പത്രോട
കൊങ്കണി വിഭവങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ചേമ്പില കൊണ്ടുള്ള "പത്രോട " എന്ന വിഭവം തന്നെയാണെന്ന് നിസ്സംശയം പറയാം. ചേമ്പിലയുടെ രുചിയ്‌ക്കൊപ്പം ഗുണവും കൂടെയാകുമ്പോൾ ഇതിന് ആസ്വദകർ ഏറെ. മഴക്കാലത്തെ ചേമ്പിലകൾക്ക് രുചി കൂടുന്നത് പത്രോടയിലും നിഴലിക്കും. ചേമ്പിലകൾക്ക് മീതെ പ്രത്യേക മാവ് പുരട്ടി ചുരുട്ടി എടുത്ത് ആവിയിൽ വേവിച്ചെടുക്കുന്ന വിഭവമാണ് പത്രോട.
പത്രോടയ്ക്ക് സമാനമായ വിഭവം ചേമ്പില കൊണ്ട് തന്നെ മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും പ്രചാരത്തിലുണ്ട്. കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുമെങ്കിലും ഇതിലെ ചേരുവകൾ വ്യത്യസ്തമാണ്. മറാഠികൾ "അലൂ വാടി "എന്നും ഗുജറാത്തികൾ " പാത്ര" എന്നും ഇതിനെ വിളിക്കും.
ചേമ്പില എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ ഓർക്കുന്നത് കഴിക്കുമ്പോൾ നാവിൽ ചൊറിച്ചിൽ അനുഭവപ്പെടുമോ എന്ന സംശയമാണ്. എന്നാൽ കൃത്യമായ ഇലകൾ മാത്രം പറിച്ചെടുക്കുകയാണെങ്കിൽ ഒരിക്കലും ചേമ്പില വിഭവങ്ങൾ ഏതും ചൊറിയില്ല. ഇലകൾ ഒട്ടുമേ മുറ്റി പോയതാവാൻ പാടില്ല. ഏറ്റവും അവസാനം മുളച്ചു വന്ന ചുരുണ്ടു നിക്കുന്ന ചേമ്പിലകൾക്ക് തൊട്ടു മുൻപേ വന്ന പിഞ്ചു ഇലകൾ ആണ് പത്രോടയുണ്ടാക്കാനായി എടുക്കേണ്ടത്. അത്തരം ഇലകൾക്ക് പ്രത്യക്ഷത്തിൽ തന്നെ ഒരു മിനുസവും തിളക്കവും കാണും. അവ വേറിട്ട് തന്നെ കാഴ്ച്ചയിൽ മനസ്സിലാകും. കൃത്യമായ പരുവത്തിലെ ചേമ്പിലകൾ എടുക്കുന്നതിൽ നിന്നും പത്രോടയുടെ വിജയം തുടങ്ങുന്നു. ഫോട്ടോയിൽ കാണുന്ന പാൽ ചേമ്പിന്റെ ഇലകളിലും തോട്ടു വക്കത്തും പാടത്തും മറ്റും കാണുന്ന താളിലകളിലും പത്രോട ഉണ്ടാക്കാം.
Also Read
ചോറിനൊപ്പം കറി ആയിട്ടാണ് പത്രോട വിളമ്പുക. നല്ല എരിവും അല്പം പുളിയും മുന്നിട്ട് നിൽക്കും പത്രോടയ്ക്ക്. നിർബന്ധമായും മീതെ വെളിച്ചെണ്ണ ഒഴിച്ചാണ് പത്രോടാ വിളമ്പുക. ഇത് രുചി കൂട്ടും. തെക്കൻ കേരളത്തിലെ കൊങ്കണികൾ പത്രോട പ്രാതലായും കഴിക്കാറുണ്ട്.
ഉണ്ടാക്കാൻ മിനക്കേട് അല്പം കൂടുതലാണെങ്കിലും ഇതിന്റെ രുചിയും സ്വീകാര്യതയും കാരണം വിശേഷവസരങ്ങളിലും വിരുന്ന് സദ്യകൾക്കും മറ്റും പത്രോടയ്ക്ക് കൊങ്കണി സദ്യകളിൽ രാജകീയപരിവേഷമാണ്.
വ്യത്യസ്ത രുചി അറിയാൻ താല്പര്യമുള്ളവർ തീർച്ചയായും ഉണ്ടാക്കി നോക്കേണ്ടതാണ്.
പാചകരീതിയിലേക്ക്
ചേരുവകൾ
- നല്ല പിഞ്ച് ചേമ്പില - 20-25 എണ്ണം
- പച്ചരി - 1 കപ്പ്
- തുവരപ്പരിപ്പ് - 1/4 കപ്പ്
- വറ്റൽമുളക് - 20-25 എണ്ണം
- ഇലുമ്പൻ പുളി ( പുളിഞ്ചിക്ക )-6-8 എണ്ണം
- തേങ്ങാ - 3 കപ്പ്
- കായപ്പൊടി - 2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
പിഞ്ചു ചേമ്പിലകൾ നോക്കി പറിച്ചെടുക്കുക. ഇനി ചേമ്പിലയുടെ പിൻവശത്തുള്ള കട്ടിയുള്ള സിരകളും മറ്റും കത്തി വെച്ചു ഇലകൾ കീറിപ്പോവാതെ നീക്കം ചെയ്യുക. എന്നിട്ട് നന്നായി കഴുകി എടുക്കുക. പച്ചരിയും തുവരപ്പരിപ്പും കഴുകി ഒരു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർക്കുക.
