കൊദ്ദൽ
കൊങ്കണി ഭക്ഷണ രീതിയിലെ പ്രധാന ആകർഷണം ഒഴിച്ചു കറികളിലെ വൈവിധ്യമാണ്. പരിപ്പും രസവും ആണ് പ്രധാനികൾ എങ്കിലും സാമ്പാറും, പല തരം ധന്യ വർഗ്ഗങ്ങൾ കൊണ്ടുള്ള കറികളും പിന്നെ എല്ലാത്തരം പച്ചക്കറികൾ കൊണ്ടുള്ള കറികളും ഒക്കെ കൂടി ഒഴിച്ചു കറി ശാഖയെ സമ്പന്നമാക്കുന്നു.
എന്തിനേറെ, ഏറ്റവും ഒടുക്കം നമ്മൾ താളിച്ചൊഴിക്കുന്ന താളിപ്പിലെ വ്യത്യസ്തത കൊണ്ട് ഒരേ ചേരുവകൾ കൊണ്ടുതന്നെ മൂന്നും നാലും തരത്തിൽ കറികൾ ഉണ്ടാക്കാം. ഓരോ താളിപ്പ് കൂട്ടിനനുസരിച്ചു കറിയുടെ രൂപവും ഭാവവും രുചിയും പേരും മാറും. കടുക്, കറിവേപ്പില, വെളുത്തുള്ളി, ഉള്ളി, കായം,ഉലുവ,മുള്ളിലവ് കായ ഒക്കെ പല താളിപ്പുകളിലെയും പ്രധാനികൾ ആകുന്നു. രസമെന്തെന്നു വെച്ചാൽ ഇവയ്ക്ക് എല്ലാറ്റിനും ഓരോ കോമ്പിനേഷൻ ഉണ്ട്. അതായത് കടുകും കറിവേപ്പിലയും താളിച്ചിടുന്ന " ഘശി " യിൽ ഒരിക്കലും വെളുത്തുള്ളി ചേർക്കില്ല. വെളുത്തുള്ളി മാത്രം ചേർക്കുന്ന "കൊദ്ദൽ / കൊജ്ജൽ " ആണെങ്കിൽ കടുകും വരില്ല. കറിക്കാണെങ്കിൽ നല്ല എരിവും വേണം. ഇനി ഉള്ളി മാത്രം താളിക്കുന്ന " അമ്പട്ട് " ആണെങ്കിൽ അരപ്പ് അധികം എരിവുള്ളതാവാൻ പാടില്ല. എന്ന് വെച്ച് ഘശിയോളം സാധു ആവാനും പാടില്ല. ഇനി ഉള്ളി വെളുത്തുള്ളി ഒഴിവാക്കുന്ന വിശേഷ ദിവസങ്ങളിൽ കടുക് കറിവേപ്പില താളിക്കുന്ന കറികൾക്കൊപ്പം സദ്യയിൽ സ്ഥാനം പിടിക്കുന്ന കറികളിൽ ചേർക്കുന്ന മുഖ്യ ഇനമാണ് കായവും മുള്ളിലവ് കായയും. രണ്ടിനും ഒപ്പം പച്ചവെളിച്ചെണ്ണയാ മീതെ ഒഴിക്കുക. കായം ചേർക്കുന്നത് " ഹിങ്കാ ബെന്തി " എന്നും, മുള്ളിലവ് ആണെങ്കിൽ " തെപ്പളാ ഘശി " എന്നും കൊങ്കണിയിൽ വിളിക്കും. രണ്ടിലും എരിവ് മുന്നിട്ട് നിൽക്കണം.ഇങ്ങനെ കറികളിൽ അരച്ച് ചേർക്കുന്ന വറ്റൽ മുളകിന്റെ എണ്ണവും താളിപ്പിനനുസരിച്ചു മാറി മറിയും. ചില കറികളിൽ കടുകിനൊപ്പം ഉഴുന്നും ഉലുവയും വന്നു ചേരും.
Also Read
ഇന്ന് പരിചയപ്പെടുത്തുന്നത് വെള്ളരിക്കയും മുരിങ്ങയ്ക്കയും കൊണ്ടുള്ള "കൊദ്ദൽ ". ചിലർ " "കൊജ്ജൽ " എന്നും വിളിക്കും. ചക്കക്കാലത്ത് ചക്കക്കുരുവും ചേർക്കും. നല്ല മുഴുത്ത മഞ്ഞ കണിവെള്ളരി ആണിതിനു കൂടുതൽ യോജ്യമായത്. അതും തൊലി ചെത്താതെ വേണം കറിയിൽ ചേർക്കാൻ. ഒടുക്കം വെളിച്ചെണ്ണയിൽ ചുവക്കെ മൂപ്പിച്ച വെളുത്തുള്ളി കൂടെ ചേർക്കുമ്പോ പരക്കുന്ന ആ ഗന്ധം മാത്രം മതി നാവിൽ കൊതിയൂറാൻ. പാചകവിധി താഴെ ചേർക്കുന്നു.
ചേരുവകൾ
വെള്ളരിക്ക പകുതി കഷ്ണം
മുരിങ്ങയ്ക്ക 2 എണ്ണം
ചക്കക്കുരു- ഒരു പിടി
തേങ്ങാ - രണ്ട് കപ്പ്
വറ്റൽമുളക്- 10-15
വാളൻപുളി- ഒരു ചെറു നെല്ലിക്ക വലുപ്പത്തിൽ
വെളുത്തുള്ളി അല്ലികൾ- 10-12
വെളിച്ചെണ്ണ- 2-3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചക്കറികൾ ഒരുമിച്ച് ഉപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു കുക്കറിൽ ഒരു വിസിൽ വരെ വേവിയ്ക്കുക. വറ്റൽ മുളക് അര ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയിൽ നന്നായി വറുത്തെടുക്കുക. തേങ്ങാ, വറുത്ത വറ്റൽമുളക്, വാളൻ പുളി എന്നിവ നന്നായി മഷിപോലെ അരയ്ക്കുക. അരപ്പ് വെന്ത വെള്ളരിക്കകൂട്ടിൽ ചേർത്ത് തിളപ്പിക്കുക. ചാറ് ഒഴിച്ച് കറിയുടെ പാകത്തിൽ കുറുകി വരുമ്പോൾ വാങ്ങിവെയ്ക്കാം.
ഇനി വെളിച്ചെണ്ണ ചൂടാക്കി തൊലി കളഞ്ഞ വെളുത്തുള്ളി അല്ലികൾ മുഴുവനോടെ വറുക്കുക. നല്ല ചുവന്നു വരണം. ഇത് കറിക്ക് മീതെ താളിച്ചു ചേർക്കാം.
Content Highlights: konkani recipes, easy malayalam recipes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..