ന്റെ പതിമ്മൂന്നാം വയസില്‍ ആണ്, കഴിക്കാനല്ലാതെ, വല്ലതും ഉണ്ടാക്കാനായി അടുക്കളയില്‍ കേറുന്നത്.അതും അമ്മയ്ക്കു കൈയില്‍ ഒരു ഓപ്പറേഷന്‍ വന്നതുകൊണ്ട് മാത്രം. പാചകത്തിന്റെ എബിസിഡി അറിയാത്തതുകൊണ്ട്, അമ്മയ്ക്ക് ഓപ്പറേഷനേക്കാള്‍ ടെന്‍ഷന്‍ എന്നെ അടുക്കള ഏല്‍പ്പിക്കുന്ന കാര്യം ഓര്‍ത്തിട്ടായിരുന്നു. അച്ഛനും അനിയനും ആണെങ്കിലോ ഇനി ഞാന്‍ വെയ്ക്കുന്നത്  കഴിക്കണമല്ലോ, എന്ന ടെന്‍ഷന്‍.എനിക്ക് മാത്രം ഒരു ടെന്‍ഷനും ഇല്ല.

അങ്ങനെ ഒരു ശുഭമൂഹുര്‍ത്തത്തില്‍ വലതുകാല്‍ വെച്ച് ഞാന്‍ അടുക്കളയില്‍ കേറി. അന്ന് ഈ യൂ ട്യൂബ് ചേച്ചിമാരും, ഫുഡ് ബ്ലോഗിങ്ങ് സൈറ്റുകളും, എന്തിന് മൊബൈല്‍ ഫോണ്‍ പോലും ഇല്ലല്ലോ. ആകെ ആശ്രയം അമ്മയുടെ പാചകഡയറി കുറിപ്പുകളും, പിന്നെ വനിതാമാസികകളില്‍ നിന്ന് വെട്ടിയെടുത്ത കുറെ പേപ്പര്‍ കഷ്ണങ്ങളുമായിരുന്നു.  അമ്മയുടെ ആ നിധി ഞാന്‍ നൈസ് ആയി അടിച്ചു മാറ്റി വെച്ചിരുന്നു.അങ്ങനെ ജീവിതത്തില്‍ ആദ്യമായി വെക്കാന്‍ പോകുന്ന വിഭവമോ സാമ്പാറും. അമ്മയുടെ പ്രാചീനലിപി വായിക്കാന്‍ തന്നെ അര ദിവസം എടുത്തു. അങ്ങനെ എഴുത്തുപോലെ എല്ലാം സെറ്റാക്കി, സാമ്പാര്‍ ഞാന്‍ റെഡി ആക്കി.

പക്ഷെ ഒരു കുഴപ്പം, അമ്മ വെക്കുമ്പോള്‍ സാമ്പറിന് നല്ല കടുംമഞ്ഞ നിറമാണ്. എന്റെ സാമ്പാര്‍ ആണേല്‍ ദാണ്ടേ കഷായം പോലെ ചുവന്നു ഇരിക്കുന്നു. ചിന്തിച്ചു വന്നപ്പോള്‍നിറത്തിന്റെ പുറകിലെ ആ കറുത്ത കരങ്ങള്‍ ബീറ്റ്റൂട്ടിന്റെ ആണ്. അരിഞ്ഞ പച്ചക്കറി കഷ്ണങ്ങള്‍ എന്നേ അമ്മ എഴുതിയിട്ടുള്ളൂ, ഏത് പച്ചക്കറി എന്ന് പറഞ്ഞിട്ടില്ല.

അടുക്കള പൊട്ടിത്തെറിച്ചു കാണും എന്ന് കരുതി, ശ്വാസം പിടിച്ചു ഓടിവന്ന വന്ന അച്ഛന്‍ കാണുന്നത്  കലത്തിലേക്ക് നോക്കി മിഴിച്ചു നില്‍ക്കുന്ന എന്നെയാണ്. കാര്യം തിരക്കി, നിറത്തിന്റെ കാര്യം പറഞ്ഞപ്പോള്‍, ചിരിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു സാരമില്ല  നീ ശ്രമിച്ചല്ലോ എന്ന്, അപ്പോള്‍ പുറകില്‍ നിന്നൊരു തല നീണ്ടു വരുന്നു.. അനിയന്‍..അയ്യേ ഇതെന്തൂട്ടാ.. എനിക്കൊന്നും വേണ്ട.. സാമ്പാര്‍ ആണെത്രേ സാമ്പാര്‍.. അങ്ങനെ അന്ന് എന്റെ അടുക്കള സ്വപ്‌നം തകര്‍ത്ത ബീറ്റ്‌റൂട്ട് കൊണ്ടുണ്ടാക്കിയ തോരൻ ആണ് ഇന്നത്തെ സ്‌പെഷ്യല്‍. കൂടെ ഒരു തവണ കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നുന്ന സ്വയമ്പന്‍ വെണ്ടക്ക പാല്‍ കറിയും, അടിപൊളി പയര്‍ കൊണ്ടാട്ടവും.

