ദുദി ഉപ്കരി
ഒരു മത്തവള്ളിയെങ്കിലും കാണും പണ്ടൊക്കെ ഞങ്ങടെ അടുക്കളതോട്ടത്തിൽ. കാരണം മത്തൻ അത്ര മാത്രം പ്രിയപ്പെട്ട പച്ചക്കറികളിൽ ഒന്നാണ്. മത്തങ്ങാ വിളഞ്ഞില്ലേലും ഇലയും പൂവും തന്നേ ധാരാളം എന്നത് തന്നേ കാരണം. ഒപ്പം മത്തനും കൂടെ കിട്ടിയാൽ അത് "ബോണസ് ".
കൊങ്കണി പാചകത്തിൽ മത്തങ്ങയ്ക്ക് ഏറെ രുചിഭേദങ്ങളുണ്ട്. കിളുന്ത് മത്തനില "ഉപ്കരി " അല്ലെങ്കിൽ തോരനിൽ തൊട്ട് തുടങ്ങും. ഇലകൾ അല്പം പാകം വന്നു മൂത്തു തുടങ്ങിയാൽ ഒന്നിന് മീതെ ഒന്ന് വെച് മാവ് പുരട്ടി വറുത്ത് എടുത്ത് ഉണ്ടാക്കുന്ന " ഫോഡി" യോളം വിശിഷ്ട രുചി വേറൊന്നിന്നുമില്ല തന്നെ. ഇനി പൂക്കാൻ തുടങ്ങിയാലോ, പൂമൊട്ടുകളെ വരെ വെറുതെ വിടില്ല. മത്തൻ കായ്ക്കില്ല എന്നുറപ്പുള്ള പൂവുകൾ ആണ് എന്നോർക്കണം. മൊട്ടുകൾ ബജ്ജിമാവിൽ മുക്കി പൊരിക്കും. ഇനി പിറ്റേന്ന് വിരിഞ്ഞ പൂവുകൾ ആണെങ്കിൽ പുലർച്ചെ വെയിലുറയ്ക്കും മുന്നേ പറിക്കും. എന്നിട്ടരിഞ്ഞു വെറുതെ കടുകും മുളകും താളിച്ചു വഴറ്റി എടുത്താൽ പോലും ഏറെ രുചിയാണ്. പിന്നീട് ആയിരിക്കും മത്തങ്ങ വിഭവങ്ങളുടെ രാജകീയ വരവ്.
അടുക്കളയുടെ ഒരു മൂലേൽ ആശാൻ സ്ഥാനം പിടിച്ചാൽ ഓരോ കഷ്ണങ്ങളായി മുറിച്ചു പിന്നീട് വരുന്ന ദിവസങ്ങളിൽ ഓരോ രൂപത്തിൽ വരും. 'ഉപ്കരി' എന്നാ ഉപ്പേരി ആയും, "വൽവൽ" എന്ന ഓലനിലും, "ഗൽഗലി " എന്നാ തേങ്ങാപ്പാലൊഴിക്കാത്ത ഓലൻ പോലൊരു കറിയിലും , "പുളികൊജ്ജൽ" എന്ന പുളിങ്കറീയിലും ഒക്കെ. കൊച്ചി ഭാഗത്തുള്ള കൊങ്കണികൾ മത്തങ്ങാ ചേർത്ത് " ദുദ്ദിയെ കടമ്പ് "എന്ന് വിളിക്കുന്ന കിണ്ണത്തപ്പവും ഉണ്ടാക്കും. മത്തൻ അരച്ച് ദോശയുമുണ്ടാക്കും.
