ദുദ്ദി പന്നാ ഫോഡി
ഏതൊരു ഭക്ഷണ രീതിയുടെയും പ്രധാന രുചി ഭേദമാണ് ഇലക്കറികള്‍. പോഷകവും രുചിക്കും പുറമെ, അനായാസം ആയി നമ്മുടെ കൃഷിയിടങ്ങളില്‍ നിന്നും പറമ്പുകളില്‍ നിന്നും മറ്റും ലഭിക്കുന്നതും കൊണ്ടു തന്നേ ഇലക്കറികള്‍ക്ക് പണ്ട് മുതലേ സ്വീകാര്യത ഏറും. കൊങ്കണി ഭക്ഷണ ശാഖയിലും ഇലക്കറികളുടെ സ്ഥാനം മുന്‍പന്തിയിലാണ്.
വിവിധ തരം ചീര, മുരിങ്ങയില എന്നിവയ്ക്ക് പുറമെ ചേമ്പില, മത്തനില,കുമ്പളങ്ങയില പയറില, കോവയ്ക്ക ഇല ഒക്കെ പലതരം വിഭവങ്ങളായി കൊങ്കണികള്‍ ഉണ്ടാക്കാറുണ്ട്. ഇവയില്‍ ചേമ്പില കൊണ്ടുള്ള പത്രോടാ എന്നാ വിഭവം ഏറെ പ്രശസ്തമാണ്. സാദാ തോരനും ഉപ്പേരിക്കും പുറമെ ആവിയില്‍ പുഴുങ്ങിയും, എണ്ണയില്‍ വറുത്തു കോരിയും, എരിവുള്ള ദോശയില്‍ അരിഞ്ഞു ചേര്‍ത്തും, തേങ്ങ അരച്ചുള്ള ഒഴിച്ചുകറിയായും, പുളിങ്കറിയായും ഒക്കെ കൊങ്കണികള്‍ ഇത്തരം ഇലവര്‍ഗങ്ങളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.
അത്തരത്തില്‍ ഏറെ രുചികരമായ ഒരു വിഭവമാണ് മത്തനില/ മത്തങ്ങയുടെ ഇലകള്‍ കൊണ്ടുള്ള ഈ ഐറ്റം. കാഴ്ചയില്‍ വറുത്ത മീന്‍ പോലെ തോന്നിയെങ്കില്‍ കുറ്റം പറയാനൊക്കില്ല. കാരണം പ്രത്യേക കൂട്ടില്‍ തയ്യാറാക്കുന്ന മാവ് ഓരോ മത്തനിലകള്‍ക്കും മീതെ പുരട്ടി, ചുരുട്ടി ശേഷം വറുത്തെടുക്കുന്ന ഈ കിടിലന്‍ സാധനം വറുത്ത മീനോളം രുചികരം തന്നേയാണ്. 'ദുദ്ദി പന്നാ ഫോഡി' എന്നാണ് കൊങ്കണിയില്‍ വിളിക്കുക. ദുദ്ദി എന്നാല്‍ മത്തങ്ങ എന്നും 'പന്നാ ഫോഡി' എന്നാല്‍ ഇല വറുത്തത് എന്നും അര്‍ത്ഥം. നമുക്ക് മത്തനില കൊണ്ടുള്ള 'ഫോഡി' എന്നും സ്‌നേഹത്തോടെ വിളിക്കാം.
തോരനും മറ്റും നമ്മള്‍ കിളുന്ത് മത്തനിലകള്‍ എടുക്കുമ്പോള്‍, ഇതിനു നല്ല മൂത്തു വിടര്‍ന്നു നില്‍ക്കുന്ന വലിയ മത്തനിലകളാണ് കൂടുതല്‍ അനുയോജ്യം. ചോറിന്റെ കൂടെയാണ് ഇത് വിളമ്പുക.
