ചേണ്യാ ഉപ്കരി
കൊങ്കണി ക്ഷേത്രങ്ങളിലും വീടുകളിലും പൂജകള്‍ക്കും വിശേഷാവസരങ്ങളിലും ഒക്കെ പ്രസാദമായി വിളമ്പുന്ന ചില വിഭവങ്ങളുണ്ട്. ശര്‍ക്കരപ്പാനിയില്‍ വിളയിച്ചെടുക്കുന്ന ഗോഡ്ഡു ഫോവു എന്ന് വിളിക്കുന്ന അവിലിനും, ചെറുപഴം നെയ്യും പഞ്ചസാരയും ചേര്‍ത്തെടുക്കുന്ന ത്രിമധുരത്തിനും, തേങ്ങ പരിപ്പ് വര്‍ഗ്ഗങ്ങള്‍ എള്ളു ഒക്കെ വറുത്തെടുത്തു ശര്‍ക്കരപ്പാനിയില്‍ ഇട്ടെടുക്കുന്ന പഞ്ചക്ദായിക്കും, ചുക്കും കുരുമുളകും ഏലയ്ക്കയും ശര്‍ക്കരയും ഒക്കെ ചേര്‍ത്തെടുക്കുന്ന പാനകത്തിനും ഒക്കെ അസാധ്യ രുചിയാണ്. നീട്ടിപ്പിടിച്ച കൈനിറയെ കിട്ടിയാലും ഒന്നും തികയാത്ത പോലെ തോന്നും. അത്തരത്തിലെ ഒരു വിശേഷ പ്രസാദ വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്ന 'ചേണ്യാ ഉപ്കരി '.
തമിഴരുടെ ഇഷ്ടവിഭവമായ കടല സുണ്ടല്‍നോട് ചേര്‍ന്ന് നില്‍ക്കുന്ന വിഭവം. മലയാളികളുടെ കടല ഉലര്‍ത്ത് പോലെ തന്നെ. എങ്കിലും നേരിയ വ്യത്യാസമുണ്ട് താനും. പ്രസാദമായി മാത്രമല്ല, ഇത് ചോറിനോപ്പവും കഞ്ഞിക്കൊപ്പവും വിളമ്പുന്ന ഒരു കറി കൂടെയാണ്. ഏറെ രുചികരവും പോഷകം നിറഞ്ഞതും മസാലകളുടെ അതിപ്രസരമില്ലാത്തതുമായ ഉപ്പേരി കൂടെയാണിത്.
ആവശ്യമുള്ള സാധനങ്ങള്‍
- കടല - 2 കപ്പ്
- പച്ചമുളക് - 3-4 എണ്ണം
- വറ്റല്‍ മുളക് - 3 എണ്ണം
- കായപ്പൊടി - 1 ടീസ്പൂണ്‍
- തേങ്ങാ - അര മുറി ( ഇത്തിരി കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല)
- കടുക് - 1 ടീസ്പൂണ്‍
- കറിവേപ്പില -2 കതിര്‍പ്പ്
- വെളിച്ചെണ്ണ 2-3 ടീസ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത കടല പ്രഷര്‍ കുക്കറില്‍ അല്പം ചാറോട് കൂടെ തന്നേ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും വറ്റല്‍മുളകും താളിക്കുക. ഇതിലേക്ക് പച്ചമുളക് നെടുകെ കീറി ഏതാനും സെക്കന്‍ഡുകള്‍ വഴറ്റുക. കായപ്പൊടി ചേര്‍ക്കുക. ഉടനെ തന്നെ വേവിച്ചു വച്ച കടലയും അതിന്‌ടെ ചാറും ഒഴിച്ച് തിളപ്പിക്കുക. വെള്ളം ഏകദേശം വറ്റാറാകുമ്പോള്‍ തേങ്ങാ ചേര്‍ക്കാം. വെള്ളവും നന്നായി വറ്റി കടല ഉപ്പേരി നല്ല കറുത്ത നിറത്തില്‍ പാകമായി വരുമ്പോള്‍ വാങ്ങി വയ്ക്കാം.
Content Highlights: konkani vasari, konkani recipe, food, recipe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..