വെണ്ടക്ക പാല്‍ കറി
********************
വെണ്ടക്ക  - 10 എണ്ണം
സവാള      -       ഒന്ന്(അരിഞ്ഞത്)
ഇഞ്ചി       -        1/2 സ്പൂണ്‍(അരിഞ്ഞത്)
വെളുത്തുള്ളി - 1/2 സ്പൂണ്‍(അരിഞ്ഞത്)
പച്ചമുളക്      -    4 (നെടുകെ കീറിയത്)
തക്കാളി      -       2(അരിഞ്ഞത്)
വേപ്പില       -       ഒരു പിടി
നാളികേരത്തിന്റെ ഒന്നാംപാല്‍    -   അര കപ്പ്
രണ്ടാം പാല്‍   -   ഒന്നര കപ്പ്
പെരുംജീരകം  -  അര സ്പൂണ്‍
മുളകുപൊടി  -   അര സ്പൂണ്‍(ീുശേീിമഹ)
മല്ലിപൊടി     -     അര സ്പൂണ്‍
മസാല പൊടി  - ഒരു സ്പൂണ്‍
കൊച്ചുള്ളി അരിഞ്ഞത് -   ഒരു സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന് 

 • വെണ്ടക്ക കഴുകി ഒരിഞ്ചു വലുപ്പത്തില്‍ മുറിച്ചു, എണ്ണയില്‍ ഒന്ന് വാട്ടി എടുത്തു വെയ്ക്കാം.
 • മണ്‍ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് പെരുജീരകം പൊട്ടിക്കുക.
 • ഇഞ്ചി,വെളുത്തുള്ളി നന്നായി വാട്ടി, സവാളയും പച്ചമുളകുകൂടെ ചേര്‍ക്കുക.
 • ഇതിലേക്ക് വെണ്ടക്ക ചേര്‍ത്ത്, മഞ്ഞപൊടി, മുളകുപൊടി,മല്ലിപ്പൊടി ചേര്‍ക്കുക.നന്നായി ഇളക്കി യോജിപ്പിച്ചു ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.
 • അരിഞ്ഞത് വെച്ച തക്കാളി ചേര്‍ത്ത് അല്പനേരം ചെറുതീയില്‍ അടച്ചു വെച്ചു വേവിക്കുക.
 • ഇനി ഇതിലേക്ക് നാളികേരത്തിന്റെ രണ്ടാംപാല്‍ ചേര്‍ക്കാം, പതുക്കെ ഇളക്കി,ചെറുതീയില്‍ 2 മിനിറ്റു വേവിക്കുക.
 • ഉപ്പു കുറവെങ്കില്‍ അല്പം ചേര്‍ക്കുക.
 • ഗരംമസാലപൊടി ചേര്‍ക്കുക
 • ഒന്നാം പാല്‍ ചേര്‍ത്ത്.ഇളക്കി ഇറക്കുക. പിന്നീട് തിളപ്പിക്കരുത്
 • കൊച്ചുള്ളി മൂപ്പിച്ചു ചേര്‍ക്കാം.
 • മുളകുപൊടി ആവശ്യം ഉണ്ടേല്‍ ചേര്‍ത്താല്‍ മതി. പച്ചമുളകിന്റെ എരിവാണ് ഇതിന്റെ രുചി.

ബീറ്റ് റൂട്ട് ചെറുപയര്‍ തോരന്‍
****************************
ബീറ്റ്റൂട്ട് അരിഞ്ഞത് - ഒരു കപ്പ്
ചെറുപയര്‍ - അര കപ്പ്
കടുക് - അര സ്പൂണ്‍
കൊച്ചുള്ളി   -     5
വെളുത്തുള്ളി -  5
മുളകുപൊടി -  1 സ്പൂണ്‍
മഞ്ഞള്‍പൊടി - നുള്ള്
വേപ്പില    -          ഒരു തണ്ട്
ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

 • ചെറുപയര്‍ കുതിര്‍ത്തു വെച്ച ശേഷം കുകെറില്‍ ഒരു വിസില്‍  ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് വേവിച്ചു എടുക്കാം.
 • ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, ഉള്ളി, കൊച്ചുള്ളി, വേപ്പില മൂപ്പിച്ചു, മുളകുപൊടി മഞ്ഞപൊടി ചേര്‍ത്ത് മൂപ്പിക്കുക.
 • ഇതിലേക്ക് അരിഞ്ഞ ബീറ്റ്റൂട്ട് ചേര്‍ത്തു അടച്ചു വെച്ച് ഉപ്പു കൂടെ ഇട്ടു വേവിക്കുക.
 • മുക്കാല്‍ വേവയാല്‍ വേവിച്ച ചെറുപയര്‍ കൂടെ ചേര്‍ത്ത് ഇളക്കി, ഉലര്‍ത്തി എടുക്കാം.

പയര്‍ കൊണ്ടാട്ടം
*******************
പയര്‍ കഴുകി വെള്ളം കളഞ്ഞു നീളത്തില്‍ പൊട്ടിച്ചു ഉപ്പും തൈരും പച്ചമുളകും കീറിയ മിശ്രിതത്തില്‍ 2 ദിവസം മുക്കി വെച്ച്  വെയിലത്ത് വെച്ച് കൊണ്ടാട്ടം ആക്കി എടുക്കുക. വെയിലത്തു നിന്ന് എടുക്കുമ്പോള്‍ വീണ്ടും ബാക്കി തൈരില്‍ പുരട്ടി വെയ്ക്കാം.പിറ്റേ ദിവസം വീണ്ടും വെയിലില്‍ വെയ്ക്കുക. അങ്ങനെ കൊണ്ടാട്ടം ആക്കാം

Content Highlights: Lunchbox Recipe by Injipennu, Kerala food recipe