ആവശ്യമുള്ള സാധനങ്ങള്‍
- മത്തനിലകള്‍ - 10-15 എണ്ണം
- ഉഴുന്ന് - 1/4 കപ്പ്
- പച്ചരി - 1 കപ്പ്
- വറ്റല്‍ മുളക് - 15-20 എണ്ണം
- കായം - 1 ടീസ്പൂണ്‍
- അരിപ്പൊടി - 1 കപ്പ്
- എണ്ണ - വറുക്കാനുള്ള ആവശ്യത്തിന്
- ഉപ്പ് ആവശ്യത്തിന്
ആദ്യം ഉഴുന്ന് ചെറുതീയില്‍ എണ്ണയൊഴിക്കാതെ ചുവക്കെ വറുക്കുക. വറുത്തതിന് ശേഷം നന്നായി കഴുകി പച്ചരിയുടെ കൂടെ ഒരുമിച്ചു രണ്ടു മണിക്കൂറോളം കുതിര്‍ത്തു വെയ്ക്കുക .മത്തനിലയുടെ പിന്‍വശത്തുള്ള കട്ടിയുള്ള നാരുകള്‍ നീക്കി നന്നായി കഴുകി വൃത്തിയാക്കുക. ഇല കീറി പോവാതെ സൂക്ഷിക്കുക.
കുതിര്‍ത്തു വെച്ച ഉഴുന്ന് -പച്ചരി കൂട്ട്, വറ്റല്‍ മുളക്, കായം, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. വെള്ളം കൂടിപ്പോവരുത്. ഇലകളുടെ പുറത്തു പുരട്ടാനുള്ളതാണ്. നല്ല കട്ടിയുള്ള അയവില്‍ തന്നെ വേണം അരച്ചെടുക്കാന്‍. ഇനി ആദ്യം കൂട്ടത്തിലെ ഏറ്റവും വലിയ ഇല പുറം തിരിച്ചു പിന്‍വശം മുകളില്‍ കാണുന്ന വിധം വയ്ക്കുക. ഇതിന്റെ പുറത്തു അല്‍പ്പം മാവ് കൈയിലെടുത്ത് എല്ലാ ഭാഗത്തും നന്നായി തേച്ചു പുരട്ടി പിടിപ്പിക്കുക.
ഇതിന്റെ പുറത്തു വേണം അടുത്ത ഇല വയ്ക്കാന്‍. ഈ ഇലയുടെ മുകളിലും അല്‍പ്പം മാവ് നന്നായി പുരട്ടുക. ഇങ്ങനെ ഇലകള്‍ ഓരോന്നായി മാവ് തേച്ചു പിടിപ്പിച്ചു വെയ്ക്കണം. ഒരു ബാച്ചില്‍ ഏകദേശം 6-7 ഇലകള്‍ വരെ വെയ്ക്കാം. ഇനി ഇതിന്റെ വശങ്ങളില്‍ നിന്നും അകത്തോട്ട് ചെറുതായി മടക്കുക. ശേഷം താഴ് ഭാഗത്തു നിന്നും നമ്മള്‍ പായ ചുരുട്ടും പോലെ മുകളിലോട്ട് ചുരുട്ടി കൊണ്ട് വരുക. നല്ല മുറുകെ ആയിവേണം ചുരുട്ടി കൊണ്ട് വരാന്‍.
ഇനി ഫോട്ടോയില്‍ കാണുന്ന ആ കനത്തില്‍ ഈ റോള്‍ കഷണങ്ങളായി വട്ടത്തില്‍ മുറിച്ചെടുക്കുക. ഓരോ കഷ്ണവും അരിപ്പൊടിയില്‍ നന്നായി പുത്തഞ്ഞെടുത്ത് സാധാരണ ബജ്ജികള്‍ പോലെ ചൂടായ എണ്ണയില്‍ വറുത്തു കോരാം. അകം നന്നായി വെന്തു വരേണ്ടതിനാല്‍ തീ കൂട്ടിയും കുറച്ചും വേണം വറുത്തെടുക്കാന്‍.
ശ്രദ്ധിക്കുക :
1.ഫോഡികള്‍ ഓരോന്നായി ഇടുമ്പോള്‍ തീ കൂട്ടി വെച്ചും, ഒന്നോ രണ്ടോ മിനിറ്റുകള്‍ക്ക് ശേഷം തീ കുറച്ചു ചെറുതീയില്‍ നാലഞ്ചു മിനിറ്റുകള്‍ കൊണ്ടുവേണം വറുത്തെടുക്കാം.
2. ഫോഡികള്‍ പുതഞ്ഞെടുക്കാന്‍ എടുക്കുന്ന അരിപ്പൊടി ഒട്ടും തരിയില്ലാതെ നല്ല മിനുസമുള്ള അരിപ്പൊടി ആവണം. പുട്ട് പൊടി എടുക്കാതെ, ഇടിയപ്പം പൊടി വേണം എടുക്കാന്‍.
Content Highlights: konkini food recipe, konkini vasari, food, recipe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..