വാഘു
"ഇവൻ പുലിയാണ് കേട്ടോ " എന്നുറപ്പിച്ചു പറയാവുന്ന ഒരു കറിയും കൊണ്ടാണ് ഇന്നത്തെ വരവ്. കാരണം ഇവന്റെ പേര് പുലി എന്ന് തന്നെയാണ്. വ്യാഘ്രം എന്ന ശബ്ദം ലോപിച്ച് കൊങ്കണിയിൽ " വാഘു " എന്നായിത്തീർന്നു പുലിക്കുള്ള പേര്. പുലിയുടെ ശൗര്യം പോലെ എരിവ് ഒരു പടി മുന്നിൽ നിൽക്കുന്ന ഈ ഉരുളക്കിഴങ്ങ് കറിക്ക് " വാഘു " എന്നല്ലാതെ പിന്നെന്തു വിളിക്കാൻ !
കൊങ്കണി സദ്യകളിൽ പരിപ്പും കൂട്ടി ഉണ്ണുമ്പോൾ ഈ വാഘു ഉണ്ടെങ്കിൽ അതൊരു രുചി തന്നെയാണ്. മുൻപൊക്കെ ഉരുളക്കിഴങ്ങ് മാത്രമേ ചേർത്തിരുന്നുള്ളൂ. ആ അർത്ഥത്തിൽ " ബട്ടാട്ടാ വാഘു " എന്നെടുത്തു വിളിക്കുമായിരുന്നു. പിന്നീട് ഉരുളക്കിഴങ്ങിനൊപ്പം കോളിഫ്ലവറും ഗ്രീൻ പീസും ചേർത്ത് തുടങ്ങി. പച്ച പട്ടാണി ചേർത്താൽ ഉത്തമം. പച്ച കിട്ടിയില്ലെങ്കിൽ ഉണക്ക പട്ടാണിക്കടല കുതിർത്ത് വേവിച്ചു ചേർക്കുകയും ചെയ്യാം.
"വാഘു" വിന്റെ മറ്റൊരു ആകർഷണം ഇതിന്റെ ചുവന്ന നിറമാണ്. എരിവിനായി വറുത്തരച്ച് ചേർക്കുന്ന വറ്റൽ മുളകിന്റെ ശൗര്യം പോലെയിരിക്കും " വാഘു "വിന്റെ രുചിയും എടുപ്പും. ഇതിൽ സവാള വെളുത്തുള്ളി എന്നിവ ചേർക്കാത്തതിനാൽ കൊങ്കണികളുടെ വിശേഷ ദിവസങ്ങളിൽ സദ്യക്ക് ഇവന്റെ സ്വീകാര്യത കൂടുന്നു.
ചേരുവകൾ
1. ഉരുളക്കിഴങ്ങ് - 2 ഇടത്തരം
2. കോളിഫ്ലവർ ഇതളുകൾ - 1 കപ്പ്
3. ഗ്രീൻ പീസ് - 1/2 കപ്പ്
4. തക്കാളി - 2 വലുത്
5. തേങ്ങ - 2 ടീസ്പൂൺ
6.വറ്റൽ മുളക്- 10- 15 എണ്ണം
7.മല്ലി - ഒന്നര ടീസ്പൂൺ
8.പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
9. ഉപ്പ്- ആവശ്യത്തിന്
10.കടുക്- 1 ടീസ്പൂൺ
11. കറിവേപ്പില -ഒരു കതിർപ്പ്
12. എണ്ണ -2-3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, തക്കാളി എന്നിവ അല്പം വലിയ കഷ്ണങ്ങൾ ആക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വറ്റൽമുളകും മല്ലിയും ചുവക്കെ വറുക്കുക. ശേഷം ഇവ പുളി , തേങ്ങാ എന്നിവയ്ക്കൊപ്പം അല്പം വെള്ളം ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുത്ത് വെയ്ക്കുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുക്, കറിവേപ്പില എന്നിവ ചേർക്കുക. ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വെന്തു വന്നതിനു ശേഷം ഉരുളക്കിഴങ്, കോളിഫ്ലവർ, ഗ്രീൻപീസ് എന്നിവ ചേർക്കുക. ഉപ്പ് ചേർത്ത് വഴറ്റുക. ശേഷം ഒന്നര കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച് പാകം ചെയ്യുക. തിള വന്നു പച്ചക്കറികൾ പാകത്തിന് വെന്തു വരുമ്പോൾ അരപ്പ് ചേർത്ത് ചെറുതീയിൽ പാകം ചെയ്യുക. അരപ്പ് വെന്തു ചാർ കുറുകി വന്നതിനു ശേഷം തീ അണച്ച് വാങ്ങി വെയ്ക്കുക. താല്പര്യമുള്ളവർക്ക് മല്ലിയില ചേർക്കാം.
Content Highlights: konkani food vagu recipe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..