രു നര്‍ത്തകിയുടെ കേക്ക്, ഈ അടുത്ത് ഞാന്‍ ചെയ്ത ഒരു കേക്കിനിട്ട പേരാണിത്. മകള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു കേക്കായിരിക്കണം എന്ന ഡിമാന്‍ഡില്‍ ആണ് ആ അച്ഛനും അമ്മയും എന്നെ സമീപിച്ചത്. മകളുടെ കുറച്ചു ഫോട്ടോസ് എനിക്ക് അയച്ചു തരാന്‍ ഞാന്‍ പറഞ്ഞു. അവര്‍ അയച്ചു തന്ന ഫോട്ടകളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് വിടര്‍ന്ന നൃത്തം ചെയ്യുന്ന അവളുടെ ചിത്രമാണ്. ഡാന്‍സിനെ ജീവനോളം സ്‌നേഹിക്കുന്ന ശ്രേയക്കു ഇതില്‍പരം സന്തോഷം വേറെ എന്തുണ്ടാക്കിയാല്‍ കിട്ടും. നര്‍ത്തകിയുടെ കേക്ക് എന്ന് ഞാന്‍ പേരിട്ട കേക്കിന്റെ പിറവി അങ്ങനെയായിരുന്നു.

കേക്കിന്റെ ഡിസൈന്‍ ഏകദേശം മനസ്സില്‍ ഉറച്ചപ്പോ ഏതു ഫ്‌ലേവറില്‍ കേക്ക് ഉണ്ടാക്കണം എന്നായി അടുത്ത ചിന്ത. അതും ശ്രേയയുടെ ഇഷ്ടത്തിന് തന്നെ വിട്ടു. ശ്രേയക്കു ഏതു കേക്ക് ആണ് ഇഷ്ടമെന്ന് ചോദിച്ചപ്പോ വാനിലയും ചോക്ലേറ്റും ഒരേ പോലെ ഇഷ്ടമെന്ന് ശ്രേയയുടെ അമ്മ പറഞ്ഞു. എന്നാല്‍ രണ്ടും കൂടെ ഒരു വന്‍ചോ കേക്ക് ഉണ്ടാക്കാം എന്ന് ഞാന്‍ അങ്ങ് തീരുമാനിച്ചു. വാനിലയും ചോക്ലേറ്റ് കേക്കും ഒാവനില്‍ തയ്യാറാക്കാന്‍ വെച്ച് ഞാന്‍ നര്‍ത്തകിയെ ഉണ്ടാക്കാന്‍ തുടങ്ങി. 

ശ്രേയയുടെ ഡാന്‍സ് ഫോട്ടോയുടെ ഒരു പ്രിന്റ് ഔട്ട് എടുത്തു മുന്നില്‍ വെച്ചു. അവളുടെ കണ്ണുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു അതിന്റെ മനോഹാരിത ഒട്ടും ചോര്‍ന്നു പോകാതെ ഒരു ഡിസൈന്‍ തയ്യാറാക്കാന്‍ ഞാന്‍ ശ്രമം തുടങ്ങി. ആ മുഖഭാവം പകര്‍ത്താനും. അതില്‍ ഞാന്‍ കുറച്ചൊക്കെ വിജയിച്ചെന്നു പിന്നീട് കിട്ടിയ കമന്റ്‌സില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലായി.

കേക്ക് എത്തിക്കേണ്ട സ്ഥലം അടുത്തൊന്നും ആയിരുന്നില്ല. നൂറുകിലോമീറ്ററുകള്‍ പിന്നിട്ട് മരുഭൂമികള്‍ താണ്ടി ഒരു ബീച്ച് സൈഡില്‍ എത്തണം. അതുകൊണ്ട് കേക്ക് ഉണ്ടാക്കുമ്പോ സാധാരണയില്‍ കവിഞ്ഞ് ശ്രദ്ധ വേണം. ചെയ്യുന്ന ഓരോ കാര്യങ്ങളും അത്രയ്ക്കും ഉറപ്പുള്ളതും ദൃഢവുമായിരിക്കണം. ഞാന്‍ കളിക്കുന്നതോ ഒരു ചെറുവിരല്‍ തുമ്പു തൊട്ടാല്‍ തകര്‍ന്നു പോകുന്ന കേക്കിലും. ആ ടെന്‍ഷനും ആശങ്കയുമെല്ലാം അനുഭവിച്ചാലേ മനസ്സിലാവൂ.

