പിറന്നാൾ ആഘോഷത്തിന് ഒരു പരീക്ഷണം പോലെ ചെയ്ത കേക്കാണ് നിഖിതയുടെ ജീവിതം മാറ്റി മറിച്ചത്. എൻജിനീയറിങ് പൂർത്തിയാക്കി ടെക്നോ പാർക്കിൽ എച്ച്.ആർ. എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നതിനിടയിലാണ് വീട്ടിലെ ഒരു പിറന്നാൾ ആഘോഷത്തിന് നിഖിത ഒരു കിടിലൻ കേക്കുണ്ടാക്കിയത്. കഴിച്ചവരെല്ലാം അടിപൊളിയായി എന്ന്‌ പറഞ്ഞതോടെ കേക്ക് നിർമാണത്തിൽ ആത്മവിശ്വാസം കൂടി.

കേക്കിന്റെ രുചിയും അതിന്റെ ഡിസൈനിങ്ങിലുമായിരുന്നു എല്ലാവർക്കും താത്‌പര്യം. പൂർണമായും കൈകൊണ്ട് ഡിസൈൻ ചെയ്തെടുത്തതായിരുന്നു കേക്ക്. ഒരിക്കലും കേക്ക്നിർമാണം ഒരു ബിസിനസായി നിഖിത കണ്ടിരുന്നില്ല. കഴിച്ചവരെല്ലാം പിന്നീട് കേക്കുണ്ടാക്കി നൽകാൻ നിർബന്ധിച്ചു.

അങ്ങനെയാണ് കേക്ക്നിർമാണം ചെറിയൊരു ബിസിനസാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. ഓർഡർ കൂടിവന്നതോടെ പിന്നെ ഒന്നും ആലോചിച്ചില്ല, വീട്ടുകാരുടെ പിന്തുണയോടെ േജാലി രാജിവെച്ച് പൂർണമായും കേക്ക്നിർമാണം തുടങ്ങി.

“ലവ് ആൻഡ്‌ ബട്ടർ” എന്ന പേജിലൂടെയാണ് വിൽപ്പന. ആവശ്യക്കാർക്ക് പേജ് വഴി ഓർഡർ നൽകിയാൽ മതി കേക്ക് വീട്ടിലെത്തും. രൂപങ്ങളൊക്കെ നിർമിക്കുന്നതിനാൽ കൂടുതൽ സമയമെടുക്കും. ചോറ്-മീൻകറി, കോഴി, സാന്റാ, പൂക്കൾ എന്നിങ്ങനെ വിവിധ ഡിസൈനുകളിലാണ് കേക്ക് നിർമാണം.

ഫോറസ്റ്റ് കേക്ക്, ഫോട്ടോ പ്രിന്റ് കേക്ക്, ബാർബി ഡോൾ കേക്ക്, ഗ്രീൻ ആപ്പിൾ കേക്ക് വാൻചോ കേക്ക്, വൈറ്റ് ഫോറസ്റ്റ് കേക്ക്, ന്യൂട്ടെല്ല ട്രഫിൾ കേക്ക്, ടു ടയർ കേക്ക്, ഫ്ലവർ ബാസ്കറ്റ് കേക്ക്, വിവിധയിനം കപ്പ് കേക്കുകൾ, ആന്റി ഗ്രാവിറ്റി കേക്ക് എന്നു വേണ്ട ആവശ്യാനുസരണം ഏതുതരത്തിലുള്ള കേക്കും ഉണ്ടാക്കി നൽകും.

cake

ജോലി രാജിവെച്ച് കേക്കുണ്ടാക്കാനിറങ്ങിയപ്പോൾ ചെറിയ ആശങ്കയുണ്ടായിരുന്നു. അമ്മയുടെ പാചകം കണ്ട് കുട്ടിക്കാലംതൊട്ട് ബേക്ക് ചെയ്യുന്നത് പതിവായിരുന്നു. പക്ഷേ അത് ഒരു ബിസിനസായി മാറുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ലെന്ന് നിഖിത പറയുന്നു. തിരുവനന്തപുരം സ്വദേശിയായ നിഖിത വിവാഹം കഴിഞ്ഞ് കൊല്ലത്തെത്തിയതോടെ ഭർത്താവ് അച്ചുബേബി ജോണും കേക്ക് നിർമാണത്തിൽ പൂർണപിന്തുണ നൽകി.

