ഗൺട്ടി തളാസിനി
ചേമ്പിലയും ചക്കക്കുരവും ചേര്‍ത്ത് കൊങ്കിണി ശൈലിയിലൊരു ഗണ്‍ട്ടി 'തളാസിനി'
ഇലക്കറികള്‍ക്ക് കൊങ്കണി പാചകത്തില്‍ ഏറെ പ്രധാന്യമുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് താളും ചേമ്പിലകളും. ചേമ്പ് കിട്ടിയില്ലെങ്കിലും വേണ്ടില്ല, ചേമ്പിലകള്‍ക്ക് വേണ്ടി മാത്രമായി മിക്ക അടുക്കളതോട്ടത്തിലും ഇവയെ നട്ടു വെയ്ക്കും. വിഭവങ്ങള്‍ ഗുണവും പോഷകവും നല്‍കുന്നതിന് പുറമേ രുചികരവുമാണ്.
'പത്രോഡ' എന്നറിയപ്പെടുന്ന വിഭവം കൊങ്കിണി പാചകത്തില്‍ ഏറെ വിശേഷപ്പെട്ടതാണ്. കിളുന്ത് ചേമ്പിലകളില്‍ മാവ് പുരട്ടി ഒന്നിന് മീതെ ഒന്നായി വെച്ച് ചുരുട്ടി മുറിച്ചു ആവിയില്‍ പുഴുങ്ങി എടുക്കുന്ന ഇതിനു ആരാധകര്‍ ഏറെയാണ്. ഇത് കൂടാതെ പാടവരമ്പത്തും തോട്ടുവക്കിലുമൊക്കെ മഴക്കാലത്തു സമൃദ്ധമായി കാണപ്പെടുന്ന താളിനാണ് ഒരു പൊടിക്ക് എങ്കിലും രുചിക്കൂടുതല്‍. താള് കൊണ്ട് മാത്രം അഞ്ചും ആറും വിഭവങ്ങളുണ്ട് കൊങ്കണി പാചകശാഖയില്‍. അവയിലൊന്നായ താള് കൊണ്ടുള്ള പുളിങ്കറി അഥവാ 'ഗണ്‍ട്ടി തളാസിനി' എന്ന് കൊങ്കണിയില്‍ പറയുന്ന കൂട്ടാന്‍ ആണിന്നു പരിചയപ്പെടുത്തുന്നത്.
കുട്ടിക്കാലത്ത് താളിലകള്‍ പറിച്ചുകൊണ്ടു വന്നാല്‍ തലേന്ന് വൈകീട്ട് തന്നേ എല്ലാരും ചേര്‍ന്ന് വട്ടത്തിലിരുന്നു 'താള് കെട്ട് 'നടത്തും. താളിലകളുടെ പിന്‍വശത്തെ ഞരമ്പ് പോലുള്ള ഭാഗമൊക്കെ ചീന്തിക്കളഞ്ഞു, താളില കൈവെള്ളയില്‍ തുറന്ന് വെയ്ക്കും. ശേഷം ഒരു ഭാഗം മടക്കി വെച്ച്, കൈ കൊണ്ട് തന്നെ ചുരുട്ടി പിരിച്ച് ഒരു കെട്ടിടും. ഇതാണ് താള് കെട്ട് അല്ലെങ്കില്‍ 'ഗാണ്‍ട്ടി'. ഈ ഗാണ്‍ട്ടികളാണ് കറികളില്‍ ഇടുക. ഈ താളില അരിഞ്ഞിടുന്ന പതിവില്ല. പിറ്റേന്ന് ഈ കെട്ടുകള്‍ കറിക്കൂട്ടില്‍ വെന്തുടഞ്ഞു വെണ്ണ പോലായി രുചികരമായി മാറും.