Cake
Image Courttesy : Sruthi Nishanth

പറഞ്ഞുവന്നതെന്താണെന്നു വെച്ചാല്‍ നര്‍ത്തകിയുടെ ആ പോസ് അതെ പോലെ കോപ്പി ചെയ്യാന്‍ പറ്റില്ല അവളുടെ കൈ തൊട്ടു കേക്ക് ബോര്‍ഡ് വരെ നല്ലൊരു സപ്പോര്‍ട്ട് കൊടുക്കണം. കൈയുടെ പോസ് അതെ പോലെ മുകളിലേക്കെടുത്താല്‍ പൊട്ടി പോകാന്‍ സാധ്യതയുണ്ട് അത് കൊണ്ട് റിസ്‌ക് എടുത്തില്ല. ഷുഗര്‍ പേസ്റ്റില്‍ അവളുടെ മുഖവും ഡാന്‍സ് കോസ്റ്റിയൂംസും എല്ലാം അതേ പോലെ പകര്‍ത്തി. അവളുടെ ആഭരണങ്ങള്‍ മുതല്‍ ഹെയര്‍ സ്റ്റൈല്‍ വരെ ഞാന്‍ എന്റെ 'ഷുഗര്‍ ഡാന്‍സറി'നും ചെയ്തു കൊടുത്തു. മുഖത്തെ ചമയങ്ങള്‍ ഉള്‍പ്പടെ. മേക്കപ്പെല്ലാം കഴിഞ്ഞ എന്റെ നര്‍ത്തകിക്ക് ഇനി വേണ്ടത് ഒരു സ്റ്റേജാണ്. അത് റൈസ് ക്രിസ്പീസും മാര്‍ഷ്മാലോസും കൂടെ മിക്‌സ് ചെയ്തുണ്ടാക്കി. അങ്ങനെ കേക്കും,സ്റ്റേജും,നര്‍ത്തകിയും റെഡിയായി. 

ഇനിയാണ് ഞാന്‍ പേടിച്ചിരുന്ന കാര്യം. നര്‍ത്തകിയെ ഒരു കേടുംകൂടാതെ ശ്രേയയുടെ അടുത്തെത്തിക്കുക. പാക്കിങ്  ആന്‍ഡ്  ഡെലിവറി ഹസ്ബന്റിന്റെ ഡിപാര്‍ട്ട്‌മെന്റ് ആണ്. സാധാരണ അവിടെ ഏല്‍പ്പിച്ചാല്‍ പിന്നെ എന്റെ പണി കഴിഞ്ഞു. ബാക്കിയെല്ലാം മൂപ്പര്  നോക്കിക്കോളും. പക്ഷെ ഇപ്രാവശ്യം അങ്ങനെയല്ലല്ലോ കാര്യം കുറച്ചു ഗൗരവമുള്ളതാണ്. ഒടുവില്‍ കേക്കും നര്‍ത്തകിയെയും രണ്ടായി പാക്ക് ചെയ്യാന്‍ തീരുമാനിച്ചു. നര്‍ത്തകിയെ സ്റ്റേജില്‍ ഉറപ്പിച്ച് പ്രത്യേകം പാക്ക് ചെയ്തു. 

അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങി. മുന്‍സീറ്റില്‍ കുലുക്കം കുറവാണെന്നു പറഞ്ഞു യാത്രക്കിടയില്‍ നര്‍ത്തകിയെ പപ്പയ്ക്ക് കൈമാറി. പക്ഷെ ഓഫ്റോഡില്‍ അധികദൂരം പോയില്ല, 'മോളെ ഇവള്‍ ഇവിടുന്നു ഭയങ്കരായിട്ടു ഡാന്‍സ് ചെയുന്നു ടെന്‍ഷന്‍ അടിച്ചു എനിക്ക് മര്യാദക്ക് ഇരിക്കാന്‍ പറ്റുന്നില്ല ഇവളെ നീ തന്നെ നോക്കിക്കോ' എന്നും പറഞ്ഞ് പപ്പ കേക്ക് എന്റെ കൈയിലേക്ക് തന്നെ തിരിച്ചുതന്നു. എന്റെ കൈയില്‍ എത്തിയിട്ടും ഡാന്‍സിന് ഒരു കുറവുമില്ല. കാര്‍ മരുഭൂമിയിലെ ഓരോ മണല്‍ കൂമ്പാരങ്ങള്‍ കയറി ഇറങ്ങുമ്പോഴും എന്റെ നര്‍ത്തകി ഡാന്‍സ് തന്നെ ഡാന്‍സ്. എന്റെ ഹൃദയമാണെങ്കില്‍ അവളുടെ ഡാന്‍സിന് താളമെന്ന പോലെ പടപടാന്ന് മിടിക്കാനും തുടങ്ങി. 

അങ്ങനെ ടെന്‍ഷനടിച്ച് ടെന്‍ഷനടിച്ച് ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി. എത്തിയപാടെ കാറില്‍ വെച്ച് തന്നെ സെപ്പറേറ്റ് പാക്ക് ചെയ്ത നര്‍ത്തകിയെ കേക്കില്‍ ഉറപ്പിച്ചു. കേക്കും കൊണ്ട് ഞാന്‍ ശ്രേയയ്ക്കു അരികിലെത്തിയപ്പോ അവളുടെ കണ്ണുകളില്‍ കണ്ട സന്തോഷവും ആശ്ചര്യവും എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. എന്റെ എല്ലാ പ്രയത്‌നങ്ങളും വിജയിച്ച നിമിഷം. കേക്കുകൈമാറുമ്പോള്‍ വാങ്ങിക്കുന്നവരുടെ മുഖത്ത് കേക്ക് കാണുമ്പോഴുണ്ടാകുന്ന സന്തോഷം തന്നെയാണ് എനിക്ക് എന്നും വലുത്. അവര്‍ ഹാപ്പി ആയാല്‍ ഞാനും ഹാപ്പി.

കേക്കുമുറിക്കാനായി ശ്രേയയും കൂട്ടുകാരും എല്ലാവരും മേശക്കു ചുറ്റും നിന്നു. കേക്കിലതാ ശ്രേയ നില്‍ക്കുന്നു എന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ ഒച്ചപ്പാടുതുടങ്ങി. കേക്ക് മുറിക്കാന്‍ സമയമായിട്ടും 'ഇത് എങ്ങനെയാ മുറിക്കുക തോന്നുന്നില്ലല്ലോ' എന്നും പറഞ്ഞു കുറേ നേരം കേക്കുനോക്കി അവരൊക്കെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അനുഭവിച്ച ത്രില്‍..

വാല്‍ക്കഷണം :  അവര്‍ എന്റെ നര്‍ത്തകിയെ മുറിച്ചില്ലാട്ടോ. ഷുഗര്‍ കൊണ്ടുണ്ടാക്കിയതാണെങ്കിലും കഴിക്കാന്‍ പറ്റുന്നതാണെങ്കിലും അത് നന്നായി സൂക്ഷിച്ചാല്‍ കേടാവില്ല. വര്‍ഷങ്ങളോളം കേടാകാതെ ഇരിക്കും. നര്‍ത്തകിയെ സ്റ്റേജോടു കൂടി ഒരു ഗ്ലാസ് ബോക്‌സിലാക്കി അവരത് സൂക്ഷിച്ചിരിക്കുകയാണെന്ന് പിന്നീട് പറഞ്ഞു. എപ്പോഴും മധുരമുള്ള ഒരോര്‍മയായി അതവിടെ ഇരിക്കട്ടെ എന്നും..

Content Highlights: beautiful ways to decorate cake, cake making, cake recipes, Cake decorating