വറ്റൽ മുളക് അല്പം എണ്ണയിൽ ചുവക്കെ വറുത്തെടുക്കാവുന്നതാണ്. ഇത് നിർബന്ധമില്ല. ചെയ്‌താൽ നല്ലത് എന്ന് മാത്രം. ശേഷം ആദ്യം തേങ്ങ, വറ്റൽമുളക്, പുളിഞ്ചിക്ക എന്നിവ വളരെ നന്നായി അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് അരി -പരിപ്പ് ചേർത്ത് അല്പം തരുതരുപ്പായി അരച്ചെടുക്കുക. മാവ് അധികം അയഞ്ഞു പോവരുത്. ഇത്തിരി കട്ടിയായി തന്നെ വേണം. അത് കൊണ്ട് വെള്ളം ചേർക്കുമ്പോൾ ശ്രദ്ധിക്കുക. ഇനി ഇതിലേക്ക് ഉപ്പും കായപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
മാവിൽ എരിവും ഉപ്പും പുളിയും അല്പം മുന്നിട്ട് തന്നെ നിൽക്കണം. വെന്തു വരുമ്പോൾ അത് ശരിയാവുന്നതായിരിക്കും.
ഇനി ആദ്യം കൂട്ടത്തിലെ വലിയ ഇല എടുത്തു പിൻവശം മുകളിൽ കാണത്തക്ക വിധം വെച്ച് അതിലേക്ക് മാവ് എല്ലായിടവും സമാനമായി പുരട്ടുക. വീണ്ടും അതിന്ടെ മുകളിൽ അതിലും ചെറിയ ഇല വെച്ച് മാവ് പുരട്ടുക. (ചിത്രങ്ങൾ ശ്രദ്ധിക്കാം. ) ഇതേ പോലെ ഒരു പത്രോട ചുരുളിൽ ആറ് മുതൽ എട്ടിലകൾ വരെ വയ്ക്കാം .
എന്നിട്ട് ഫോട്ടോയിൽ കാണുന്ന പോലെ ആദ്യം താഴ്ഭാഗത്തു നിന്നും പിന്നീട് വശങ്ങളിൽ നിന്നും, അതിനു ശേഷം മുകൾ ഭാഗത്തെ തുമ്പു കൂടെ അകത്തോട്ട് മടക്കി വെയ്ക്കുക . എന്നിട്ട് താഴ്ഭാഗത്തു നിന്നും പായ ചുരുട്ടും പോലെ മുകളിലേക്ക് ചുരുട്ടി എടുക്കുക . ഇങ്ങനെ എല്ലാ ഇലകളും റോൾ ചെയ്തെടുക്കുക. ഈ അളവിൽ ഏകദേശം മൂന്ന് പത്രോട ചുരുട്ടുകൾ കിട്ടേണ്ടതാണ്.
ശേഷം ഈ പത്രോട ചുരുട്ടുകളെ ഒന്നര ഇഞ്ചു കനത്തിൽ വട്ടത്തിൽ മുറിച്ചു ഇഡ്ഡലിച്ചെമ്പിൽ വെച്ചു ആവിയ്ക്ക് വെയ്ക്കുക. ആദ്യം നല്ല തീയിലും ആവി പുറത്തേക്ക് വന്ന് തുടങ്ങുമ്പോൾ ഫ്‌ളൈയിം കുറച്ച് ചെറുതീയിലും വേവിക്കുക. ഏകദേശം ഒരു മണിക്കൂറെങ്കിലും അടുപ്പിൽ നിർബന്ധമായും വേവിയ്‌ക്കേണ്ടതാണ്.
ഇലകൾ നന്നായി വെന്തുകഴിയുമ്പോൾ പത്രോട തയ്യാറാകും. ചൂടോടെ മീതെ വെളിച്ചെണ്ണ ഒഴിച്ചു കഴിക്കുക.
ശ്രദ്ധിക്കുക
- ഇലകൾ നന്നായി വെന്തു വരേണ്ടത് കൊണ്ട് ഒരു മണിക്കൂറെങ്കിലും ചുരുങ്ങിയത് വേവിക്കണം. വിറകടുപ്പിനുള്ള സൗകര്യമുള്ളവർ ഒന്നര മണിക്കൂറൊക്കെ അടുപ്പിൽ വേവിയ്ക്കും. എന്തായാലും ഇലകൾ നന്നായി വെന്തു വരേണ്ടത് നിർബന്ധമാണ് .
- പുളിഞ്ചിക്കയ്ക്ക് പകരം വാളൻ പുളിയും ഉപയോഗിക്കാം. അങ്ങനെയാണെങ്കിൽ ഒരു വലിയ നെല്ലിക്ക വലുപ്പത്തിലുള്ള പുളി ചേർക്കണം.
- ഇതേ മാവിൽ രണ്ട് വലിയ സവാള ചെറുതായി അരിഞ്ഞതും ചേർത്ത് പാത്രോടയുടെ മറ്റൊരു രൂപം തയ്യാറാക്കും. അപ്പോൾ കായം ഒഴിവാക്കേണ്ടതാണ്.
.jpg?$p=8c3df8d&&q=0.8)
.jpg?$p=3699ef6&&q=0.8)
.jpg?$p=68bba05&&q=0.8)
.jpg?$p=614bf06&&q=0.8)
.jpg?$p=d0d8bd4&&q=0.8)
Content Highlights: konkani style pathrode recipe, konkani food recipes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..