ഉരുളക്കിഴങ്ങ് വട
കൊങ്കണി വിവാഹങ്ങള്‍ക്കും മറ്റു വിശേഷാവസരങ്ങളിലും ഉച്ചയ്ക്കുള്ള സദ്യക്ക് മുന്‍പേ തന്നേ അന്ന് പങ്കെടുക്കുന്ന എല്ലാ ആളുകള്‍ക്കും രണ്ട് നേരം കാപ്പി പലഹാരം വിളമ്പുന്ന രീതിയുണ്ട്. വിവാഹചടങ്ങുകളും മറ്റും അതിരാവിലെ തന്നേ തുടങ്ങുന്നത് കൊണ്ടാണ് പ്രാതല്‍ തൊട്ട് ഇടനേരത്തുള്ള ആഹാരവും പിന്നീട് സദ്യ വിളമ്പുന്നതുമായ സമ്പ്രദായം പിന്തുടരുന്നത്. എന്തായാലും ഊണിനുള്ള വിഭവങ്ങള്‍ പോലെ തന്നെ ഈ പലഹാരങ്ങള്‍ക്കായും കൊതിയോടെ കാത്തിരിക്കും.
പ്രാതലായി ഇഡ്ഡലി സാമ്പാറും ഒരു മധുരപലഹാരവും ആയിരിക്കും മിക്കവാറും. എന്നാലിത് കഴിഞ്ഞുള്ള ഇടനേരത്തെ പലഹാരങ്ങള്‍ക്ക് ആകര്‍ഷണം കൂടും. ഒരു വറുത്ത പലഹാരം മിക്കവാറും കാണും. അത് ബജ്ജി ഗണത്തില്‍ പെടുന്ന എന്തെങ്കിലും ആയിരിക്കും. ഉഴുന്ന് വട, കടച്ചക്ക ബജ്ജി, ഗോളിബജ്ജെ, മംഗ്ലൂര്‍ ബന്‍സ് ഒക്കെ ആയിരിക്കും സാധാരണ വിളമ്പുന്നത്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് ഇന്ന് പരിചയപ്പെടുത്തുന്ന വിഭവമായ 'ബട്ടാട്ടാ അമ്പാഡോ അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് വട. നമ്മുടെ ബോണ്ടയോട് സാമ്യം ഉള്ള എന്നാല്‍ ചേരുവകളില്‍ കുറെയേറെ വ്യത്യാസമുള്ള രുചികരമായ പലഹാരം.
കൊങ്കണി വിശേഷ ദിവസങ്ങളില്‍ ആഹാരത്തില്‍ ഉള്ളി വെളുത്തുള്ളിയുടെ ഉപയോഗം നിഷിദ്ധമായതിനാല്‍ സ്വാഭാവികമായും ബട്ടാട്ടാ അമ്പാഡോയിലും ഇവയൊന്നും കാണില്ല. എന്നാലും രുചിയൊട്ടും കുറയാതെ മുന്നിട്ട് നില്‍ക്കുകയും ചെയ്യും. വൈകുന്നേരം സ്‌കൂള്‍ വിട്ട് വരുന്ന കുട്ടികള്‍ക്ക് കഴിക്കാനും വിരുന്നുകാര്‍ക്ക് വിളമ്പാനും ഒക്കെ എടുക്കാവുന്ന സ്വാദിഷ്ഠമായ പലഹാരമാണിത്.
പാചകരീതി.
ചേരുവകള്‍
1. ഉരുളക്കിഴങ്ങ് -2 വലുത്
2. പച്ചമുളക് -3-4 എണ്ണം
3. ഇഞ്ചി -അരയിഞ്ച് നീളത്തില്‍
4. മല്ലിയില -ഒരു കുഞ്ഞ് കെട്ട്
5. ഉപ്പ് -ആവശ്യത്തിന്
6. കടുക്, കറിവേപ്പില- 1/2 ടീസ്പൂണ്‍(വെളിച്ചെണ്ണ താളിക്കാന്‍)
7. കായപ്പൊടി -ഒരു ടീസ്പൂണ്‍
ബജ്ജി മാവ് തയ്യാറാക്കാന്‍ :
1. കടലമാവ് -മുക്കാല്‍ കപ്പ്
2. മുളകുപൊടി -ഒന്നര ടീസ്പൂണ്‍
3. കായപ്പൊടി -അര ടീസ്പൂണ്‍
4. ഉപ്പ് -ആവശ്യത്തിന്
5. വട വറുത്തു കോരാനുള്ള എണ്ണ -ആവശ്യത്തിന്
ആദ്യം ഉരുളക്കിഴങ്ങ് കുക്കറില്‍ പുഴുങ്ങി എടുക്കുക. ഇതിനുശേഷം നന്നായി പേസ്റ്റ് പോലെ ഉടച്ചെടുക്കുക.
ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചിയും മല്ലിയിലയും, കൂടെ വട്ടത്തില്‍ അരിഞ്ഞ പച്ചമുളകും ചേര്‍ക്കാം.
ഉപ്പും ചേര്‍ത്ത് കൊടുക്കുക.
ഇനി കടുകും കറിവേപ്പിലയും വെളിച്ചെണ്ണ ചൂടാക്കി മൂപ്പിച്ചതിലോട്ട് കായപ്പൊടിയും ചേര്‍ത്ത് ഉടനെ തന്നേ ഉരുളക്കിഴങ്ങ് കൂട്ടിലേക്ക് ചേര്‍ക്കുക.
എന്നിട്ട് എല്ലാം കൂടെ നന്നായി കൂട്ടി യോജിപ്പിക്കുക.
ഇനി ബജ്ജി മാവ് ആവശ്യത്തിന് വെള്ളമൊഴിച്ച് തയ്യാറാക്കുക. ശ്രദ്ധിക്കുക മാവിന്റെ അയവ് നേര്‍ത്തു പോവരുത്.
ഉരുട്ടിയെടുത്ത ഉരുളക്കിഴങ്ങ് കൂട്ട് ഫോട്ടോയില്‍ കാണുന്ന പോലെ മാവാല്‍ പൊതിഞ്ഞു നില്‍ക്കണം. അതുകൊണ്ട് മാവിന്റെ അയവ് നല്ല കട്ടിയായി തന്നെ ഇരിക്കണം.
ഒരു ചീനചട്ടിയില്‍ വറുത്ത് കോരാനുള്ള എണ്ണ ചൂടാക്കുക.
ചൂടായ എണ്ണയിലോട്ട് ഉരുളക്കിഴങ്ങ് കൂട്ട് ഉരുട്ടി മാവില്‍ മുക്കിയെടുത്തതിട്ട് പാകമാകും വരെ വറുത്ത് കോരുക.
ചൂട് ചായയ്‌ക്കൊപ്പം കഴിക്കാം.
Content Highlights: konkani food recipe, potato baji recipe, potatto baji, masala bonda
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..