സന്നാപോളോ
ഊണിനു ചോറിനൊപ്പം ദോശ കഴിക്കുമെന്നറിയാമോ? സാധാരണ തയ്യാറാക്കുന്ന ദോശയല്ല. ഇത് 'സന്നാപോളോ' എന്ന് കൊങ്കണിയില്‍ വിളിക്കുന്ന അട ദോശ പോലൊരു വിഭവം ആണ്. നല്ല എരിവ് വേണം. അത് നിര്‍ബന്ധമാണ്. ചോറിനൊപ്പം പരിപ്പ് കറിയും ഓരോ സന്നാപോളോയും കൂടെ വിളമ്പിയാല്‍ ഊണ് കുശാല്‍.
പച്ചരിയും തുവരപരിപ്പുമാണ് സന്നാപോളോയിലെ പ്രധാന ചേരുവകള്‍. എരിവിന് നിറയെ വറ്റല്‍ മുളകും. ദോശ നല്ല മൃദുലമാവാന്‍ തേങ്ങ കൂടെ ചേര്‍ക്കും. ഇത്രേം ആയാല്‍ മാവ് തയ്യാറാവും. ഇനിയാണ് സന്നപോളോയുടെ യഥാര്‍ത്ഥ രൂപം.
നിറയെ സവാള ചേര്‍ക്കുന്ന സന്നാപോളോ ആണ് കൂടുതലും ഉണ്ടാക്കുന്നത്. ഇത് കൂടാതെ ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലകളും ചേര്‍ക്കാം. കാബേജ്, മുരിങ്ങയില, ചെറുതായരിഞ്ഞ ഇളം ചേമ്പില, തകരയുടെ ഇളം ഇലകള്‍ തുടങ്ങി ഏതു ചീരകളും ചേര്‍ക്കാം. അപ്പോള്‍ സവാള ഒഴിവാക്കാം.
മുരിങ്ങപ്പൂവ് ചേര്‍ത്തുള്ള സന്നാപോളോ ഏറെ രുചികരമാണ്. പടവലങ്ങക്കുരു ചേര്‍ത്ത സന്നാപോളോയുടെ മണം ദോശക്കല്ലില്‍ മൊരിയുമ്പോഴേ കൊതിപ്പിച്ചു തുടങ്ങും. ഇതുകൂടാതെ ഉപ്പിലിട്ട മുളങ്കൂമ്പ് കൊത്തിയരിഞ്ഞതും ഉപ്പിലിട്ട ചക്കചുളകള്‍ ചേര്‍ത്തും സന്നപ്പോളോ ഉണ്ടാക്കും. അപ്പോള്‍ കായവും മാവില്‍ ചേര്‍ക്കും.
പുതുതലമുറയുടെ രുചികൂട്ടായി കാപ്സിക്കം, കോളിഫ്ളവര്‍, കൂണ് തുടങ്ങിയവയും ചേര്‍ക്കാറുമുണ്ട്. ഏത് ചേരുവയാണെങ്കിലും അല്പം ചെറുതായരിഞ്ഞു ചേര്‍ക്കണം. ഓരോന്നിനു അനുസരിച്ചു തനത് രുചിയും മാറും.
ഇവിടെ തയ്യാറാക്കുന്ന സന്നാപോളോ, ഏറ്റവും എളുപ്പവും കൂടുതല്‍ പ്രചാരത്തിലും ഉള്ളതായ രീതി ആണ്. സവാള മാത്രം ചേര്‍ക്കുന്ന സന്നാപോളോ. നിങ്ങളുടെ ഇഷ്ടാനുസരണം മേല്‍പ്പറഞ്ഞ ഏത് ചേരുവ ചേര്‍ത്തും ഇതുണ്ടാക്കാം. ചൂടോടെ ചോറിനൊപ്പം വിളമ്പി ഊണ് കെങ്കേമമാക്കാം.
ചേരുവകള്‍
- പച്ചരി -1 കപ്പ്
- തുവരപ്പരിപ്പ് -1/2 കപ്പ്
- തേങ്ങാ -1 കപ്പ്
- വറ്റല്‍മുളക് -10- 15 വരെ
- വാളന്‍ പുളി -ഒരു ചെറിയ കഷ്ണം
- സവാള -1 വലുത്
പച്ചരിയും പരിപ്പും കഴുകി ഒരുമിച്ചു ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ വരെ കുതിര്‍ക്കുക.
ശേഷം ആദ്യം തേങ്ങയും പുളിയും വറ്റല്‍മുളകും നന്നായി അരയ്ക്കുക. വെള്ളം അധികം ചേര്‍ക്കരുത്.
ഇതിലേക്ക് അരിയും പരിപ്പും ചേര്‍ത്ത് ചെറുതായി തരുതരുപ്പോടെ അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പും സവാളയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
മാവ് ഇത്തിരി കട്ടിയായി തന്നേ വേണം. അര മണിക്കൂറിനു ശേഷം ദോശ ചുട്ടെടുക്കാം. മാവ് ഇതില്‍ക്കൂടുതല്‍ നേരം പുളിപ്പിക്കാനൊന്നും വെയ്ക്കരുത്. ദോശ അല്പം കട്ടിയായി പരത്തി ഇടത്തരം ചൂടില്‍ രണ്ട് വശവും മൊരിച്ചെടുക്കുക. ചൂടോടെ കഴിക്കുന്നതാണ് സ്വാദ്. ഈ അളവ് വെച്ച് 7- 8 ദോശ വരെയുണ്ടാക്കാം. ബാക്കി വന്ന മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ശ്രദ്ധിക്കുക
മറ്റു ചീരകള്‍ ഒക്കെ ചേര്ക്കുന്നുണ്ടെങ്കില് സവാള ഒഴിവാക്കി, ഈ ഇലകള്‍ ചെറുതായി അരിഞ്ഞു മാവിലേക്ക് ചേര്‍ത്താല്‍ മതി.
Content Highlights: konkani vasari, konkani style food, sannapolo, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..