ശെവ്വയി
കാഴ്ച്ചയിൽ ഇടിയപ്പം പോലെ തോന്നുന്ന, എന്നാൽ രുചിയിലും പാചകരീതിയിലും ഇടിയപ്പത്തെക്കാൾ മുന്നിട്ട് നിൽക്കുന്ന വിഭവമാണ് സേവ / സേവക എന്നൊക്കെ വിളിക്കുന്ന ശെവ്വയി എന്ന ഈ കൊങ്കണി വിഭവം. കുറച്ച് മിനക്കേടും അധ്വാനവും കൂടുതലാണ് എന്നത് കൊണ്ട് തന്നേ ഇത്തിരി വിശേഷ വിഭവം എന്ന വിഭാഗത്തിലാണ് ആശാൻ പെടുന്നത്.
അരിപ്പൊടി കുഴച്ചാണല്ലോ ഇടിയപ്പം ഉണ്ടാക്കുക. എന്നാൽ അരി അരച്ച്, കുറുക്കി ആവിയിൽ പുഴുങ്ങിയ ശേഷം സേവ തട്ടിൽ വെച്ച് പിഴിഞ്ഞെടുക്കുന്നതാണ് ശെവ്വയി. ഇനി ഒരു പ്രത്യേകത, ഇത് പിഴിഞ്ഞെടുക്കുന്ന സേവ തട്ട് ആണ്. ഇപ്പോഴത്തേ പോലെ കൈ കൊണ്ടു തിരിച്ചെടുക്കുന്ന സേവ തട്ട് അല്ല പണ്ടൊക്കെ വീടുകളിൽ ഉണ്ടായിരുന്നത്. അരയോളം വലുപ്പത്തിൽ ഇരുമ്പിലോ ഓട്ടിലൊ മറ്റോ ഉള്ള ഒരു യന്ത്രമാണ്. ഇതിനെ "ശെവ്വയി ദൻത്തേ" എന്നാണ് കൊങ്കണിയിൽ പറയുന്നത്. ഒരാൾ മേലേ അതിന്റെ ഹാൻഡിൽ തിരിക്കാനും, മറ്റൊരാൾ പിഴിഞ്ഞ് വരുന്ന സേവ ഒരു പ്ലേറ്റിൽ കോരി എടുക്കാനും വേണം. പഴയ ചില വീടുകളിൽ തടി കൊണ്ടുള്ള സേവ സ്റ്റാന്റും ഉണ്ടായിരുന്നു.അങ്ങനെ കുടുംബം മൊത്തം ശെവ്വയി ഉണ്ടാക്കുമ്പോൾ സന്തോഷത്തോടെ കൂടെക്കൂടും.
രണ്ട് രീതിയിൽ ശെവ്വയി ഉണ്ടാക്കും. പുഴുക്കലരി മാത്രം ചേർത്താണ് കൂടുതലും ഉണ്ടാക്കുക. എന്നാൽ പച്ചരിയും പുഴുക്കലരിയും സമാസമം എടുത്ത് തേങ്ങ ചേർത്തരച്ച് എടുക്കുന്നതിനും രുചി അതിവിശേഷം. ഇതിനൊപ്പം വിളമ്പുന്ന കറികളാണെങ്കിൽ ഏറെയുണ്ട്. സാമ്പാറും ഇഷ്ടുവും കടലക്കറിയുമൊക്കെ ആവാമെങ്കിലും ഇന്നും ഏറെ ഫാൻസ് ഫോട്ടോയിൽ കാണുന്ന കണ്ണിമാങ്ങാ അച്ചാറിനാണെന്ന് പറഞ്ഞാൽ അതൊരു അതിശയോക്തി അല്ല. അച്ചാർ മാത്രം പോരാ താനും കൂടെ വെളിച്ചെണ്ണ കൂടെ വേണം. അപ്പോഴാണ് രുചി. അതുമല്ലെങ്കിൽ ശർക്കരയും ഏലയ്ക്കയും പൊടിച്ചു ചേർത്ത തേങ്ങാപ്പാല് ആയാലും അതിവിശേഷം.
