ഖോട്ടാ ഹിട്ടു
ആവിയിൽ പുഴുങ്ങി എടുക്കുന്ന വിഭവങ്ങളുടെ പോഷകഗുണം മിക്കവർക്കും അറിയാവുന്നതാണ്. അതിൽ ഇഡ്ഡലിക്ക് ആരാധകരേറെയാണ്. ഇഡ്ഡലിക്കിണ്ണങ്ങളിലും തട്ടിലും തുണിയിലും ഒക്കെ മാവൊഴിച്ചു ഇഡ്ഡലിയുണ്ടാക്കാറുണ്ട്. ഇതിലും വിശേഷമായി പൂവരശ് ഇലകളിലും വട്ടയിലകളിലും വാഴയിലയിലുമൊക്കെ മാവോഴിച്ചു വേവിച്ചെടുക്കുമ്പോൾ ഇലകളുടെ തനത് മണം കൂടെ ഇഡ്ഡലിയിലേക്ക് വന്നു ചേരും. അതിന്റെ രുചി പതിന്മടങ്ങു വർധിക്കുകയും ചെയ്യും.
കാട്ട് കൈതയിലകൾ പ്രത്യേക രീതിയിൽ കോൺ പോലെ നെയ്തു മാവോഴിച്ചുണ്ടാക്കുന്ന "മൂടേ " എന്ന് വിളിക്കുന്ന ഇഡ്ഡലികൾ കർണാടകയിൽ ഏറെ പരിചിതമാണ്. കുഞ്ഞു സ്റ്റീൽ കിണ്ണത്തിൽ ഉണ്ടാക്കുന്ന "തട്ടേ ഇഡ്ഡലി "യും അവരുടെ ഇഷ്ട ഇഡ്ഡലികളിലൊന്ന്.
ഇത്തരത്തിൽ കൊങ്കണികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് "ഹിട്ടു" അല്ലെങ്കിൽ "ഖോട്ടാ ഹിട്ടു " എന്ന് വിളിക്കുന്ന പ്ലാവില കുമ്പിളിലെ ഇഡ്ഡലി. നാല് പ്ലാവിലകൾ പച്ച ഈർക്കിലി കോർത്തു ബാസ്കറ്റ് പോലെ ഉണ്ടാക്കി അതിൽ മാവോഴിച്ചു ഇഡ്ഡലി ഉണ്ടാക്കും. ബാസ്കറ്റ് എന്ന അർഥമാണ് ഖൊട്ടോ എന്ന വാക്കിന്. എണ്ണമയമൊന്നും പുരട്ടാതെ നേരിട്ട് ഇത്തരം പ്ലാവില കുമ്പിളിൽ മാവോഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിനും ഗുണകരം. ആവിയിൽ വെന്ത പ്ലാവിലയുടെ മണം പിന്നെ പറയേണ്ടതില്ലല്ലോ.
Also Read
മിക്കവാറും വിശേഷ ദിവസങ്ങളിൽ കൊങ്കണികൾ ഹിട്ടു ഉണ്ടാക്കും. ചൈത്ര മാസത്തിൽ തുടങ്ങുന്ന പുതുവർഷത്തിലെ ആദ്യ ദിവസം ഉഗാദി ആയി ആഘോഷിക്കുന്ന കൊങ്കണികൾ ഇന്ന് നിർബന്ധമായും ഹിട്ടു ഉണ്ടാക്കും. തേങ്ങാ ചമ്മന്തിയോ ചേന അച്ചാറോ സാമ്പറോ ചേർത്ത് കഴിക്കും.
രസകരമായ ഒരു കാര്യം കൂടെ ചേർക്കട്ടെ. പണ്ട് കാലങ്ങളിൽ യാത്രകളിൽ ഭക്ഷണമായി കരുതിയിരുന്നതും ഹിട്ടു ആയിരുന്നുത്രെ. കൊണ്ടുപോകാനുള്ള സൗകര്യത്തിനൊപ്പം, കഴിച്ചതിനു ശേഷം ഇലകൾ എടുത്ത് കളയാം എന്നതും, ദീർഘ നേരം കേടാവാതെ നിൽക്കും എന്നതും ഇതിന്റെ മേൻമകളിൽ ചിലത്.
പാചകരീതി സാദാ ഇഡ്ഡലി മാവിന്റേതാകുന്നു. ഒരു കപ്പ് ഉഴുന്നിനു രണ്ടര കപ്പ് പച്ചരി ആണ് സാധാരണ എടുക്കുക. എങ്കിലും, ഹിട്ടുവിനു മാവരയ്ക്കുമ്പോൾ പച്ചരി അധികം അരയാതെ ശകലം തരി രൂപത്തിൽ കിട്ടത്തക്ക രീതിയിൽ അരച്ചെടുക്കും. അത് മാത്രമേ സാദാ ഇഡ്ഡലിയിൽ നിന്നും ഹിട്ടുവിനു വ്യത്യാസമുള്ളൂ.
തീരെ ചെറുതും പിഞ്ചുമായ ഇലകൾ എടുക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം.
ചിത്രം 1 ഇൽ കാണുന്നതു പോലെ ഒരേ വലുപ്പത്തിലുള്ള നാല് ഇലകൾ ഇലത്തുമ്പ് ഒന്നിന് മീതെ ഒന്നായി വെച്ച് ക്രമീകരിക്കുക.
ചിത്രം രണ്ടിൽ കാണുന്ന പോലെ രണ്ട് പച്ച ഈർക്കിലി കഷ്ണങ്ങൾ കുത്തിവെച്ച് നാല് ഇലകളും കോർത്തു വെയ്ക്കുക.
ചിത്രം മൂന്നിലും നാലിലും കാണുന്നതു പോലെ പ്ലാവിലകളുടെ പരുപരുത്ത വശം കുമ്പിളിലെ ഉള്ളിൽ വരത്തക്ക രീതിയിൽ, ചേർന്ന് കിടക്കുന്ന രണ്ടിലകൾ മേലോട്ട് പൊക്കി അവിടെ പച്ച ഈർക്കിലി കഷ്ണം കുത്തി വെയ്ക്കുക.
ഇതേ രീതിയിൽ മറ്റു രണ്ടിലകളും മുകളിലോട്ട് മടക്കി പൊക്കി വെച്ചു ഇലകൾ ചേർത്ത് വെച്ചു ഈർക്കിലി കുത്തി കോർത്തിയെടുത്താൽ ഹിട്ടുവിനുള്ള " ഖൊട്ടോ " തയ്യാർ.
ഇനി ഇതിലേക്ക് ഇഡ്ഡലി മാവോഴിച്ചു പതിനഞ്ചു മുതൽ ഇരുപത് മിനിറ്റുകൾ വരെ ആവിയിൽ വേവിച്ചെടുത്താൽ " ഖൊട്ടാ ഹിട്ടു " തയ്യാർ.
പ്ലാവില കുമ്പിൾ ആക്കുന്ന രീതിയുടെ ചിത്രങ്ങൾ
ചിത്രം1
.jpg?$p=519f603&&q=0.8)
ചിത്രം 2
.jpg?$p=39ab4c7&&q=0.8)
ചിത്രം 3
.jpg?$p=81b54c4&&q=0.8)
ചിത്രം 4
.jpg?$p=af0b3b8&&q=0.8)
ചിത്രം 5
.jpg?$p=2bf9c27&&q=0.8)
ചിത്രം 6
.jpg?$p=7985078&&q=0.8)
ചിത്രം 7
.jpg?$p=262a232&&q=0.8)
Content Highlights: konkani recipe khotte hittu,konkani konkani food items
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..