ഉഴുന്ന് റവ ഇഡ്ഡലി
പ്രാതല്‍ ഭക്ഷണത്തിലെ ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് നമുക്ക് ഇഡലി. ഉഴുന്നും പച്ചരിയും ചേര്‍ത്തുള്ള സാദാ ഇഡ്ഡലിക്ക് പുറമെ മറ്റനേകം വിധത്തില്‍ കൊങ്കണി ഭക്ഷണശാഖയില്‍ ഇഡ്ഡലികളുണ്ടാക്കും. അത് ചോറിനൊപ്പം കഴിക്കാനുള്ള നല്ല എരിവുള്ള 'സന്നാ ഇഡലി ' മുതല്‍ കിസ്മിസും കശുവണ്ടിയും ഒക്കെ ചേര്‍ത്തുള്ള മധുര ഇഡ്ഡലി അല്ലെങ്കില്‍ 'ഗോഡി ഇഡ്ഡലി' യും ഉണ്ടാക്കും. മഞ്ഞളിലയുടെ മണത്തോടെ നിറയെ കക്കിരിക്ക ചുരണ്ടിയിട്ട 'തവശേ ഇഡ്ഡലി'യാണെങ്കില്‍ ശര്‍ക്കര ചേര്‍ത്തും അല്ലെങ്കില്‍ പച്ചമുളക് ചേര്‍ത്തും ഉണ്ടാക്കും. രണ്ടിനും രുചി സ്വര്‍ഗീയം എന്നേ പറയാനൊക്കൂ.
വിശേഷദിവസങ്ങളിലും വ്രതം ആചരിക്കുന്ന ദിവസങ്ങളിലും അരിയാഹാരം ഒഴിവാക്കുന്ന പതിവ് കൊങ്കണി കുടുംബങ്ങളിലുണ്ട്. അത്തരം അവസരങ്ങളില്‍ ഉണ്ടാക്കുന്ന പ്രധാന വിഭവമാണ് ഉഴുന്ന് റവ ഇഡ്ഡലി. അരി ഉപയോഗിക്കാതെയാണെങ്കിലും രുചിയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കൂട്ടിനു സാമ്പാറോ ചമ്മന്തിയോ മതി.
മാവ് പുളിപ്പിക്കാതെയും ഈ ഇഡ്ഡലി ഉണ്ടാക്കാം. അതുകൊണ്ട് തന്നേ ഇന്‍സ്റ്റന്റ് ഇഡ്ഡലി എന്ന് വേണമെങ്കിലും നമുക്ക് വിളിക്കാം. കൂടെ ഇഞ്ചിയും പച്ചമുളകും ചേര്‍ത്തും തയ്യാര്‍ ചെയ്യാം. അതിന്റെ രുചി വേറെ തന്നെയാണ്.
ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന് - 1 കപ്പ്
വറുത്ത റവ- രണ്ടര കപ്പ്
ഇഞ്ചി - 1 ഇഞ്ച്
പച്ചമുളക് - 3- 4 എണ്ണം
തയ്യാറാക്കുന്ന വിധം
ഉഴുന്നും റവയും അളക്കാന്‍ ഒരേ കപ്പ് തന്നെ നിര്‍ബന്ധമായും എടുക്കണം. ഉഴുന്ന് ഒരു 4-5 മണിക്കൂര്‍ വരെ കുതിര്‍ത്തു വെയ്ക്കുക .ശേഷം സാധാരണ ഇഡ്ഡലിക്ക് അരയ്ക്കും പോലെ നന്നായി അരച്ചെടുക്കുക .
ഉഴുന്ന് അരച്ച മാവ് മാറ്റിയതിനു ശേഷം ഗ്രൈന്‍ഡറിന്റെയോ മിക്‌സിയുടെയോ അകം കഴുകാന്‍ എടുത്ത വെള്ളത്തില്‍ (രണ്ട് കപ്പ് ) തന്നെ റവ 15 മിനിറ്റ് നേപം കുതിര്‍ത്തു വയ്ക്കുക. കുതിര്‍ന്ന റവ ഉഴുന്ന് അരച്ച മാവില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക .
ഇനി ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് സാധാരണ ഇഡ്ഡലി മാവിന്റെ അയവില്‍ മാവ് തയ്യാറാക്കാം . ആവശ്യമെങ്കില്‍ മാത്രം വെള്ളം ചേര്‍ക്കാം. ഇനി സാധാരണ ഇഡ്ഡലി തയ്യാറാക്കും പോലെ ഇഡ്ഡലി തയാറാക്കാം.
ശ്രദ്ധിക്കുക :
1.മുകളില്‍ പറഞ്ഞ രീതി മാവ് പുളിപ്പിക്കാതെയുള്ളതാണ്. എന്നാല്‍, ഉഴുന്ന് തലേ ദിവസം അരച്ച് റവ മീതെ വിതറി ( മിക്‌സ് ചെയ്യാതെ ), പിറ്റേ ദിവസം ഇഡ്ഡലി തയ്യാറാക്കുന്നവരുമുണ്ട്. രണ്ട് രീതിയിലും സ്വാദിഷ്ടമാണ്.
2. വറുത്ത റവ തന്നെ വാങ്ങുക. വറുക്കാത്ത റവ ആണെങ്കില്‍ ഒരു പാനില്‍ റവ ചെറുതീയില്‍ അല്പം നേരം വറുത്തെടുത്തു ചൂടാറിയതിന് ശേഷം വെള്ളത്തില്‍ മിക്‌സ് ചെയ്തു ചെയ്യാവുന്നതാണ് .
3. ഇഞ്ചി പച്ചമുളക് എന്നിവ ഇഡ്ഡലി കഴിക്കുമ്പോള്‍ ഇടയ്ക്ക് കടിക്കാന്‍ കിട്ടുന്നത് അരോചകമായി തോന്നുന്നവര്‍ക്ക് ഉഴുന്നിന്റെ കൂടെ ചേര്‍ത്ത് ഇവ അരച്ചെടുക്കാവുന്നതാണ്.
4. ഇഞ്ചി പച്ചമുളക് ഒഴിവാക്കി മാവില്‍ കായം ചേര്‍ത്തും ഈ ഇഡ്ഡലി തയ്യാറാക്കാം.
Content Highlights: konkani style recipe, konkani vasari, black gram rava idli, recipe, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..