ഗൂൺ
പാവയ്ക്കയെ ചിലരെങ്കിലും ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം കയ്പ്പ് രുചി സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണല്ലോ. എന്നാല്‍ പാവയ്ക്കയുടെ കയ്പ്പിന് കിട പിടിക്കാനെന്ന വണ്ണം പച്ചമാങ്ങയുടെ പുളിയും, പച്ചമുളകിന്റെ എരിവും, കൂടെ തേങ്ങാപ്പാലിന്റെ ഇളം മധുരവും ചേര്‍ന്നാലൊന്നു ആലോചിച്ചു നോക്കിയാട്ടെ. ഒരു കിണ്ണം ചോറുണ്ണാം. അത് പാവയ്ക്ക വിരോധികള്‍ വരെ സമ്മതിക്കും.
ഇന്ന് പരിചയപ്പെടുത്തുന്ന ഈ കറിയുടെ കൊങ്കണിയിലെ പേരാണ് പാവയ്ക്കാ 'ഗൂണ്‍ ' അല്ലെങ്കില്‍ 'ഗൂണ്'. മേലെപ്പറഞ്ഞ പോലെ എല്ലാ രുചികളുടേയും ഒരു സമ്മിശ്ര സൗന്ദര്യം. പച്ചമാങ്ങയ്ക്ക് പകരം ഇലുമ്പന്‍ പുളിയും ചേര്‍ക്കാം. ചോറിനു ഒരു ഉപ കറിയായാണ് ഗൂണ്‍ വിളമ്പുക.
ആവശ്യമുള്ള സാധനങ്ങള്‍
- പാവയ്ക്ക -1 വലുത്
- പച്ചമാങ്ങ -1 ഇടത്തരം
- പച്ചമുളക് - 5-6 എണ്ണം
- തേങ്ങ - 1 വലുത്
- കടുക് -1 ടീസ്പൂണ്‍
- വറ്റല്‍മുളക് -3-4 എണ്ണം
- കായപ്പൊടി - 1/2 ടീസ്പൂണ്‍
- വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
പാവയ്ക്ക ഇടത്തരം വലുപ്പത്തില്‍ ചതുര കഷ്ണങ്ങള്‍ ആക്കുക. പച്ചമാങ്ങയും വലിയ കഷ്ണങ്ങള്‍ ആക്കുക. പച്ചമുളക് നെടുകെ കീറുക. പാവയ്ക്കയില്‍ ഉപ്പ് പുരട്ടി ഒരുമണിക്കൂറോളം വെയ്ക്കാം. ശേഷം നന്നായി പിഴിഞ്ഞ് കയ്പുവെള്ളം കളയാം .
ഇനി ആവശ്യമുണ്ടെങ്കില്‍ മാത്രം പാവയ്ക്ക അല്പം വെള്ളത്തില്‍ പാതി വെന്തു വരുന്നതു വരെ വേവിച്ചു വെള്ളം ഊറ്റി കളഞ്ഞ് കഷണങ്ങള്‍ എടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പാവയ്ക്കയുടെ പോഷക ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കയ്പ്പ് കുറഞ്ഞു കിട്ടും. ഇത് തീര്‍ത്തും ഓപ്ഷണല്‍ ആണ്.
തേങ്ങ തിരുമ്മി ഒന്നാം പാലും രണ്ടാം പാലും വേര്‍തിരിച്ചെടുക്കുക. എന്നിട്ട് പാവയ്ക്കയും പച്ചമാങ്ങയും പച്ചമുളകും ചേര്‍ത്ത് രണ്ടാംപാലില്‍ വേവിച്ചെടുക്കാം. ഉപ്പ് ചേര്‍ക്കാം.
പാവയ്ക്ക വെന്തു പാകമാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ചാറ് തിളച്ചു സ്വല്പം കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കാം. വാങ്ങി വെച്ചതിനു ശേഷം കടുക്, വറ്റല്‍മുളക്, കായപ്പൊടി എന്നിവ വെളിച്ചെണ്ണയില്‍ മൂപ്പിച്ച് താളിച്ചു കറിയുടെ മീതെ ഒഴിക്കാം.
Content Highlights: konkani vasari, konkani food, bitter gourd curry goon, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..