കേള്യാ തളാസൻ
പണ്ടൊക്കെ പച്ചക്കറികള്‍ കടകളില്‍ നിന്നും വാങ്ങുന്നത് കുറവായിരുന്നു. നമുക്കാവശ്യമുള്ള പച്ചക്കറികള്‍ നമ്മുടെ തൊടിയിലും പറമ്പിലും തന്നെ നട്ടുനനച്ച് വളര്‍ത്തുകയായിരുന്നു പതിവ്. അപ്രതീക്ഷിതമായ കാറ്റത്തും മഴയത്തും ഒടിഞ്ഞു വീണ വാഴകളിലെ മൂക്കാത്ത പിഞ്ചു കായക്കുലകളായാല്‍ പോലും സങ്കടപ്പെടാതെ, അതിലും വിവിധ രുചികള്‍ കണ്ടെത്തി ആശ്വാസം കണ്ടെത്തുമായിരുന്നു. അത്തരത്തിലെ ഒരു വിഭവമാണ് ഇന്നത്തെ കൊങ്കണി രുചിയായ 'കേള്യാ തളാസന്‍ '.
തളാസന്‍ അല്ലെങ്കില്‍ തളാസിനി എന്നത്, വെളുത്തുള്ളി ചുവക്കെ മൂപ്പിച്ച് എടുത്തതില്‍ പച്ചക്കറികള്‍ ചെറു തീയില്‍ പാകം ചെയ്‌തെടുക്കുന്ന മെഴുക്കുപുരട്ടികള്‍ക്ക് പൊതുവില്‍ പറയുന്ന കൊങ്കണി പേരാണ്. ഇവിടിപ്പോ പച്ചക്കായ ആയതു കൊണ്ടു കേള്യാ എന്നും കൂടെ പേരില്‍ ചേര്‍ക്കുന്നു. കോവയ്ക്ക, ബീന്‍സ്, കോളിഫ്‌ളവര്‍ ഒക്കെയാണ് പ്രധാനമായും ഇത്തരത്തില്‍ തളാസിനി ഉണ്ടാക്കാന്‍ തിരഞ്ഞെടുക്കുന്ന പച്ചക്കറികള്‍. ഇത്തരത്തില്‍ നിനച്ചിരിക്കാതെ മഴക്കാലത്ത് കിട്ടുന്ന കായക്കുലകള്‍ ആണെങ്കില്‍ രുചി പറയുകയേ വേണ്ട.
ചെറുപഴങ്ങളുടെ മൂപ്പെത്താത്ത കായകളാണ് ഇതിനു ഏറ്റവും ഉത്തമം. ഇതിന്റെ പ്രധാന വ്യത്യാസം ബീന്‍സ്, കോളിഫ്‌ളവര്‍ ഒക്കെപോലെ അരിഞ്ഞെടുക്കാറില്ല എന്നതാണ്. ഇതിനെ മുഴുവനോടെ ചതച്ചു എടുക്കുന്നതാണ് രീതി. തീരെ പിഞ്ചും ചെറുതുമാണെങ്കില്‍ ഞൊടിയിടയില്‍ പാകമാവുകയും ചെയ്യും. കൂടുതല്‍ വെന്തു കുഴഞ്ഞു പോവാതിരിക്കാനായിരിക്കാം ഇത്തരത്തില്‍ മുഴുവനോടെ ചതച്ചെടുക്കുന്നത്. ചതയ്ക്കുമ്പോള്‍ പൊടിഞ്ഞു പോകാതിരിക്കാന്‍ തൊലി ചീന്തി കളയുമ്പോ, മുഴുവനായും കളയാതെ, ഒന്നോ രണ്ടോ സ്ഥലത്തായിട്ട് നേര്‍ത്ത വീതിയില്‍ തൊലി നീക്കം ചെയ്യാതെയിരിക്കും. കഞ്ഞിക്കൊപ്പവും ചോറിനൊപ്പവും ഒക്കെ ഏറെ രുചികരമാണ് ഈ വിഭവം.
ആവശ്യമുള്ള സാധനങ്ങള്‍
- പിഞ്ചു പച്ചക്കായ - 10- 12 എണ്ണം
- കാശ്മീരി മുളക് പൊടി - 2- 3 ടീസ്പൂണ്‍
- വെളുത്തുള്ളി അല്ലികള്‍ മുഴുവനോടെ തൊലി കളയാതെ ചതച്ചത് - 6-8 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- കടുക് - 1 ടീസ്പൂണ്‍
- വെളിച്ചെണ്ണ- 3-4 ടീസ്പൂണ്‍
പച്ചക്കായകളുടെ തൊലി നീക്കം ചെയ്യുക. മുഴുവനായും തൊലി കളയരുത്. ഫോട്ടോയില്‍ കാണുന്ന പോലെ ഒരു നേര്‍ത്ത ഭാഗം എങ്കിലും കളയാതെ ബാക്കി വെയ്ക്കുക. അല്ലെങ്കില്‍ ചതച്ചെടുക്കുമ്പോള്‍ കായ മുഴുവനോടെ കിട്ടാതെ മുറിഞ്ഞു പോകും. ഇനി ഒരു ഇടികല്ല് കൊണ്ട് ഓരോ കായകളും പതുക്കെ ഇടിച്ചു ചെറുതായി ചതച്ചെടുക്കുക. ചതച്ച പച്ചക്കായകളില്‍ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് പുരട്ടി അരമണിക്കൂറോളം വയ്ക്കണം .
ഇനി ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. കടുക് മൂത്തു വരുമ്പോള്‍ വെളുത്തുള്ളിയും ചേര്‍ത്ത് ചെറുതീയില്‍ ഇളം ചുവപ്പ്‌നിറം വരും വരെ മൂപ്പിക്കുക. ഇതിലേക്ക് കായകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. അല്പം വെള്ളം തളിച്ച് കൊടുത്തു അടച്ചു വെച്ച് വേവിയ്ക്കുക. വളരെ പെട്ടെന്ന് വെന്തു വരുന്നതാണ്. വെന്തു വന്നതിനു ശേഷം ചെറുതീയില്‍ തന്നെ അല്പം നേരം കൂടെ ഇടയ്ക്കിടെ ഇളക്കികൊടുത്തു ഒരു മൊരിഞ്ഞ പരുവം കിട്ടും വരെ ഫ്രൈ ചെയ്യുക. പാകമാകുമ്പോള്‍ വാങ്ങി വെയ്ക്കാം. ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയുമൊക്കെ വിളമ്പാം.
Content Highlights: banana fry curry recipe, konkani food, food, konkani vasari
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..