ഗജ്ബജേ
കര്‍ക്കിടക മാസത്തിലേ പെരുമഴയോടൊപ്പം ആസ്വദിക്കുന്ന ചില രുചികരമായ വിഭവങ്ങളുണ്ട് കൊങ്കണികള്‍ക്ക്. അതില്‍ ചേമ്പിലയും താളും കൊണ്ടുള്ള വ്യത്യസ്തമായ പലതരം കറികളും പലഹാരങ്ങളും ഉള്‍പ്പെടും. മഴക്കാലത്ത് ചേമ്പിലകള്‍ക്കും താളിനും രുചിയും ഗുണവും ഏറുമെത്രെ. വേകുന്നതിനും അധികം സമയമെടുക്കില്ല എന്നത് മറ്റൊരു ആകര്‍ഷണം. എങ്കിലും ചേമ്പിലവിഭവങ്ങള്‍ കൂട്ടാന്‍ കൊങ്കിണികള്‍ക്ക് പ്രത്യേകിച്ച് സമയവും കാലവും വേണ്ട എന്നതാണ് വാസ്തവം.
ചേമ്പില വിഭവങ്ങളില്‍ പ്രധാനി എന്നും 'പത്രോഡ' തന്നെ. ചേമ്പിലകളുടെ പുറത്ത് മാവ് പുരട്ടി ആവിയില്‍ വേവിച്ചെടുക്കുന്ന ഇതിനു ആരാധകര്‍ ഏറെ. ഇതുകൂടാതെ അമ്പഴങ്ങ ചേര്‍ത്ത പുളിങ്കറിയും, തേങ്ങയരച്ചുള്ള കൂട്ടാനും, നെല്ലിക്ക ചേര്‍ത്തുള്ള കറിയും ഒക്കെ ഏറെ വിശിഷ്ടം.
ഇക്കൂട്ടത്തിലെ പ്രധാനിയായ ഒരു കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്ന 'ഗജ്ബജേ' എന്ന ഈ കറി. പേരിലെ വൈചിത്ര്യം രുചിയിലും കൂട്ടിലും ഉണ്ട്. ചേമ്പിലയ്‌ക്കൊപ്പം കടലയും വെള്ളരിക്കയും ഉരുളക്കിഴങ്ങും അമ്പഴങ്ങയും ഒക്കെ ഇതില്‍ ചേര്‍ക്കും. ഉപ്പിലിട്ടു വെച്ച മുളങ്കൂമ്പ് ഇതിലെ പ്രധാന ചേരുവയാണ്. ഇങ്ങനെ എല്ലാറ്റിന്റേം സമ്മിശ്രമായ രുചി എന്ന അര്‍ത്ഥത്തിലാണ് കൊങ്കണി ഭാഷയില്‍ ഇതിനെ 'ഗജ്ബജേ' എന്ന് വിളിക്കുന്ന തന്നെ. ആഷാഢ മാസത്തിലെ ഏകാദശിക്ക് ഈ കറി എല്ലാ കൊങ്കണികളും നിര്‍ബന്ധമായും ഉണ്ടാക്കും. അന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നവര്‍ 'കൊട്ടിഗെ ' യ്‌ക്കൊപ്പം ഗജ്ബജേ കഴിക്കും. ഇനി കൊട്ടിഗെ എന്താണെന്നല്ലേ? നാലു പ്ലാവില പച്ച ഈര്‍ക്കിലി വെച്ച് കോട്ടി, കുമ്പിള്‍ പോലാക്കി അതില്‍ ഇഡ്ഡലി മാവ് നിറച്ചുണ്ടാക്കുന്ന ഇഡ്ഡലി ആണ് കൊട്ടിഗെ. മറ്റൊരവസരത്തില്‍ ഈ വിഭവം പരിചയപ്പെടുത്താം.
