മുന്നറിയിപ്പില്ലാതെ വിരുന്നുകാര്‍ വന്നാല്‍ രണ്ടുണ്ട് കാര്യം.. ഒന്ന് ഊണിന് സ്‌പെഷ്യല്‍ ആയി എന്തേലും കിട്ടും. രണ്ട്, സ്‌പെഷ്യല്‍ ആവേണ്ട സംഭവം ഞാനോ അനിയനോ പോയി വാങ്ങണം. ഈ രണ്ടാമത്തെ കാര്യം ഞങ്ങള്‍ക്ക് അത്ര ഇഷ്ടമായിരുന്നില്ല. അങ്ങനെ ഒരു ദിവസം, ഉച്ചയോടെ അച്ഛന്റെ അകന്ന ബന്ധത്തില്‍ പെട്ട മാമനും അമ്മായിയും കൊച്ചുമകനും പ്രത്യക്ഷപ്പെട്ടു. ഒരു ചേച്ചിയുടെ അഹങ്കാരം മുഴുവന്‍ കാണിച്ച് തന്ത്രപരമായി ബാലരമ കൈക്കലാക്കി കമിഴ്ന്നു കിടന്നു വായിക്കുന്ന തിരക്കിലായിരുന്നു ഞാന്‍.. അമ്മ അവരെ സ്വീകരിച്ചു, ഞങ്ങളെ ഒന്ന് നോക്കി, ടെലിപതി കൃത്യമായി പ്രവര്‍ത്തിച്ചു.. കടയില്‍ പോകണം..അതാണ്..

പുസ്തകം മടക്കി അടുക്കള പുറത്തു പോയി.. വാങ്ങേണ്ടത് മുട്ടയും, പപ്പടവും ആണ്.. വാങ്ങാനുള്ള നറുക്ക് വീണതോ എനിക്കും. പണി പാളി.. ദോ അവന്‍ ഒരു ചെകുത്താനെ പോലെ പുരികം ഇളക്കി  കൊണ്ട് ചിരിക്കുന്നു.. അവന്‍ എന്നേക്കാള്‍ ചെറുതായതിനാലും, അവന്റെ ലംബോര്‍ഗിനിയും( സൈക്കിള്‍ ടയറും, കുരുവടിയും)കൊണ്ട് പോയാല്‍ മുട്ട വീട്ടില്‍ എത്തുമ്പോഴേക്കും ശരിയാകും എന്ന അനുഭവം ഉള്ളതുകൊണ്ടും ആണ് അമ്മ ആ ഡ്യൂട്ടി പുറത്തിറങ്ങുമ്പോള്‍ മാത്രം അടക്കവും ഒതുക്കവും ഉള്ള എന്നെ ഏല്‍പ്പിച്ചത്. 

വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ മിക്ക വീടുകളിലും കടയില്‍ പോകുന്നത് പിന്നാമ്പുറം വഴി ആയിരിക്കും. അങ്ങനെ അവര് കാണാതെ പതുങ്ങി,  അമ്മ തന്ന സഞ്ചിയും  അമ്മയുടെ സാരി വെട്ടി തയ്ച്ച നീളന്‍ പാവാടയും പൊക്കി ഞാന്‍ ഇറങ്ങി. അവര്‍ കാണാതിരിക്കാന്‍ ജനല്‍ എത്തിയപ്പോള്‍ ഒന്നുകൂടെ അങ്ങ് കുനിഞ്ഞു പതുങ്ങി പോകവേ,  വിരുന്നുവന്ന സ്ത്രീരത്നം ദാണ്ടേ പേരമരത്തിലേക്ക് കണ്ണും നട്ട് നില്‍ക്കുന്നു. എന്നെ കണ്ടപാടെ മൂപ്പത്തി 'എന്തോരം പേരക്കായ ആണ് ഇതില്.. മോള് ഒന്ന് കേറി അമ്മായിയ്ക്കു രണ്ടെണ്ണം പൊട്ടിച്ചു തരോ' എന്നുചോദിച്ചു. പിന്നെ പെണ്ണുങ്ങളെ മരത്തില്‍ കേറാന്‍ അനുവദിക്കാത്ത മോഡേണ്‍ ഫാമിലി അല്ലാത്തത് കൊണ്ട്, നീളന്‍ പാവാട മടക്കി കുത്തി, ഞാനങ്ങു കേറി.. നിമിഷനേരത്തില്‍ താഴെ വീണു നിര്‍വൃതി അടയുകയും ചെയ്തു. കടയില്‍ പോക്ക് അവതാളത്തിലായി എന്നുപറഞ്ഞാല്‍ മതിയല്ലോ. അന്ന് അമ്മ ഉച്ചയൂണ് തരാക്കിയത് ദാ ഇങ്ങനെയാണ്. ആ വിഭവങ്ങള്‍ ഇന്നത്തെ ലഞ്ച്‌ബോക്‌സില്‍ 

