മീൻ മുളകിട്ടത്
മുളകിട്ട മീൻ കറികൾക്ക് ആരാധകർ ഏറെയാണ്. തേങ്ങ അരപ്പിന്റ മിനക്കേട് ഒഴിവാക്കി ജോലി എളുപ്പമാക്കാമെന്ന് മാത്രമല്ല, ചോറിനും കപ്പയ്ക്കുമൊക്കെ നല്ല എരിവും പുളിയുമുള്ള മീൻ മുളകിട്ട കറി കൂട്ടിനുണ്ടെങ്കിൽ അതിന്റെ രുചി ഒന്ന് വേറെതന്നെ.
കൊങ്കണി പാചകക്കൂട്ടിലും മീൻ മുളകിട്ട കറികളിൽ ചില വൈവിധ്യങ്ങളുമുണ്ട്. ഓരോ മീനിനനുസരിച്ചു വറ്റൽ മുളകരച്ചും മുളകുപൊടി മാത്രമിട്ടും മുളകിട്ട കറികൾ ഉണ്ടാക്കും. ചിലതിൽ സവാള മാത്രമാണ് ചേർക്കുന്നതെങ്കിൽ, മറ്റൊരു കറിയിൽ വെളുത്തുള്ളി മാത്രം വറുത്തും മുളകിട്ട കറികളുണ്ടാക്കും. അയല ആണെങ്കിൽ വറ്റൽ മുളകും മല്ലിയും ശകലം ഉഴുന്നും വറുത്ത് പുളി ചേർത്തരച്ചെടുക്കുന്ന ചാറിൽ ഇഞ്ചിയും സവാളയും അരിഞ്ഞു ചേർക്കും. ഈ കൂട്ട് അയല മീനിൽ മാത്രമേ ഉണ്ടാക്കാറുള്ളൂ എന്നതാണ് പ്രത്യേകത. ഇത്തിരി കൗതുകം ഉള്ള പേരാണ് കൊങ്കണിയിൽ ഇതിന് - " സാമ്പാർ ഉപ്കരി".
ഇനി ചെമ്മീനും സ്രാവും കല്ലുമ്മേക്കായയും ആണെങ്കിൽ വറുത്ത വറ്റൽ മുളകും പുളിയും ചേർത്തരച്ച കൂട്ടിൽ ഏറ്റവും ഒടുക്കം കായവും ചേർക്കും. ആ മണം സ്വർഗീയം തന്നെ. ഇതിനെ " ഹിങ്കാ ഉപ്കരി " എന്ന് വിളിക്കും. ഏട്ട മുട്ടയിലും ഇതേ കൂട്ട് ചേർത്ത് മുളകിട്ട കറിയുണ്ടാക്കും.
നിറയെ വെളുത്തുള്ളി അല്ലികൾ വെളിച്ചെണ്ണയിൽ ചുവക്കെ മൂപ്പിച്ച് മുളകുപൊടിയും പുളിഞ്ചാറും ഒഴിച്ച് എടുക്കുന്ന ചെമ്മീൻ മുളകിട്ടത് ആണെങ്കിൽ അതീവ രുചികരം. ഒരു പരീക്ഷണമെന്നോണം ഈ കൂട്ട് ഞണ്ടിലും കല്ലുമ്മേക്കയായിലും ഒക്കെ പിന്നീട് ഉണ്ടാക്കി നോക്കിയിട്ടുണ്ടെങ്കിലും ചെമ്മീനിന്റെ തട്ട് താണ് തന്നെയിരിക്കും.
ഇനി മുളകിട്ട കറികളിൽ മുൻപന്തിയിൽ നിൽക്കുന്ന കൊങ്കണികളുടെ ഇടയിൽ ഏറെ പ്രചാരത്തിലുള്ള മുളകിട്ട കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇത് സവാള വറുത്ത് ചേർത്തുണ്ടാക്കുന്ന "ഉപ്കരി " എന്ന് കൊങ്കണിയിൽ വിളിക്കും. അധികം ചേരുവകളില്ലാതെ വളരെ എളുപ്പത്തിൽ രുചികരമായ മീൻ കറിയാണിത്. നെത്തോലി, ചെമ്മീൻ, മുള്ളൻ, പരവ, വേളൂരി, നോങ്ങൽ, ശീലാവ്, പോലുള്ള ഒട്ടുമിക്ക മീനിലും ഈ കൂട്ട് തയ്യാറാക്കാം. ഫോട്ടോയിൽ കാണുന്നത് വേളൂരി മീൻ ആണ്. ചൂട എന്നും ഈ മീനിന് വിളിപ്പേരുണ്ട്. കാഴ്ച്ചയിൽ വലിയ നെത്തോലിയെപ്പോലെയും എന്നാൽ ചെതുമ്പൽ കട്ടി കൂടിയ ചെറു മീനുകൾ ആണ് വേളൂരി. സിൽവർ ഫിഷ് എന്ന് ഇംഗ്ലീഷിൽ പറയും.
പാചകരീതിയിലേക്ക്
ചേരുവകൾ
- വേളൂരി- 1/2 കിലോ
- സവാള- 2 വലുത്
- മുളകുപൊടി- 3 - 4 ടീസ്പൂൺ
- കശ്മീരി മുളകുപൊടി- 2 - 3 ടീസ്പൂൺ
- വാളൻ പുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ
- വെളിച്ചെണ്ണ- 2 - 3 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
വാളൻപുളി അല്പം വെള്ളത്തിൽ കുഴച്ചു ചാറാക്കി തയ്യാറാക്കി വെയ്ക്കുക. സവാള വളരെ ചെറിയ ചതുരക്കഷണങ്ങളാക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അല്പം ഉപ്പ് ചേർത്ത് ചെറുതീയിൽ ചുവക്കെ വഴറ്റുക. നിർബന്ധമായും വഴണ്ട് നന്നായി ചുവന്നു വരണം.
ഉടനെ മുളകുപൊടികൾ ചേർത്ത് ഏതാനും സെക്കൻഡുകൾ വറുത്തു അടുപ്പിൽ നിന്നും മാറ്റുക. മുളകുപൊടി കരിയരുത്.
ഇനി ചട്ടിയിലെ മീനിലോട്ട് ഈ കൂട്ട് ചേർക്കുക. പുളി വെള്ളം പാനിലോട്ട് ഒഴിച്ച് നന്നായി ചുറ്റിച്ചതിനു ശേഷം മീനിലോട്ട് ഒഴിക്കുക.
ഇനി ഗ്രേവിക്ക് ആവശ്യമുള്ള വെള്ളവും ഒഴിച്ച് ചെറുതീയിൽ തിളപ്പിക്കുക. മീൻ പൊടിഞ്ഞുപോവാതിരിക്കാൻ തവിയിട്ട് ഇളക്കാതെ ചട്ടി ചുറ്റിക്കുക. ഗ്രേവി നന്നായി കുറുകിവരുമ്പോൾ വാങ്ങിവെക്കുക. "സവാള വറുത്ത ഉപ്കരി" തയ്യാർ.
ശ്രദ്ധിക്കുക
- എരിവും പുളിയും. നിങ്ങളുടെ ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
- മറ്റൊരു പൊടികളോ , ഇഞ്ചി,വെളുത്തുള്ളി കറിവേപ്പിലയോ ഒന്നുമിതിൽ ചേർക്കാറില്ല.
Content Highlights: konkani style fish curry, konkani upkari recipe, meen mulakittathu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..