ഫോട്ടോയില്‍ കാണുന്ന തരം ചേമ്പിലയ്ക്ക് പുറമെ തോടുവക്കത്തും വയലോരത്തും ഒക്കെ കാണുന്ന കറുത്ത താളും ഇതില്‍ ചേര്‍ക്കാവുന്നതാണ്. താള് ആണ് ചേര്‍ക്കുന്നതെങ്കില്‍, അരിഞ്ഞു ചേര്‍ക്കാതെ, പകരം കൈവെള്ളയില്‍ വിരിച്ചു വെച് മടക്കി ചുരുട്ടി രണ്ടറ്റവും പിരിച്ചു ഓരോ കെട്ട് ഇട്ടിട്ടാണ് കറിയിലേക്ക് ഇടുക. ചേമ്പിലയാണെങ്കില്‍ അരിഞ്ഞും ചേര്‍ക്കാവുന്നതാണ്.
പാചകരീതിയിലേക്ക് :
Also Read
ചേരുവകള്‍
- ചേമ്പില - 10-12 എണ്ണം
- കടല വേവിച്ചത് - 1 കപ്പ്
- ചേന ചതുര കഷണങ്ങളാക്കിയത് - 1/2 കപ്പ്
- വെള്ളരിക്ക തൊലിയോട് കൂടെ ചതുര കഷണങ്ങളാക്കിയത് - 3/4 കപ്പ്
- മുളങ്കൂമ്പ് - 1/4 കപ്പ്
- ഉരുളക്കിഴങ്ങ് 1
- തേങ്ങാ - 1 കപ്പ്
- ഉഴുന്ന് - 3 ടീസ്പൂണ്‍
- വറ്റല്‍ മുളക് - 10- 15 എണ്ണം
- വാളന്‍ പുളി - ഒരു ചെറുനാരങ്ങാ വലുപ്പത്തില്‍
- കടുക് , കറിവേപ്പില , 1 ടീസ്പൂണ്‍ ഉലുവ - താളിക്കാന്‍
- എണ്ണ - 2-3 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
ചേമ്പിലയുടെ തണ്ടും പിന്‍വശത്തുള്ള കട്ടിയുള്ള നാരും ചീകി കളയുക.ശ്രദ്ധിക്കുക, നല്ല കിളുന്ത് ചേമ്പില തന്നേ വേണം എടുക്കാന്‍. മൂത്തു പോയ ഇലകളാണെങ്കില്‍ ഉറപ്പായും നാക്കില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. കടല പ്രഷര്‍ കുക്കറില്‍ വേവിയ്ക്കുക. ഇതിലേക്ക് ചേന, വെള്ളരിക്ക, ഉരുളക്കിഴങ്ങ്, മുളങ്കൂമ്പ്, ചേമ്പില എന്നിവ ചേര്‍ത്ത് ഒരു മൂന്ന് വിസില്‍ വരുന്നതുവരെ വേവിക്കാം.
അതെ സമയം ഒരു ചെറിയ പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് വറ്റല്‍ മുളക് , ഉഴുന്ന് എന്നിവ ചെറുതീയില്‍ ചുവന്നു വരും വരെ വറുക്കുക. വറുത്ത ചേരുവകള്‍ തേങ്ങയും പുളിയും ചേര്‍ത്ത് ഒരല്പം തരുതരുപ്പായി അരച്ചെടുക്കാം. വെന്തു വന്ന കടല ചേമ്പില കൂട്ടിലേക്ക് ഈ അരപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇത്തിരി കുറുകിയ രീതിയിലാണ് പൊതുവെ ചാറ് കാണപ്പെടുക. ശേഷം വാങ്ങി വെച്ച് കടുക് , കറിവേപ്പില , ഉലുവ എന്നിവ മൂപ്പിച്ചു താളിക്കാം.
ശ്രദ്ധിക്കുക :മുളങ്കൂമ്പ് നിര്‍ബന്ധമല്ല. താത്പര്യം ഇല്ലാത്തവര്‍ക്ക് ഒഴിവാക്കാം. അമ്പഴങ്ങ ആണ് ചേര്‍ക്കുന്നതെങ്കില്‍ ഒന്നോ രണ്ടോ മതിയാകും. അപ്പോള്‍ വാളന്‍പുളി ഒഴിവാക്കാം.
Content Highlights: konakani vasari, konkani food, konkani recipe, food, recipe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..