വാഴക്കൂമ്പ് പക്കോട
ബജ്ജികള്‍, വടകള്‍ അല്ലെങ്കില്‍ വറുത്തെടുക്കുന്ന പച്ചക്കറി വിഭവങ്ങള്‍ കൊങ്കണി സദ്യകളില്‍ നിര്‍ബന്ധമാണ്. വിശേഷദിവസങ്ങളിലും വിവാഹ സദ്യകളിലും ഇവ ഊണിനൊപ്പം വിളമ്പും.
ക്യാപ്സികം, കോളിഫ്‌ളവര്‍, കടച്ചക്ക ഒക്കെയാണ് ഇത്തരം അവസരങ്ങളില്‍ പ്രധാനി. കടലമാവ് കൊണ്ടുള്ള മാവില്‍ മുക്കിപ്പൊരിച്ചുണ്ടാക്കും ബജ്ജികള്‍. കടലമാവിലല്ലാതെ അരിപ്പൊടിയില്‍ പുതഞ്ഞെടുത്തും ചില പച്ചക്കറികള്‍ വറുത്ത് എടുക്കാറുണ്ട്. രണ്ട് രീതിയിലും അവയ്ക്ക് തനത് രുചിയുണ്ടാകും. സദ്യകളിലെ പ്രധാന ആകര്‍ഷണമാകാനും ഇത് തന്നെയാണ് കാരണം.
ഇത്തരത്തിലേ അത്യന്തം രുചികരമായ ഒരു വട അല്ലെങ്കില്‍ പക്കോട ആണിന്നു ചേര്‍ക്കുന്നത്. വാഴക്കൂമ്പ് ആണ് താരം. വാഴക്കൂമ്പ് പക്കോട എന്ന് കൊങ്കണിയില്‍ പറയും. സാധാരണ രീതിയില്‍ കുട്ടികള്‍ കഴിക്കാന്‍ മടിക്കുന്ന വഴക്കൂമ്പ്, പക്കോട ആയി മാറുമ്പോള്‍ അവര്‍ക്കും ഏറെ പ്രിയപ്പെട്ടതാകും. ചോറിനൊപ്പം ആണിത് വിളമ്പുക. സ്ഥിരം തോരനും ഉപ്പേരിയില്‍ നിന്നുമൊക്കെ രുചികരമായ ഒരു മാറ്റം ആഗ്രഹിക്കുന്നവര്‍ ഇനി വാഴക്കൂമ്പ് പക്കോട തയ്യാറാക്കി നോക്കുക.
Also Read
ആവശ്യമുള്ള സാധനങ്ങള്‍
- വാഴക്കൂമ്പ് - 1 ഇടത്തരം
- സവാള - 1 ഇടത്തരം
- ഇഞ്ചി - 1ഇഞ്ച് നീളത്തില്‍
- പച്ചമുളക് -3-4 എണ്ണം
- മുളക്‌പൊടി -1 ടീസ്പൂണ്‍
- കടലമാവ് - 3 -4 ടേബിള്‍ സ്പൂണ്‍
- കറിവേപ്പില - 2-3 കതിര്‍പ്പ്
- ഉപ്പ് -ആവശ്യത്തിന്
വഴക്കൂമ്പ് പൊടിയായി കൊത്തിയരിയുക. പച്ചമുളക് വട്ടത്തില്‍ അരിയുക. സവാളയും പൊടിയായി അരിയുക. എല്ലാം ഒരുമിച്ചു ഒരു പാത്രത്തിലേക്ക് മാറ്റുക. മുളകുപൊടിയും ഉപ്പും ഇഞ്ചിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. കറിവേപ്പിലയും ചേര്‍ക്കാം. വെള്ളം ഒരു തുള്ളി പോലും ചേര്‍ക്കരുത്. ഉപ്പ് ചേര്‍ത്തു മിക്‌സ് ചെയ്യുമ്പോള്‍ തന്നെ ഈ കൂട്ട് ഉരുട്ടി എടുക്കാനുള്ള വെള്ളവും നനവും ഊറി വന്നിരിക്കും. ഇനി ഈ കൂട്ടില്‍ കടലമാവ് ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്യുക. ഇനി ചെറിയ ഉരുളകളാക്കി തിളച്ച എണ്ണയില്‍ നല്ല മൊരിഞ്ഞു വരുന്ന വരെ വറുത്തു കോരാം.
Content Highlights: konkani vasari, konkani food, recipe, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..