കോളേജ് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കുട്ടികള്‍ക്ക് വീട്ടില്‍ വരുമ്പോള്‍ സ്ഥിരമായി വരുന്ന ഒരസുഖം ആണ് 'ആര്‍ത്തി' എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം എനിക്ക് സ്ഥിരമായി ഉണ്ടായിരുന്നു. അടുക്കളയില്‍ അമ്മ കഴിവിന്റെ പരമാവധി പയറ്റാറുള്ളതുകൊണ്ട് എന്റെ രോഗത്തിന് അല്പം ശമനം ഒക്കെ കിട്ടിയിരുന്നു എന്നൊക്കെ പറയാം. വൈകി മാത്രം എഴുന്നേല്‍ക്കുക, ഏഴുനേരം വരെ ഭക്ഷണം കഴിക്കുക, അതിനിടയിലും മാടുകളെ പോലെ എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുക, ടെലിവിഷന്റെ മുന്‍പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നാതിരിക്കുക, കുളിക്കുക  നനയ്ക്കുക എന്നീ കലാപരിപാടികളൊക്കെ സൗകര്യപൂര്‍വം ഒഴിവാക്കുക ഇതൊക്കെയാണ് ഈ അസുഖത്തിന്റെ മറ്റു ലക്ഷണങ്ങള്‍.. ഒരു സമയം അസുഖം കലശലായി ടെലിവിഷന്റെ മുന്നില്‍ നീണ്ടു നിര്‍ന്നു കിടന്നിരുന്ന എനിക്കു ഒരു ഫോണ്‍ വരുന്നു. സുഹൃത്താണ്... 'പള്ളിപെരുന്നാള്‍ ആണ് വരണം'. 

പിറ്റേ ദിവസം ഉച്ചയൂണിന്റെ നേരത്തു നമ്മള്‍ ഹാജരായി. അവളുടെ അമ്മ സ്‌നേഹത്തോടെ കറികള്‍ വിളമ്പി, അന്നാണ് ആദ്യമായി ഈ പോര്‍ക്ക് ഇറച്ചി കഴിക്കുന്നത്. ബീഫ് ആണെന്ന് തെറ്റിദ്ധരിച്ചു കഴിച്ചതാണ്. രണ്ടാം വട്ടം വിളമ്പുന്നതിനു മുന്‍പാണ് അവള്‍ അത് പോര്‍ക്കാണ് എന്ന് പറയുന്നത്.  വീട്ടില്‍ അമ്മ ഉണ്ടാക്കാറുണ്ടെങ്കിലും ഞാന്‍ കഴിക്കറില്ലായിരുന്നു. ആ വെളുത്ത പഞ്ഞി പോലെ ഉള്ള (നെയ്യ്) ഭാഗം എനിക്ക് ഇഷ്ടമല്ല.പക്ഷെ ഇപ്പോള്‍ കഴിച്ചപ്പോള്‍ ആ സംഭവം കണ്ടില്ല.. അതാ  അമളി പറ്റിയത്..  പക്ഷെ അന്ന്,  ആ ജിന്ന് നമ്മളെ കൂടെ അങ്ങ് കൂടി എന്നേ പറയേണ്ടൂ.. പിന്നെ ഇത് വരെ മൂപ്പര് നമ്മളെ വിട്ടുപിരിഞ്ഞിട്ടില്ല..അതുകൊണ്ട് ഇന്നത്തെ സ്‌പെഷ്യല്‍, നല്ല കായ ഇട്ടു വരട്ടിയെടുത്ത സ്വയമ്പന്‍ പോര്‍ക്കും, ഒരു പാവം ഫിഷ് മോളിയും.

കായ ഇട്ടു വരട്ടിയ പോര്‍ക്ക് റോസ്റ്റ്

*********************************

പോര്‍ക്ക്  ഇറച്ചി - 1 കിലോ
കൊച്ചുള്ളി - ഒരു പിടി
വെളുത്തുള്ളി - 16 എണ്ണം
ഇഞ്ചി        -       2 സ്പൂണ്‍
പച്ചമുളക്   -      3
വേപ്പില        -     2 തണ്ട്
കുരുമുളക്   - 1 സ്പൂണ്‍
മുളകുപൊടി  -  ഒന്നര സ്പൂണ്‍
മല്ലിപ്പൊടി -   ഒന്നരസ്പൂണ്‍
മഞ്ഞപൊടി  -  കാല്‍ സ്പൂണ്‍
നാളികേരം -   5 സ്പൂണ്‍
നേന്ത്ര കായ  -  1
പെരുംജീരകം - കാല്‍ സ്പൂണ്‍
ഇറച്ചി മസാല   1 സ്പൂണ്‍