കേക്കിനാവശ്യമായ കളറുകൾ എല്ലാം വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതിചെയ്താണ് ഉപയോഗിക്കുന്നത്. അതിനാൽ ചെറിയ കുട്ടികൾക്കുപോലും നൽകാൻ കഴിയും. ഹാൻഡ്‌ മേഡായിത്തന്നെ കേക്കുകളുണ്ടാക്കുന്നതിനാൽ നിഖിതയുടെ കേക്കുകൾക്ക് ഡിമാൻഡും കൂടുതലാണ്.

പിറന്നാളിന് മാത്രമല്ല വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമെല്ലാം ഓർഡർ നൽകിയാൽ കിടിലൻ കേക്ക് വീട്ടിലെത്തും. ഹൈസ്കൂൾ ജങ്‌ഷന് സമീപം ഓലയിൽ വയലിൽ വീട് 122 എ.യിലാണ് താമസം. സ്ട്രക്ചറൽ കേക്കും ആന്റിഗ്രാവിറ്റി കേക്കുമാണ് കൂടുതൽ ചെലവേറിയതെന്ന് നിഖിത പറയുന്നു.

കപ്പ് കേക്കിൽ ഹാന്റ് പെയിന്റ്‌ ചെയ്തും നൽകുന്നുണ്ട്. ഓയിലും ആർട്ടിഫിഷൽ ഫ്ലേവേഴ്സും ഒന്നുംതന്നെ കേക്കിൽ ഉപയോഗിക്കാറില്ല. വെഡ്ഡിങ്‌ കേക്കിൽ ഉപയോഗിക്കുന്ന ഫ്‌ളേവേഴ്‌സ്‌ എല്ലാംതന്നെ കൈകൊണ്ട് ഉണ്ടാക്കുകയാണ്.

രണ്ടും മൂന്നും ലെയർ വരുന്ന കേക്കിന് പതിനായിരം രൂപയ്ക്ക് മുകളിലാണ് വില. ഡിസൈനും വർക്കും അനുസരിച്ചാണ് കേക്കിന്‍റെ വില ഈടാക്കുന്നത്.

cake

ക്രിസ്മസിന് തയ്യാറാക്കാം ഡേറ്റ് ആൻഡ്‌ വോൾനട്ട് കേക്ക്

ഈന്തപ്പഴം കുരുകളഞ്ഞത്-300 ഗ്രാം

ചൂട് വെള്ളം-200 മില്ലി, സോഡാ ബൈ

കാർബണേറ്റ് -ഒരു ചെറിയ സ്പൂൺ

മൈദ-225 ഗ്രാം, ബേക്കിങ്ങ് പൗഡർ-മുക്കാൽ ചെറിയ സ്പൂൺ

വെണ്ണ-170 ഗ്രാം, പഞ്ചസാരപൊടിച്ചത്-225 ഗ്രാം

മുട്ട- നാല്,

വാനില എസ്സൻസ്-രണ്ടു ചെറിയ സ്പൂൺ

വോൾനട്സ്-150 ഗ്രാം

പാകം ചെയ്യുന്ന വിധം

ഓവൻ 150 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക. ഈന്തപ്പഴം പൊടിയായി അരിഞ്ഞു രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു മണിക്കൂർ വയ്ക്കണം. മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക. വെണ്ണയും പഞ്ചസാരയും നന്നായി അടിച്ചു മയപ്പെടുത്തിയശേഷം മുട്ട ഓരോന്നായി ചേർത്തടിക്കണം. ഓരോ മുട്ട ചേർത്തശേഷവും നന്നായി അടിച്ചു യോജിപ്പിക്കണം. ഇതിലേക്കു വാനില എസ്സൻസ് ചേർത്തിളക്കുക. ഈന്തപ്പഴം കുതിർത്തതിൽ വോൾനട്സ് ചേർത്തിളക്കി വയ്ക്കണം. ഈന്തപ്പഴമിശ്രിതവും അൽപ്പാൽപ്പം വീതം ഇടവിട്ടു മെല്ലെ ചേർത്ത് യോജിപ്പിക്കുക. ഇനി വെണ്ണ-മുട്ട മിശ്രിതത്തിലേക്ക് മൈദ മിശ്രിതവും ഈന്തപ്പഴ മിശ്രിതവും ചേർത്തു യോജിപ്പിക്കുക. ഈ മിശ്രിതം പേപ്പറിട്ട ടിന്നിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽവെച്ച് 45 മിനിറ്റ്-ഒരു മണിക്കൂർ ബേക്ക് ചെയ്യുക.

content highlight: cake making and mixing