്ടില്ല.. മാത്രമല്ല.. കൈയിലെ പിടിയും പതുക്കെ അങ്ങ് വിട്ടു, മുട്ട ദാണ്ടേ നിലത്ത്. വീണത് അമ്മ മുറിച്ചു വെച്ച് പോയ വാഴയിലയില്‍ ആയതോണ്ട്.. മണ്ണ് പറ്റിയില്ല.. ഉറക്കത്തിന്റെ ചടവൊക്കെ വിട്ടു. അടി എന്തായാലും ഉറപ്പാ.. ഇനി എന്ത് ചെയ്യും.

മണ്ടന്‍ തലയില്‍  ഒരു ബുദ്ധി മിന്നി, വേഗം അടുപ്പ് കത്തിച്ചു, അവിയലിന് കൂട്ടാക്കി അങ്ങ് ചേര്‍ത്ത് ഇളക്കി സെറ്റാക്കി, അനിയനോട് മിണ്ടരുത് എന്ന  ചട്ടം കെട്ടി.. അങ്ങനെ പല്ലും തേച്ചു ഇരിക്കുമ്പോള്‍ അമ്മയും അച്ഛനും ദാ വരുന്നു, അമ്പലത്തില്‍ നിന്നാണ്. കുളിക്കണം എന്നാലേ തിന്നാന്‍ തരൂ.. അച്ഛാച്ഛന്റെ ശ്രാദ്ധം ആണ് എന്നൊക്കെ പറഞ്ഞപ്പോള്‍ എന്റെ പുന്നാര അനിയന്‍, അപ്പോള്‍ നമുക്ക് മുട്ട കഴിക്കാമോ എന്നായി, അമ്മ ഇല്ല നാളെ കഴിയട്ടെ എന്നായി, അപ്പോള്‍ അപ്പോള്‍ മുട്ട ചേര്‍ത്ത അവിയലോ.. 'എന്തോന്ന്' അമ്മ അന്തംവിട്ടു. പിന്നെ അവന്റെ ഡ്രാമ ആയിരുന്നു. എന്തിനു പറയുന്നു.. അടിപൊടി പൂരം.. 

കാലം മാറി. യഥാര്‍ഥ മുട്ട അവിയല്‍ തയ്യാറാക്കാന്‍ ഞാന്‍ പഠിച്ചു. ഇന്ന് അതെന്റെ ഇഷ്ട വിഭവം ആണ്.. മുട്ട അവിയലും, വെണ്ടക്ക തീയലും.. ഇതാവട്ടെ ഇന്നത്തെ ലഞ്ച് ബോക്‌സ് സ്‌പെഷ്യല്‍

മുട്ട അവിയല്‍

മുട്ട  5
ഇഷ്ടമുള്ള പച്ചക്കറി അരിഞ്ഞത്  2 കപ്പ്
പച്ചമുളക്.     4
മുളകുപൊടി 1 സ്പൂണ്‍
സവാള           ഒന്ന്
കൊച്ചുള്ളി     4
വെളുത്തുള്ളി 3 അല്ലി
വേപ്പില
മഞ്ഞള്‍പൊടി അര സ്പൂണ്‍
ജീരകം              അര സ്പൂണ്‍
തക്കാളി             ഒന്ന്
നാളികേരം         മുക്കാല്‍ മുറി

??പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞു കഴുകി, മഞ്ഞപൊടി , ഉപ്പു ചേര്‍ത്ത് വേവാന്‍ വെയ്ക്കുക. സവാള അരിഞ്ഞതുകൂടി ചേര്‍ക്കണം
??മുട്ട പുഴുങ്ങി, തോട് കളഞ്ഞു 4 ആയി മുറിച്ചു വെയ്ക്കുക
??നാളികേരം, മുളകുപൊടി, ജീരകം, വെളുത്തുള്ളി, ഉള്ളി എന്നിവ ചേര്‍ത്ത് അരയ്ക്കുക
?? മുക്കാല്‍ വെന്ത കഷ്ണത്തിലേക്കുഅരപ്പ് ചേര്‍ക്കുക. കൂടെ നീളത്തില്‍ മുറിച്ച തക്കാളിയും, വേപ്പില ചേര്‍ത്ത് തുറന്നു വെച്ച് വേവിക്കുക
??വെള്ളം ഒക്കെ നല്ലപോലെ വറ്റിയാല്‍ മുട്ട ചേര്‍ത്ത് പതുക്കെ ഇളക്കുക, തീ ഓഫ് ചെയ്യാം.ഇനി അല്പം വെളിച്ചെണ്ണയും വേപ്പില തൂവി അടച്ചു വെയ്ക്കം.

വെണ്ടക്ക തീയല്‍

വെണ്ടക്ക   15
കൊച്ചുള്ളി 8
നാളികേരം  കാല്‍ മുറി
മല്ലി. ഒന്നര സ്പൂണ്‍
പുളി വെള്ളം  അര കപ്പ്
മഞ്ഞപൊടി, കായംപൊടി. നുള്ളു
ഉലുവ   നുള്ളു
മുളകുപൊടി ഒന്നര സ്പൂണ്‍
വേപ്പില, വറ്റല്‍മുളക്, കടുക്
വെളിച്ചെണ്ണ

??വെണ്ടക്ക കഴുകി,തുടച്ചു ഒരിഞ്ചു നീളത്തില്‍ നുറുകി, ഒന്ന് എണ്ണയില്‍ വറുത്തെടുക്കുക, കൊച്ചുള്ളിയും ഇതുപോലെ ചെയുക
??പാന്‍ ചൂടാക്കി മുഴുവന്‍ മല്ലിയും, ഉലുവയും ചൂടാക്കി എടുക്കുക
??ഇതേപാനില്‍ നാളികേരം, വേപ്പില ചേര്‍ത്ത് നല്ല ബ്രൗണ്‍ നിറമാകുന്ന വരെ വറുക്കുക, എടുക്കാന്‍ നേരം മുളകുപൊടി, മഞ്ഞപൊടി, കായം പൊടി ചേര്‍ത്ത് ഇളക്കി എടുക്കുക
??ചൂടാറിയ ശേഷം ഇതും, വറുത്ത മല്ലി ഉലുവ കൂട്ടി വെണ്ണപോലെ അരച്ചെടുക്കുക
??പാനില്‍ കടുക്, വേപ്പില, വറ്റല്‍മുളക് പൊട്ടിച്ചു പുളിവെള്ളം ഒഴിച്ച് തിളപ്പിക്കുക, ശേഷം അരപ്പ് ചേര്‍ത്ത് നന്നായി തിളപ്പിച്ചു, ഉപ്പു ,നുള്ളൂ ശര്‍ക്കര ചേര്‍ത്ത് വെണ്ടക്കയും ഉള്ളിയും ചേര്‍ക്കുക, 4 മിനിറ്റു അടച്ചു വെച്ച് വേവിക്കാം.

ഗ്രേവി വേണമെങ്കില്‍ അല്പം ചൂട് വെള്ളം ഒഴിച്ച് തിളപ്പിക്കുക.എല്ലാം ചെറുതീയില്‍ വറുക്കുക.

Content Highlights: Lunchbox Recipe by Injipennu