എന്തിനേറെ മുളകും ഉപ്പും കായവും പുരട്ടി മീൻ പൊരി പോലെ വറുത്തെടുക്കുന്ന മത്തങ്ങയ്ക്ക് ആരാധകർ ഏറെ. മത്തങ്ങ കുരു അടുക്കളയിലെ അടുപ്പിന്റെ അരികത്ത് വെച്ച് ഉണങ്ങി വരുമ്പോ പൊളിച്ചു തിന്നാൻ അന്നൊക്കെ വലിയ ഇഷ്ടമായിരുന്നു. ഇന്ന് അതും മാർക്കറ്റിൽ ലഭിക്കുന്നു. ഇതെല്ലാം കഴിഞ്ഞു ഉണങ്ങിയ മത്തങ്ങ ഞെട്ട് പോലും ഞങ്ങൾ കളയില്ല. എന്തിനെന്നല്ലേ...? ദോശക്കല്ലിൽ എണ്ണ തൂവി പുരട്ടാൻ ഇതിനോളം നല്ല സാധനം ഇല്ല എന്നാണ് പറയുക. എന്തായാലും മത്തങ്ങ പുരാണം പറഞ്ഞാലും പറഞ്ഞാലും തീരില്ല എന്നതാണ് വാസ്തവം.
ഇനി ഇന്നത്തെ രുചിയിലേക്ക്. ഇത് മത്തങ്ങ കൊണ്ടുള്ള ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവം, "ദുദ്ദി ഉപ്കരി ". ദുദ്ദി എന്നാൽ മത്തങയെന്നും ഉപ്കരി എന്നാൽ ഉപകറി ലോപിച്ച ഉപ്പേരി എന്നും അർത്ഥം. നല്ല വിളഞ്ഞ മത്തൻ ആണിതിനു ഉത്തമം. മംഗലാപുരം ഭാഗത്തൊക്കെ ഇതിൽ കരിമ്പ് കഷ്ണങ്ങളും ചേർക്കും. പ്രത്യേക രുചിയാണ് അപ്പോൾ. കഞ്ഞിക്കും ചോറിനുമൊക്കെ വിളമ്പാവുന്ന കറിയാണ്. എരിവും ഒരല്പം മധുരവും ഒക്കെ കാണും. മത്തങ്ങാപ്രേമികൾ തീർച്ചയായും ഉണ്ടാക്കി നോക്കേണ്ടതാണ്.
Also Read
ആവശ്യമുള്ള സാധനങ്ങൾ
- മത്തങ്ങ - 1/2 കിലോ
- പച്ചമുളക് - 4-5 എണ്ണം
- വറ്റൽ മുളക് - 3 -4എണ്ണം
- കായപ്പൊടി - 1/2 ടീസ്പൂൺ
- ശർക്കര - 1 ടേബിൾസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- വെളിച്ചെണ്ണ - 2-3 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
വിളഞ്ഞ മത്തങ്ങ ആണെങ്കിൽ തൊലി ചെത്തിക്കളഞ്ഞ് ചെറു ചതുര കഷ്ണങ്ങൾ ആക്കുക. പച്ചമുളക് നെടുകെ കീറുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും താളിക്കുക. ഇതിലേക്ക് പച്ചമുളക് ചേർത്തു നിറം മാറുന്ന വരെ വറുക്കുക. ഇതിലേക്ക് കായപ്പൊടീം ചേർത്ത് ഉടനെ തന്നെ മത്തങ്ങാ കഷണങ്ങൾ ചേർക്കാം. ഒന്ന് വഴറ്റിയതിനു ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ്, ശർക്കര എന്നിവ ചേർത്ത് ചെറുതീയിൽ അടച്ചു വെച്ച് വേവിയ്ക്കുക. വെള്ളം ഒട്ടും ചേർക്കേണ്ടതില്ല.അൽപ സമയത്തിനുള്ളിൽ തന്നെ മത്തങ്ങയിൽ നിന്നും വെള്ളം ഊറി വരുന്നതായിരിക്കും. മത്തങ്ങാ വെന്തു വന്ന ഉടനെ തീ ഓഫ് ചെയ്യുക .അല്പം ചാറു കിടക്കുന്നത് നന്നായിരിക്കും .
ശ്രദ്ധിക്കുക :
പച്ചമത്തങ്ങയാണെങ്കിൽ തൊലി കളയേണ്ടതില്ല
Content Highlights: recipe, food, konkani vasari, konkani food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..