കേള്യ ഗൊജ്ജു
ഏതൊരു സദ്യയിലും എരിവും പുളിക്കുമൊപ്പം ഒരല്പം മധുരക്കറി കൂടെ ഇല്ലേല് അതൊരു പൂര്‍ണത ആവില്ല. പരിപ്പും കൂട്ടുകറീം തോരനും ഉപ്പേരിയും ഒക്കെ പോലെത്തന്നെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വിഭാഗമാണ് പച്ചടികള്‍. കൊങ്കണി സദ്യകളിലും പച്ചടികള്ക്കൊപ്പം തന്നേ ഏറെ ആസ്വദിക്കുന്ന ഒരു വിഭവമാണ് 'ഗൊജ്ജു'കള്‍.
ഗൊജ്ജു എന്നത് മിക്കവാറും കൈകൊണ്ട് ഞെരടി എടുക്കുന്ന കറികളെ ആണ് വിളിക്കുക. എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റും എന്നതാണ് സവിശേഷത. ചിലത് പാകം ചെയ്യാതെയും മറ്റ് ചിലത് പച്ചക്കറികള്‍ കനലില്‍ ചുട്ടെടുത്തും പുഴുങ്ങിയും ശേഷം ഉടച്ചെടുത്തും ഗൊജ്ജു തയ്യാറാക്കും. കത്തിരിക്ക ആണെങ്കില്‍ കനലില്‍ ചുട്ടും, ഇലുമ്പന്‍ പുളിയോ പച്ചമാങ്ങയോ ആണെങ്കില്‍ പുഴുങ്ങിയും, ഇനി വെറുതെ സവാള, വെളുത്തുള്ളി ഒക്കെ ആണേല്‍ പച്ചയ്ക്ക് ഞെരടി ഉടച്ചും വിവിധ തരം ഗൊജ്ജുകള് കൊങ്കണികള്‍ ഉണ്ടാക്കും.
ഇത്തരത്തില്‍ അതീവ രുചികരമായ ഒരു ഗൊജ്ജു ആണിന്നു പരിചയപ്പെടുത്തുന്ന വിഭവം. ഇത് 'കേള്യ ഗൊജ്ജു' അല്ലെങ്കില്‍ പഴം ഉടച്ചത്. രസകദളിയോ പൂവന് പഴമോ പോലുള്ള ഏത് ചെറുപഴം വേണെങ്കിലും ആവാം. എന്നാല്‍ മറ്റു ഗൊജ്ജു വില്‍നിന്നും പ്രത്യക്ഷമായ മാറ്റം ഇതിലെ പ്രധാന ചേരുവയായ തേങ്ങാപ്പാലാകുന്നു. ഇത് പാകം ചെയ്യാറുമില്ല. ഒരല്പം എരിവും മധുരവും കൂടെ ചെറുപഴത്തിന്റെ തനത് രുചിയും കൂടെ ചേരുമ്പോള്‍ ഈ കേള്യ ഗൊജ്ജു ഏറെ വിശിഷ്ടമാകുന്നു. കുട്ടികള്‍ ഇതിന്റെ പ്രധാന ആരാധകര്‍ ആവാന്‍ ഇതൊക്കെ തന്നെയാണ് കാരണങ്ങള്‍.
ചേരുവകള്‍
- ചെറുപഴം - 5-6 എണ്ണം
- പച്ചമുളക് - 3-4 എണ്ണം
- തേങ്ങാപ്പാല്‍ - 1 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- പഞ്ചസാര - 1-2 ടീസ്പൂണ്‍
- കടുക് - 1 ടീസ്പൂണ്‍ 7.കറിവേപ്പില 1 കതിര്‍പ്പ്
- വറ്റല്‍ മുളക് - 2 എണ്ണം
- വെളിച്ചെണ്ണ - 1-2 ടീസ്പൂണ്‍
Also Read
പഴവും പച്ചമുളകും വട്ടത്തില്‍ അല്പം കനം കുറഞ്ഞു അരിയുക.
ഇവ കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. തേങ്ങാപ്പാലിനു ഒന്നാം പാലെന്നോ രണ്ടാം പാലെന്നോ വേര്‍തിരിവ് ഇല്ലാതെ രണ്ടും ഒരുമിച്ചു തന്നേ ചേര്‍ക്കാവുന്നതാണ്. ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും ചേര്‍ത്തു ഇളക്കി വെയ്ക്കുക. കടുക് കറിവേപ്പില വറ്റല്‍മുളക് എന്നിവ താളിച്ചു ചേര്‍ക്കാം.
ശ്രദ്ധിക്കുക, ഇത് ചൂടാക്കാറില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..