ഉപ്കരി
'മിക്സ് ആന്‍ഡ് മാച്ച്' എന്നത് നവയുഗ കണ്ടുപിടിത്തം അല്ല കേട്ടോ. രുചിക്കൂട്ടുകളിലെങ്കിലും ഇത്തരം വൈവിധ്യം നിറഞ്ഞ ചേരുവകള്‍ തമ്മില്‍ ചേര്‍ത്ത് പുത്തന്‍ രുചികള്‍ അവതരിപ്പിക്കുന്ന രീതി പണ്ട് മുതലേ ഉണ്ട്. കാഴ്ചയില്‍ തമ്മില്‍ പൊരുത്തമില്ലല്ലോ എന്ന് തോന്നിക്കും വിധമുള്ള ചേരുവകള്‍, നമ്മുടെ മുത്തശ്ശിമാരുടെ രുചിക്കൂട്ടില്‍ ചേരുമ്പോള്‍ കൈപ്പുണ്യം നിറഞ്ഞ രുചി മേളങ്ങളായി മാറും.
കൊങ്കണി പാചകത്തില്‍ ഇത്തരം മിക്സ് ആന്‍ഡ് മാച്ച് വിഭവങ്ങള്‍ നിറയെ ഉണ്ട്. പലതരം പച്ചക്കറികള്‍ ഒരുമിച്ച് തോരനും ഉപ്പേരിയും ഒക്കെ എന്നുമെന്ന പോലെ കാണും. കൂടാതെ വിരുദ്ധ ചേരിയില്‍ നില്ക്കുന്ന പാവക്കയും മാമ്പഴവും ചേര്‍ത്തുള്ള കറിയൊക്കെ ഏറെ പ്രിയങ്കരമാണ്. ചേമ്പിലയും വെള്ളരിക്കയും മുളങ്കൂമ്പും ചേര്‍ത്ത കറിയും കൊങ്കണികള്‍ ഏറെ ഇഷ്ടപ്പെടുന്നു.
ഇത്തരത്തില്‍ ഉള്ള ഒരു കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ചേമ്പും ചീരത്തണ്ടും പച്ചക്കായയും വാഴപ്പിണ്ടിയുമാണ് ഇതിലെ പ്രധാനികള്‍. പ്രത്യേകിച്ച് പേരൊന്നുമില്ലെങ്കിലും കൊങ്കണിയില്‍ ഇവ എല്ലാം ചേര്‍ന്ന 'ഉപ്കരി ' എന്നാ വിളിക്കുക. ഉപ്കരിക്ക് ഉപ്പേരി എന്നേ അര്‍ത്ഥമുള്ളൂ. ചോറിനൊപ്പമോ കഞ്ഞിക്കൊപ്പമോ വിളമ്പാവുന്നതാണ്.
ചേരുവകള്‍
ചീരത്തണ്ട് -8-10 എണ്ണം
ചേമ്പ് -1 വലുത്
പച്ചക്കായ -2 ഇടത്തരം
വാഴപ്പിണ്ടി -ഒരു ചെറിയ കഷ്ണം.
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -5-7 എണ്ണം
കായപ്പൊടി - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ -2-3 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
Also Read
ചീര ചുവന്നതോ പച്ചയോ എടുക്കാം. ചീരയിലകള്‍ ചേര്‍ത്താലും ഇല്ലെങ്കിലും കുഴപ്പമില്ല. ചീരത്തണ്ടാണ് നിര്‍ബന്ധമായും വേണ്ടത്. ഒരു പിടി ചീരയിലകള്‍ കൂടെ ചേര്‍ത്താല്‍ രുചിയും കൂടും, കാഴ്ചയില്‍ ഭംഗിയുമുണ്ടാകും. ചീരത്തണ്ടും ചേമ്പും വാഴപ്പിണ്ടിയും പച്ചക്കായയും നീളത്തില്‍ അരിയുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും വറ്റല്‍മുളകും താളിക്കുക. ഇനി തീ കുറച്ച് ഇതിലേക്ക് കായപ്പൊടി ചേര്‍ത്ത് ഉടനെ തന്നെ പച്ചക്കറികള്‍ എല്ലാം ചേര്‍ക്കാം. ഉപ്പും ചേര്‍ത്ത് വഴറ്റി ചെറുതീയില്‍ അടച്ചു വെച്ചു പാകം ചെയ്യാം. ചേമ്പ് വേവാനായി മാത്രം അര കപ്പ് വെള്ളം ഒഴിച്ചും കൊടുക്കാം. വെള്ളം ഏകദേശം വറ്റി പച്ചക്കറികള്‍ പാകത്തിന് വെന്തു വരുമ്പോള്‍ വാങ്ങി വെയ്ക്കാം. ഒരല്പം ചാറ് ഉണ്ടെങ്കില്‍ രുചി കൂടും.
Content Highlights: konkani vasari, konkani food, mix and match food from konkani menu, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..