കൊങ്കണി സ്റ്റൈൽ കൊഴുക്കട്ടയും സവാള ​ഗൊജ്ജുവും


2 min read
Read later
Print
Share

കൊങ്കിണി രുചിക്കൂട്ടുകൾ പങ്കുവെക്കുന്ന 'കൊങ്കണി വസ്സരി'

കൊഴുക്കട്ടയും സവാള ​ഗൊജ്ജുവും

വൈകിട്ടത്തേക്കുള്ള പലഹാരമായാണ് പണ്ടൊക്കെ വീട്ടിൽ കൊഴുക്കട്ട ഉണ്ടാക്കുക. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയൊക്കെ ആവുമ്പോഴേക്കും കൊഴുക്കട്ടകൾ നിറച്ച ഇഡ്ഡലിച്ചെമ്പ് അടുപ്പത്ത് കേറീട്ടുണ്ടാവും. പിന്നത് പാകമാകും വരെയുള്ള കാത്തിരിപ്പാണ്‌. അകത്ത് മധുരം നിറച്ചല്ല കൊങ്കണി സ്റ്റൈൽ കൊഴുക്കട്ട ഉണ്ടാക്കുക. പച്ചരിയും തേങ്ങയും അരച്ച്, കടുക് താളിച്ചതിലൊഴിച്ച് തിളപ്പിച്ച്‌ കുറുക്കി, ഉരുട്ടിയെടുത്ത് ആവിയിൽ വേവിയ്ക്കും. കൊങ്കണിയിൽ " ഉണ്ടി " എന്ന് പറയും.

കൂട്ടിന് മിക്കവാറും സവാളയും പുളിയും മുളകും കൂടെ ഞെരടിയതായിരിക്കും. കൊങ്കണിയിൽ ഇത്തരം കറികളെ പൊതുവായി "ഗൊജ്ജു " എന്നും വിളിക്കും. ചിലർ ഈ കൊഴുക്കട്ടയ്ക്കൊപ്പം സാമ്പാറും പരിപ്പുകറിയുമൊക്കെ ഉണ്ടാക്കുമെങ്കിലും, മറ്റൊരു തനത് കോമ്പിനേഷൻ ആയി വിളമ്പുന്നത് ശർക്കര പാനിയാണ്. പല വീടുകളിലും ഒരു കുഞ്ഞ് പാത്രത്തിൽ ശർക്കര പാനി കാച്ചിയത് കാണും. അതിതുപോലെ കൊഴുക്കട്ടയ്‌ക്കൊപ്പമോ ഇനി അത്യാവശ്യം ദോശയ്ക്കൊപ്പം ഒക്കെ കഴിക്കാനോ എടുക്കും.

അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന കൊഴുക്കട്ടയെക്കാളും കുറച്ചുകൂടി മൃദുവായിരിക്കും ഈ രീതിലുണ്ടാക്കുന്നവയ്ക്ക്. കടുകിന്റെയും ഉഴുന്നിന്റെയും ഉലുവയുടെയും ഒക്കെ മൂപ്പിച്ച ആ മണം കൂടെയാകുമ്പോൾ പിന്നെ പറയണ്ട. കൊഴുക്കട്ടയും സവാള ഗൊജ്ജുവും ഒന്ന് പരീക്ഷിച്ചു നോക്കൂ..

കൊഴുക്കട്ട

ചേരുവകൾ

  • പച്ചരി- 2 കപ്പ്
  • തേങ്ങ തിരുമ്മിയത് - രണ്ടര കപ്പ്‌
  • കടുക് , ഉഴുന്ന് , ഉലുവ - ഓരോ ടീസ്പൂൺ വീതം
  • വെളിച്ചെണ്ണ - 3 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

പച്ചരി കഴുകി രണ്ടോ മൂന്നോ മണിക്കൂർ കുതിർക്കാൻ വെയ്ക്കുക. ആദ്യം തേങ്ങ തിരുമ്മിയത് നല്ല പേസ്റ്റ് രൂപത്തിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് അരച്ചെടുക്കുക. ഇതിലേക്ക് പച്ചരി ഇട്ട് അല്പം തരുതരുപ്പായി അരച്ചെടുക്കണം (പച്ചരി കൂടുതൽ അരയരുത് ) ആവശ്യത്തിന് വെള്ളം ചേർക്കാം. ഈ അരച്ച മാവിലേക്ക് ഉപ്പും ചേർക്കാം.

ഇനി ഒരു ഉരുളിയോ പരന്ന പാനോ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. താളിക്കാനുള്ള കടുക് , ഉലുവ , ഉഴുന്ന് എന്നിവ ചേർത്ത് മൂപ്പിക്കുക. ഇനി അരച്ച് വെച്ച മാവ് ഇതിലേക്ക് ചേർത്ത് കൈ എടുക്കാതെ ചെറുതീയിൽ ഇളക്കുക. അഞ്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ അരപ്പ് കുറുകി വന്നു ബോൾ ഷേപ്പിൽ ആയിത്തുടങ്ങും. മാവ് കൂടുതൽ വറ്റിക്കേണ്ടതില്ല. ഉരുളകളാക്കാൻ പാകത്തിൽ എത്തുമ്പോൾ തീ ഓഫ് ചെയ്യാം. ചൂടോടെ തന്നെ കുഞ്ഞു ഉരുളകളാക്കുക. കൈത്തലം വെള്ളത്തിൽ നനച്ചു കൊണ്ട് ഉരുളകളാക്കിയാൽ ചൂട് അറിയില്ല.
ഇവ ഇഡ്ഡലി ചെമ്പിൽ വെച്ച് 15 - 20 മിനിറ്റുകൾ വരെ ആവി കയറ്റുക.

സവാള ഗൊജ്ജു

ചേരുവകൾ

  • സവാള ചെറുതായി അരിഞ്ഞത് - 2 എണ്ണം
  • ചുട്ട വറ്റൽ മുളക് - 4 എണ്ണം
  • വാളൻ പുളി പിഴിഞ്ഞത് - 1 ടേബിൾ സ്പൂൺ
  • ഉപ്പ് -ഒന്നര ടീസ്പൂൺ
  • പച്ചമുളക് - 2 എണ്ണം
  • വെളിച്ചെണ്ണ - 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം ഒരുമിച്ചു ചേർത്ത് കൈ കൊണ്ട് നന്നായി ഞെരടുക. ആവശ്യത്തിന് വെള്ളം ഒഴിക്കാം. മീതെ വെളിച്ചെണ്ണ ഒഴിക്കുക. വേണമെങ്കിൽ മുളക് വറുത്തെടുക്കുകയും ആവാം.

Content Highlights: konkani food, konkani food recipes, konkani food near me, konkani food names, konkani food list, malayalam recipe

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented