ബട്ടാട്ടാ സോങ്ക്
ഏത് വിശേഷ അവസരങ്ങളിലെ സദ്യ ആവട്ടെ, നല്ല എരിവുള്ള ഒരു കൂട്ടാൻ എങ്കിലും കൊങ്കണി സദ്യകളിൽ നിർബന്ധമാണ്. അച്ചാറിനു പുറമെ ഉള്ള കറിയുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. അത്തരം അവസരങ്ങളിൽ മിക്കവാറും ഉണ്ടാക്കുന്ന വിഭവമാണ് ഉരുളക്കിഴങ്ങ് കൊണ്ടുള്ള "സോങ്ക്". ബട്ടാട്ടാ സോങ്ക് എന്നും പറയും. ബട്ടാട്ടാ ഉരുളക്കിഴങ്ങിനുള്ള കൊങ്കണി പ്രയോഗമാണ്.
സോങ്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ്. വളരെ കുറച്ചു ചേരുവകൾ മാത്രമാണെങ്കിലെന്താ രുചിയോട് കിട പിടിക്കാൻ ആവില്ല. ചോറിനൊപ്പം അല്ലാതെ ചപ്പാത്തിക്കൊപ്പവും ഇത് ഉണ്ടാക്കാറുണ്ട്.
ഇനി ഉരുളക്കിഴങ്ങ് കൊണ്ടല്ലെങ്കിൽ കൂർക്ക, കോവയ്ക്ക, മധുരക്കിഴങ്ങ് കൊണ്ടൊക്കെയും ഇതേ വിഭവം ഉണ്ടാക്കും. എന്തിനേറെ മീൻ വിഭവങ്ങളിൽ കല്ലുമ്മക്കായ കൊണ്ടും ഇതേ രീതിയിൽ സോങ്ക് പോലെ ഉണ്ടാക്കി എടുക്കാറുണ്ട്.
ചോറിനൊപ്പം ആണെങ്കിൽ പരിപ്പ് കറിയായിരിക്കും സോങ്ക്ന്റെ കൂടെ കൂടുതലും ഉണ്ടാവുക.
Also Read
പാചകരീതിയിലേക്ക്
ചേരുവകൾ
ഉരുളക്കിഴങ്ങ്- 3 ഇടത്തരം
കശ്മീരി മുളക് പൊടി- 4-5 ടീസ്പൂൺ
കായപ്പൊടി- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കടുക്- 1 ടീസ്പൂൺ
വെളിച്ചെണ്ണ- 2-3 ടീസ്പൂൺ
മല്ലിയില- അല്പം
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് കുക്കറിൽ പുഴുങ്ങി എടുത്തു ശേഷം തൊലി കളയുക. ബേബി പൊട്ടറ്റോ ആണെങ്കിൽ മുഴുവനോടെയും സാദാ ഉരുളക്കിഴങ്ങ് ആണെങ്കിൽ ഇത്തിരി വലിയ കഷ്ണങ്ങളാക്കിയും മുറിക്കുക. ഇതിലേക്ക് മുളകുപൊടിയും ഉപ്പും കായപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി ഒരു പരന്ന നോൺസ്റ്റിക് പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. തീ കുറച്ചതിന് ശേഷം ഇതിലേക്ക് മാരിനേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് ചേർക്കുക. ഇളക്കി ചെറുതീയിൽ തന്നെ ഒരു പത്തു പതിനഞ്ചു മിനിറ്റുകളോളം വെച്ച് പുറം ഭാഗം നല്ല മൊരിഞ്ഞ രീതിയിൽ കിട്ടുമ്പോൾ മല്ലിയില ചേർത്ത് വാങ്ങി വെയ്ക്കാം.
ശ്രദ്ധിക്കുക, മഞ്ഞൾപ്പൊടിയോ കറിവേപ്പിലയോ ഒന്നും ചേർക്കേണ്ടതില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..