ഉപ്പ്, വെളിച്ചെണ്ണ  - ആവശ്യത്തിന് 

 • ഇറച്ചി അല്പം, കുരുമുളകും, മഞ്ഞപൊടിയും ചേര്‍ത്ത് കുക്കറിൽ വേവിക്കുക
 • നാളികേരം പെരുംജീരകം ചേര്‍ത്ത് നന്നായി വറുക്കുക
 • ചട്ടിയില്‍ എണ്ണ ഒഴിച്ച്, ഇഞ്ചി, വെളുത്തുള്ളി, കൊച്ചുള്ളി, പച്ചമുളക് നന്നായി മൂപ്പിക്കുക
 • പൊടികള്‍ ചേര്‍ത്ത് നന്നായി മൂപ്പിക്കുക
 • ഇതിലേക്ക് ഇറച്ചി, വേവിച്ച കായ ചേര്‍ത്ത് നന്നായി റോസ്റ്റ് ചെയ്തു എടുക്കുക. ബാക്കി കുരുമുളകുപൊടിയും ചേര്‍ക്കുക.
 • ഇറക്കാന്‍ നേരം, വറുത്ത നാളികേരം കൈകൊണ്ടു ഒന്ന് പൊടിച്ചു ചേര്‍ത്ത്, ഇളക്കി ഇറക്കുക.
 • നേന്ത്ര കായ ചേര്‍ത്താല്‍ ആ നെയ്യ് ഒക്കെ അതില്‍ അങ്ങ് പിടിക്കും, അത് തന്നെ നല്ല രുചി ആണ്.

ഫിഷ് മോളി

************

അധികം മുള്ളില്ലാത്ത മീന്‍ - കാല്‍ കിലോ
സവാള   -  ഒന്ന്
പച്ചമുളക് -  4
തക്കാളി  -  ഒന്ന്
നാളികേരത്തിന്റെ ഒന്നാം പാല്‍ - 1 കപ്പ്
രണ്ടാം പാല്‍      -    ഒന്നര കപ്പ്
കുരുമുളകുപൊടി - 2 സ്പൂണ്‍
വെളുത്തുള്ളി -  6 അല്ലി
ഇഞ്ചി          -         1 സ്പൂണ്‍
മസാലപൊടി   - 1 സ്പൂണ്‍
മഞ്ഞള്‍പൊടി - അര സ്പൂണ്‍
നാരങ്ങാനീര്/വിനാഗിരി -  1 സ്പൂണ്‍

വേപ്പില - രണ്ടോ  മൂന്നോ തണ്ട്. 

 • കാല്‍ സ്പൂണ്‍ മഞ്ഞള്‍പൊടി, കാല്‍ സ്പൂണ്‍ കുരുമുളകുപൊടി, ഉപ്പ്, അല്പം നാരങ്ങാ നീര് ചേര്‍ത്ത് മീന്‍ 20 മിനിറ്റു പുരട്ടി വെയ്ക്കുക
 • ഒന്ന് ഷാലോ ഫ്രൈ ചെയ്ത് എടുക്കുക
 • ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, ഒരു പട്ട, ഏലക്ക, ഗ്രാമ്പു പൊട്ടിച്ചു നുറുക്കി വെച്ച, സവാള, ഇഞ്ചി, പച്ചമുളക്,വെളുത്തുള്ളി നന്നായി മൂപ്പിക്കുക
 • ബാക്കി മഞ്ഞപൊടി, കുരുമുളകുപൊടി, മസാലപൊടി, തക്കാളി ചേര്‍ത്ത് രണ്ടാംപാലും, നാരങ്ങാനീരും, ഉപ്പും ചേര്‍ത്ത് ഇളക്കി മീന്‍ ചേര്‍ക്കുക.
 • മീന്‍ വെന്തു കുറുകിയാല്‍ ഒന്നാംപാല്‍ ചേര്‍ക്കുക. തിളപ്പിക്കരുത്. തീ ഓഫ് ചെയ്തു വേപ്പില, വെളിച്ചെണ്ണ തൂവുക

 

Content highlights: Lunch Box Recipe by Injipennu