താളിലകള്‍ പറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇവ നല്ല പിഞ്ചു ഇലകള്‍ ആവണം എന്നതാണ്. അല്ലെങ്കില്‍ ഉറപ്പായും വായ ചൊറിയും. പുളിങ്കറിയിലെ പുളി രുചി കൊണ്ടുവരുന്നതിന് ഇലുമ്പന്‍ പുളിയും അമ്പഴങ്ങയും ഒക്കെയാണ് സാധാരണ ചേര്‍ക്കുക. ഇവ കിട്ടിയില്ലെങ്കില്‍ മാത്രം വാളന്‍ പുളി ചേര്‍ക്കും. ചക്കക്കാലം കൂടെയാണേല്‍ എട്ടു പത്ത് ചക്കക്കുരു നിര്‍ബന്ധമായും ചേര്‍ക്കും. എല്ലാം കൂടെ ഒത്തു ചേരുമ്പോള്‍ ഊണ് കേമം.
ആവശ്യമുള്ള സാധനങ്ങള്‍
- കിളുന്ത് പിഞ്ചുതാള് - 15- 20 എണ്ണം
- ചക്കക്കുരു 6-8 എണ്ണം
- ഇരുമ്പന്‍ പുളി / പുളിഞ്ചിക്ക - 5 -6 എണ്ണം
- വെളുത്തുള്ളി അല്ലികള്‍ തൊലി കളഞ്ഞു മുഴുവനോടെ - 10- 12 എണ്ണം
- വറ്റല്‍ മുളക് - 6-8 എണ്ണം
- കടുക് - 1 ടീസ്പൂണ്‍
- വെളിച്ചെണ്ണ - 3 ടീസ്പൂണ്‍
താളിലകള്‍ നന്നായി കഴുകി വൃത്തിയാക്കി പിന്‍വശത്തെ കട്ടിയുള്ള ഞരമ്പുകള്‍ നീക്കം ചെയ്യുക. ശേഷമ ഇലകള്‍ കൈവെള്ളയില്‍ വെച്ച ശേഷം പിരിച്ച്, ചുരുട്ടി രണ്ടറ്റവും ചേര്‍ത്ത് കെട്ടിടുക. ചക്കക്കുരു തൊലി നീക്കി ഇടിക്കല്ലു വെച്ച് ചതച്ചു വലിയ കഷ്ണങ്ങള്‍ ആക്കുക.
ഇനി ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ കടുകും വറ്റല്‍മുളകും താളിച്ചു വെളുത്തുള്ളി ചേര്‍ക്കാം.
വെളുത്തുള്ളി നന്നായി ചുവന്നു വരണം. ഇനി ഇതിലേക്ക് ചേമ്പിലകളും ചക്കക്കുരു കഷ്ണങ്ങളും പുളിഞ്ചിക്കയും ഉപ്പും ചേര്‍ക്കുക. താള് നന്നായി വെന്തു വരുന്നതിന് രണ്ട് കപ്പ് വെള്ളവും ചേര്‍ക്കാം. അടച്ചു വെച്ച് ചെറുതീയില്‍ വേവിയ്ക്കുക.
താള് നന്നായി വെന്തു ഉടഞ്ഞു ഫോട്ടോയില്‍ കാണുന്ന പരുവം ആയാല്‍ വാങ്ങി വയ്ക്കാം .
ശ്രദ്ധിക്കുക :
ചിലര്‍ താള്‍ പ്രഷര്‍ കുക്കറില്‍ ഒരു രണ്ട് മൂന്ന് വിസല്‍ വരെ വേവിച്ചു പിന്നീട് കടുക് താളിച്ചതില്‍ ചേര്‍ത്ത് പാകം ചെയ്‌തെടുക്കാറുണ്ട്. സമയം ലാഭിക്കാമെങ്കിലും നേരിട്ട് ചീനച്ചട്ടിയില്‍ വേവിച്ചെടുക്കുന്നതിനാണ് രുചി കൂടുതല്‍ .
Content Highlights: konkani vasari, konkani food, recipe, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..