'മെത്തിയെ പോളോ'
പല തരം ദോശകളാല്‍ സമ്പുഷ്ടമാണ് കൊങ്കണി ഭക്ഷണ ശാഖ. സാദാ ഉഴുന്ന് ദോശ മുതല്‍ അട ദോശ, ഉഴുന്ന് റവ ദോശ, നീര്‍ ദോശ തുടങ്ങി ഉഴുന്നും അരിയേടെയും എല്ലാം അനുപാതത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ചു പേരിലും രൂപത്തിലും രുചിയിലും വ്യത്യസ്തത പുലര്‍ത്തുന്ന പലതരം ദോശകള്‍.
ചക്കക്കാലത്തു ചക്ക ദോശ, കക്കിരിക്ക ചീവിയത് ചേര്‍ത്തുണ്ടാക്കുന്ന 'തൗസളി' എന്ന് വിളിക്കുന്ന ദോശ ഒക്കെ ഏറെ രുചികരമാണ്. വെള്ളരിക്ക, ചുരയ്ക്ക എന്തിനേറെ നമ്മള്‍ വലിച്ചെറിയുന്ന തണ്ണിമത്തന്‍ തൊണ്ട് ചേര്‍ത്ത് പോലും ദോശയുണ്ടാക്കും കൊങ്കണികള്‍. രുചിയ്ക്കൊപ്പം ആരോഗ്യത്തിനും ഏറെ ഗുണകരം.
അത്തരത്തിലെ മറ്റൊരു ദോശയാണ് ഇന്ന് പരിചയപ്പെടുത്തുന്ന 'മെത്തിയെ പോളോ' അല്ലെങ്കില്‍ ഉലുവ ദോശ. മഞ്ഞള്‍പ്പൊടി ചേര്‍ത്തല്ലാതെ ഈ മാവ് എന്റെ വീട്ടില്‍ ഉണ്ടാക്കാറില്ല. അതുകൊണ്ട് തന്നെ 'മഞ്ഞ ദോശ' എന്നും ഞങ്ങള്‍ വിളിക്കും. മണത്തിനും രുചിക്കും പുറമെയുള്ള ഉലുവയുടെ ഗുണവശങ്ങള്‍ പറയാതെ തന്നേ അറിയാമല്ലോ. തീര്‍ച്ചയായും നിങ്ങളുടെ പ്രാതലിനു മാറ്റ് കൂട്ടുന്ന ഒരു ദോശ തന്നെയായിരിക്കും ഈ ഉലുവ ദോശ.
ചേരുവകള്‍
- പച്ചരി - 2 കപ്പ്
- തേങ്ങ -2 കപ്പ്
- ഉലുവ -2 ടീസ്പൂണ്‍
- വെള്ള അവില്‍ -ഒരു കപ്പ്
- മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- പഞ്ചസാര -ഒന്നര ടീസ്പൂണ്‍
പച്ചരിയും ഉലുവയും കഴുകി ഒരുമിച്ചു മൂന്ന് മണിക്കൂര്‍ നേരം കുതിര്‍ക്കുക. ശേഷം തേങ്ങാ ചേര്‍ത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. സാദാ ദോശമാവിന്റെ അയവു മതിയാകും. ഇനി മാവിന്റെ മീതെ അവിലും മഞ്ഞള്‍പ്പൊടിയും ഇട്ടു വെയ്ക്കുക. കലക്കേണ്ടതില്ല. ഇനി അടച്ചു വെച്ച് 6-8 മണിക്കൂര്‍ പുളിപ്പിക്കാനായി വെയ്ക്കുക. പിറ്റേന്ന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്ത് ഉടനെ തന്നെ ദോശ ചുടാം. മീഡിയം തീയില്‍ അടച്ചു വെച്ച് ചുട്ടെടുക്കുക.
ശ്രദ്ധിക്കുക
താല്പര്യമുള്ളവര്‍ക്ക് വേണമെങ്കില്‍, അവില്‍ പത്ത് മിനിറ്റ് കുതിര്‍ത്ത് ശേഷം അരച്ചും മാവില്‍ ചേര്‍ക്കാവുന്നതാണ്.
Content Highlights: konkani recipe, konkani vasari, food, recipe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..