കൊങ്കണി സ്റ്റൈൽ ഉപ്കരി
ഊണിനൊപ്പം ഒരു ഭാഗത്ത് ഇത്തിരി മെഴുക്കുപുരട്ടിയോ തോരനോ ഉപ്പേരിയോ ഉണ്ടായാൽ കുശാലായി. പച്ചക്കറികൾ ഒറ്റയ്ക്കും കൂട്ടായും ഒക്കെ ചേർത്തുണ്ടാക്കുന്ന ഇത്തരം രുചിക്കൂട്ടുകൾ ഊണിന്റെ മാറ്റ് കൂട്ടും.
ഉപകറി ലോപിച്ചുണ്ടായതാണത്രേ ഉപ്പേരി. ഇതേ ഉപ്പേരിയെ കൊങ്കണിയിൽ ഉപ്കരി എന്നും പറയുന്നു. കൊങ്കണി രീതിയിലുള്ള ഇത്തരം ഉപ്പേരികളിൽ കടുകും വറ്റൽ മുളകും മാത്രേ സാധാരണ ചേർക്കാറുള്ളൂ. അതാത് പച്ചക്കറികളുടെ തനത് രുചിയും മണവും കൂടെയാകുമ്പോൾ ലാളിത്യത്തിനൊപ്പം ഗുണവും ഏറും. ഉള്ളി ചേർക്കുന്ന പതിവില്ല.
ഉപ്കരികളിൽ രണ്ടോ മൂന്നോ അതിലധികമോ പച്ചക്കറികൾ ഒരുമിച്ച് ചേർത്തുണ്ടാക്കുന്നവയെ " ഭർശി ഉപ്കരി " എന്നും വിളിക്കുന്നു. പലപ്പോഴും ഇവ തമ്മിൽ ഒത്തുപോകുമോ എന്ന് നമ്മൾ അതിശയിച്ചേക്കാം. എന്നാൽ നമ്മുടെ രുചിമുകുളങ്ങളെ പൂർണമായും തൃപ്തിപ്പെടുത്തുന്നവയാവും ഇത്തരം " മിക്സ് ആൻഡ് മാച്ച് കോമ്പിനേഷനുകൾ ".
Also Read
കൂട്ടുപ്പേരികൾ ചോറിനെക്കാളും കഞ്ഞിക്കൊപ്പം വിളമ്പുമ്പോഴാണ് രുചി കൂടുതൽ തോന്നുക. ചക്കക്കാലത്തു ചക്കക്കുരു യഥേഷ്ടം ലഭിക്കുമ്പോൾ നമ്മുടെ മുൻ തലമുറ ഇവയെ ഇത്തരം കൂട്ടുപ്പേരികളിൽ ചേർക്കും. നല്ല വെന്തു വരുന്ന ചക്കക്കുരു ആണേൽ പിന്നേ പറയണ്ട.
ചക്കക്കുരുവിനൊപ്പം സവാള മാത്രം ചേർത്തുള്ള ഉപ്പേരി ഏറെ രുചികരം. മുരിങ്ങയിലയ്ക്കൊപ്പവും ഇവ സ്വാദിഷ്ടം. അത്തരത്തിലുള്ള മറ്റൊരു കോമ്പിനേഷൻ ആണ് കോവയ്ക്കയും മുരിങ്ങക്കയും ചക്കക്കുരുവും. കേൾക്കുമ്പോ കൗതുകം തോന്നുന്നുണ്ടോ? എന്നാൽ മടിച്ചിരിക്കാതെ ഉണ്ടാക്കി നോക്കാം.
പാചകരീതിയിലേക്ക്
ചേരുവകൾ
- കോവയ്ക്ക -10-12 എണ്ണം
- ചക്കക്കുരു - 10 -12 എണ്ണം
- മുരിങ്ങയ്ക്ക - 2 എണ്ണം
- തേങ്ങാ തിരുമ്മിയത് - 1/4 കപ്പ്
- കടുക് -1 ടീസ്പൂൺ
- വറ്റൽമുളക് - 6-8എണ്ണം
- വെളിച്ചെണ്ണ - 3-4 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
കോവയ്ക്കയും ചക്കക്കുരുവും നീളത്തിൽ അരിയുക. മുരിങ്ങയ്ക്ക സാധാരണ സാമ്പാറിന് അരിയും പോലെയും. ഒരു ഇരുമ്പു ചീനച്ചട്ടിയിൽ ( ഇല്ലെങ്കിൽ പാൻ മതി ) എണ്ണ ചൂടാക്കി , കടുകും വറ്റൽമുളക് അരിഞ്ഞതും ചേർത്ത് താളിക്കുക. ഇതിലേക്ക് പച്ചക്കറികളെല്ലാം ചേർത്ത് , ഉപ്പും തൂവിയിട്ട് നന്നായി വഴറ്റുക. ഏകദേശം അര കപ്പ് വെള്ളവും ഒഴിച്ച് അടച്ചു വെച്ച് ചെറുതീയിൽ വേവിയ്ക്കുക. വെന്തു വന്നതിനു ശേഷം തേങ്ങാ ചേർത്ത് ചെറുതീയിൽ തന്നെ വെള്ളം വറ്റിച്ചു ഉലർത്തിയെടുക്കുക. ഉപ്പേരി തയ്യാർ.
Content Highlights: konkani style upkari, konkani recipes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..