ഇന്നു ചേർക്കുന്ന പാചകരീതി പുഴുക്കലരി മാത്രം ചേർത്തുള്ള ശെവയിയുടേതാണ്. താരതമ്യേനെ ജോലിഭാരം കുറവുള്ള വിഭാഗത്തിൽ പെടുത്താം.
പാചകരീതി
പുഴുക്കലരി ( മട്ട ) - 3 കപ്പ്
ഉപ്പ് - ആവശ്യത്തിന്
മട്ട അരി ഒരു ആറു മണിക്കൂർ വരെ കുതിർക്കുക . രാത്രി മുഴുവനും കുതിർത്തുവെക്കണം. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ചു നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. കട്ടി ആയിട്ടൊന്നും അരയ്‌ക്കേണ്ടതില്ല. ധൈര്യമായി വെള്ളമൊഴിച്ച് അരച്ചെടുക്കാം. ശേഷം ഇതിൽ ഉപ്പ് ചേർത്ത് നന്നായി കലക്കുക.
ഇനി നല്ല വാവട്ടമുള്ള ഉരുളിയോ പാനോ ചൂടാക്കി അതിലേക്ക് ഈ മാവ് ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കുക.
ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത് കുറുകി വരും. നിങ്ങളുടെ മാവിലെ വെള്ളത്തിന്റെ അളവ് അനുസരിച്ചിരിക്കും കുറുകി വരാൻ എടുക്കുന്ന സമയം. അഞ്ചു മിനിറ്റുകൾക്കുള്ളിലൊക്കെ കുറുകി വശങ്ങളിൽ നിന്നുമൊക്കെ ഇളകി ഒരു ബോൾ പോലെ ആവും.
അപ്പോൾ വാങ്ങി വെച്ച് ഇടിയപ്പം തട്ടിൽ പിടിക്കുന്ന അളവിൽ എടുത്ത് ഉരുട്ടി, ഓരോ ഉരുളകളാക്കി ഇഡ്ഢലി ചെമ്പിൽ വെച്ച് ആവി കേറ്റാം.
ഏകദേശം അരമണിക്കൂർ അടുപ്പിച്ച് ആവി കയറ്റണം . ഒരു സ്പൂൺ കൊണ്ട് കുത്തി നോക്കി വേവ് ആയോ എന്ന് നിശ്ചയിക്കാം. മാവ് ഒട്ടിപ്പിടിക്കാതെ ക്ലീൻ ആയി സ്പൂൺ പുറത്തെടുക്കാൻ കഴിഞ്ഞാൽ വേവ് ആയെന്ന് സാരം. ഇനി സാധാരണ ഇടിയപ്പം പിഴിഞ്ഞെടുക്കുന്ന പോലെ പിഴിയാം. വീണ്ടും ആവിക്ക് വെക്കാറില്ല. നേരിട്ട് വിളമ്പാം.
ശ്രദ്ധിക്കുക
ഇത് പുഴുക്കലരി മാത്രം അരച്ചുണ്ടാക്കുന്ന രീതി ആണല്ലോ. ഇനി പച്ചരി കൂടെ ചേർക്കുന്നുണ്ടെകിൽ ഇതിന്റെ അളവുകളിൽ മാറ്റം വരുത്തണം. അപ്പോൾ ഒന്നര കപ്പ് പച്ചരിക്ക് ഒന്നര കപ്പ് തന്നെ മട്ട അരിയും ഒരു വലിയ തേങ്ങയും കൂടെ തിരുമ്മി ചേർക്കേണ്ടതാണ്. ബാക്കി എല്ലാം മേൽ പറഞ്ഞ രീതി തന്നെ അവലംബിച്ചാൽ മതിയാകും.
Content Highlights: konkani food recipes, easy malayalam recipe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..