ചേന മെഴുക്കു വരട്ടി
********************
ചേന -         350 ഗ്രാം
കൊച്ചുള്ളി  - ഒരു പിടി
വെളുത്തുള്ളി - 5
മഞ്ഞള്‍പൊടി -കാല്‍ സ്പൂണ്‍
വറ്റല്‍മുളക് -   4
കടുക്            -   അര സ്പൂണ്‍
വേപ്പില        -     ഒരു തണ്ട്
ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

 • ചേന തൊലി കളഞ്ഞു കൊത്തി നുറുക്കി ഉപ്പും, മഞ്ഞള്‍പൊടി ചേര്‍ത്ത് വേവിക്കുക.
 • കൊച്ചുള്ളി, വെളുത്തുള്ളി വറ്റല്‍മുളക് എന്നിവ നല്ലപോലെ ചതയ്ക്കുക.
 • ചട്ടി ചൂടായി കടുക്, വേപ്പില പൊട്ടിച്ചു ഉള്ളിവറ്റല്‍മുളക് ചതച്ചത് ചേര്‍ത്ത് മൂപ്പിക്കുക.
 • ഇതിലേക്ക് വേവിച്ച ചേന ചേര്‍ത്ത് ഉലര്‍ത്തി എടുക്കുക. വെള്ളം കളഞ്ഞു വേണം ചേര്‍ക്കാന്‍. ഉടഞ്ഞു പോകാനും പാടില്ല.

വെണ്ടക്ക പച്ചടി
***************
വെണ്ടക്ക  -  15 എണ്ണം
നാളികേരം - കാല്‍ കപ്പ്
തൈര്       -  അര കപ്പ്(ഒരുപാടു പുളി ഇല്ലാത്തതു)
പച്ചമുളക് -    3
കടുക് -    കാല്‍ സ്പൂണ്‍
ജീരകം     -     കാല്‍ സ്പൂണ്‍
ഉപ്പ്, വേപ്പില, വറ്റല്‍മുളക് -ആവശ്യത്തിന് 

 • വെണ്ടക്ക കഴുകി, തുടച്ചു ചെറുതാക്കി അരിയുക. ഇത് അല്പം ഉപ്പു ചേര്‍ത്ത് ഇളക്കി  കുറേശ്ശേ ആയി നല്ല വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക( 2 മിനിറ്റ്)
 • നാളികേരം, ജീരകം, കടുക് പച്ചമുളക് എന്നിവ അല്പം തൈര്, ഉപ്പു ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക
 • ബാക്കി തൈര് കട്ടയില്ലാതെ സ്പൂണ്‍ കൊണ്ട് അടിച്ചെടുക്കാം
 • ഇനി നാളികേരത്തിന്റെ അരപ്പും, തൈരും ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്യാം
 • ഇതിലേക്ക് വറുത്ത വെണ്ടക്ക ചേര്‍ക്കുക
 • ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വേപ്പില, വറ്റല്‍ മുളകു പൊട്ടിച്ചു ഉണ്ടാക്കി വെച്ച പച്ചടിയിലേക്കു ചേര്‍ക്കാം

നത്തോലി ഫ്രൈ
*****************
മുളകുപൊടി - 1 സ്പൂണ്‍
മഞ്ഞപൊടി - കാല്‍ സ്പൂണ്‍
കുരുമുളകുപൊടി - അര സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - കാല്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

 • ഇവ എല്ലാം നല്ലപോലെ മിക്‌സ് ചെയ്തു മീനില്‍ പുരട്ടി വെച്ച് 20 മിനിറ്റു കഴിഞ്ഞു ഫ്രൈ ചെയ്യുക

Content Highlights: Lunch box Kerala Recipe