നു മകരം മാസങ്ങളിൽ കൊങ്കണി വീടുകളിൽ ഉറപ്പായും ഉണ്ടാക്കുന്ന ഒരു മധുര പലഹാരമുണ്ട്, അതാണ്‌ ഖിച്ചടി. വടക്കേ ഇന്ത്യയിലെ ഖിച്ടിയിൽ നിന്നും നല്ല വ്യത്യാസമുണ്ട് ഈ ഖിച്ചടിക്ക്. പച്ചരിയും ചെറുപയർപരിപ്പും ശർക്കരയും തേങ്ങയുമാണ് പ്രധാന താരങ്ങൾ. തമിഴ് നാട്ടിലേ പൊങ്കലിനോട് സാമ്യമുള്ള പലഹാരം.

പണ്ടൊക്കെ ചെറുപയർ മുഴുവനോടെ വറുത്ത് പിന്നീട് പൊടിച്ച് മുറത്തിൽ വെച്ചു പാറ്റി എടുക്കുമായിരുന്നുത്രെ. ജോലിഭാരം കൂടുതലായിരുന്നുവെങ്കിലും ആ ഖിച്ചടിയുടെ നിറം നല്ല ഇരുണ്ടത് ആയിരിക്കും. നിറം എത്രത്തോളം കറുക്കുന്നുവോ അത്രത്തോളം രുചിയും ഭംഗിയും കൂടും എന്നാണ് വെപ്പ്. ഇപ്പോഴൊക്കെ എളുപ്പത്തിന് ചെറുപയർപരിപ്പ്  ആണെടുക്കുക.

ചൂടോടെ വരട്ടിയെടുത്ത ഖിച്ചടി തളികയിൽ തട്ടിപ്പൊത്തി വെച്ചതിനു ശേഷം നിർബന്ധമായും ചെയ്യുന്ന ഒന്നാണ് ചെറുപഴം കൊണ്ട് അലങ്കരിക്കൽ. ഞാലിപ്പൂവൻ പഴമാണ് സാധാരണ എടുക്കുക. അതിങ്ങനെ വട്ടത്തിൽ അരിഞ്ഞു ഖിച്ചടിക്ക് മീതെ അവിടവിടായി വെയ്ക്കും.

ഉച്ച നേരത്തായിരിക്കും വീടുകളിൽ പണ്ടൊക്കെ ഇതുണ്ടാക്കുക. രണ്ടോ മൂന്നോ തളികയിൽ ഖിച്ചടി പരത്തി പഴവും വെച്ചു കഴിഞ്ഞാൽ പിന്നൊരു മുണ്ട് മീതെയിട്ട് മൂടി വെയ്ക്കും. അതു കഴിഞ്ഞൊരു കാത്തിരിപ്പാണ്. വൈകുന്നേരം ആകുമ്പോഴേക്കും ഇത് അല്പം ഉറച്ചു സെറ്റ് ആവും. അപ്പോൾ പരന്ന തവി വെച്ചു മുറിച്ച് ഓരോ കഷ്ണങ്ങളാക്കി വിളമ്പും. മീതെ പഴം അരിഞ്ഞതും കൂടെ കിട്ടിയാൽ അത്‌ ബോണസ്. അത്രയും നേരത്തേ കാത്തിരിപ്പ് നല്ല മധുരമായി നാവിൽ നിറയുമ്പോഴുള്ള രുചി പറഞ്ഞറിയിക്കാനാവില്ല.

ചേരുവകൾ

പച്ചരി - 1 കപ്പ്
ചെറുപയർ പരിപ്പ് -  1 കപ്പ്
തേങ്ങാ തിരുമ്മിയത് - 3 കപ്പ്
ശർക്കര -  1/2 കിലോ 
നെയ്യ് - 1/4 കപ്പ്
ഏലയ്ക്ക  - 8 -10 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുപയർപരിപ്പ് ചെറുതീയിൽ വറുക്കുക. നല്ല മണം വന്ന് നിറം മാറണം. ചൂടാറിയതിനു ശേഷം പച്ചരിയും ചെറുപയർപരിപ്പും നന്നായി കഴുകി എടുക്കുക. ശേഷം പ്രഷർ കുക്കറിൽ ഒരുമിച്ചു പാകത്തിന് വേവിച്ചെടുക്കുക. വെന്തുടഞ്ഞു പോവാതെ സൂക്ഷിക്കണം. ശർക്കര ഉരുക്കി അതിനെ അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കരയെ പാനിയാക്കാനായി ചെറുതീയിൽ തിളപ്പിക്കുക. ഒരു നൂൽ പരുവത്തിൽ പാനി തയ്യാറാക്കണം.

ശേഷം ഇതിലേക്ക് തിരുമ്മിയ തേങ്ങാ ചേർത്ത് അഞ്ചു മുതൽ ഏഴു മിനിറ്റ് വരെ ചെറുതീയിൽ തന്നെ ചൂടാക്കുക. ഇതിലേക്ക് വേവിച്ചു വെച്ച അരി - പരിപ്പ് മിശ്രിതം ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ഇടയ്ക്കിടെ നെയ്യ് അൽപാൽപമായി ഒഴിച്ച് കൊണ്ടേയിരിക്കുക.
ഇരുപതു മിനിറ്റുകളോളം ഇത് പോലെ ചെറുതീയിൽ ഇളക്കി കൊണ്ടിരിക്കുമ്പോഴേക്കും ഇത് ഉരുളി യുടെ സൈഡിൽ നിന്നും ഇളകി വരുന്ന പരുവമായിട്ടുണ്ടാകും. ശേഷം ഏലയ്ക്ക പൊടി വിതറുക. അതിനിടെ ഒരു തളികയിൽ നെയ്യ് പുരട്ടി നേരത്തെ തയ്യാറാക്കി വെയ്ക്കണം.

ഇതിലേക്ക് ഖിച്ചടി ഒഴിച്ച് നെയ്മയം ഉള്ള ഒരു പരന്ന തവി വെച്ച് നന്നായി അമർത്തി പരത്തുക. തണുത്തു കഴിയുമ്പോൾ മുറിച്ചു വിളമ്പാവുന്നതാണ്. സാധാരണ ചെറുപഴം വട്ടത്തിൽ മുറിച്ചു ഓരോ ഖിച്ചടി കഷണങ്ങളുടെ മുകളിൽ വെച്ചാണ് വിളമ്പുക .

Content Highlights: konkani khichdi recipe, konkani style sweet khichdi recipe, konkani food recipes, konkani food items